നോ ടെന്‍ഷന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

1959 ജനുവരി 25-ന് ഒരു സവിശേഷതയുണ്ട്. അന്നാണ് വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

സൂനഹദോസിനെക്കുറിച്ചുള്ള ആകുലതയാല്‍ ആ രാത്രി പാപ്പയ്ക്ക് ശരിക്കും ഉറങ്ങാനായില്ല. അദ്ദേഹം അല്പസമയം പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥനയ്ക്കിടയില്‍ തന്നോട് സംസാരിക്കുന്ന ദൈവസ്വരം അദ്ദേഹം കേട്ടു. “ആഞ്ചലോ…” (അതാണ് ജോണ്‍ 23-ാം പാപ്പയുടെ യഥാര്‍ത്ഥ പേര്).

“എന്തോ?”

“നിന്റെ മനസ് കലുഷിതമാണല്ലോ! എന്തുപറ്റി?”

“ഈശോയേ, മനസു നിറയെ സൂനഹദോസിനെക്കുറിച്ചുള്ള ചിന്തകളാണ്. കാര്യങ്ങള്‍ എങ്ങനെ ക്രമീകരിക്കും എന്ന ആകുലത എന്നെ വേട്ടയാടുന്നു.”

“രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആശയം ആരുടേതാണ്? എന്റേതോ അതോ നിന്റേതോ..?” ക്രിസ്തു വീണ്ടും ചോദിച്ചു.

“തീര്‍ച്ചയായും അങ്ങയുടേതാണ്. അങ്ങ് പറഞ്ഞിട്ടാണല്ലോ ഞാന്‍ അത് പ്രഖ്യാപിച്ചത്?”

“ആ ഉറപ്പ് ഇപ്പോഴും നിനക്കുണ്ടെങ്കില്‍ നീ എന്തിന് ആകുലചിത്തനാകണം? എന്നില്‍ വിശ്വസിച്ച് ശാന്തമായി ഉറങ്ങുക.”

ക്രിസ്തുവിന്റെ ആ ഉറപ്പില്‍ ആഞ്ചലോ സുഖമായി ഉറങ്ങി. പിന്നീട് വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ചുള്ള ആകുലത പാപ്പയെ അലട്ടിയിട്ടില്ലത്രെ. ചെറുതും വലുതുമായ ആകുലതകളാല്‍ വലയുന്നവരാണ് നമ്മളും. ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ നമുക്കും നിദ്രയില്ലാരാത്രികള്‍ സമ്മാനിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ക്രിസ്തുവിന്റെ സ്വരം ശ്രവിക്കാനായാല്‍ നമുക്ക് ലഭിക്കുന്ന ആശ്വാസം എത്ര വലുതായിരിക്കും?

“ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ16:33) എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ നമുക്ക് കരുത്ത് പകരട്ടെ.

എത്ര വലിയ പ്രതിസന്ധിയിലും അനുഗ്രഹപ്പൂക്കുടയുമായി ചാരെയെത്തുന്ന ഒരു ദൈവമുണ്ടെന്ന് നമുക്ക് വിശ്വസിക്കാം. അവിടുന്ന് ഒരിക്കലും നമ്മെ അനാഥരായി വിടുകയില്ല.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.