നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം – രണ്ടാം ദിനം: വി. ജെയ്മി ഹിലാരിയോ ബാർബൽ

“പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എൻ്റെ നേട്ടമാണ്,” -വി. ജെയ്മി ഹിലാരിയോ ബാർബൽ (1898-1937). സ്പെയിനിലെ കറ്റലോണിയയിൽ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 97 ലാസാലേ (LaSalle) സഹോദരന്മാരിൽ ഒരാളാണ് വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ.

വി. ജെയിം ഹിലാരിയോ ബാർബൽ, സ്പെയിനിലെ പൈറീനീസിൽ (Pyreness) ദൈവ വിശ്വാസമുള്ള ഒരു കുടുംബത്തിൽ ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹവുമായി സെമിനാരിയിൽ പ്രവേശിച്ചെങ്കിലും, കേൾവി സംബന്ധമായ പ്രശ്നങ്ങൾ കാരണം വീട്ടിലേക്കു തിരികെ പോകേണ്ടി വന്നു. പിന്നീട് 19-ാം വയസ്സിൽ,Institute of the Brothers of the Christian Schools എന്ന സന്യാസ സഭയിൽ ചേർന്നു. അധ്യാപകനും മത പഠനവിദഗ്ദനുമായി ജോലി തുടർന്ന ജെയിമിൻ്റെ കേൾവി 1930 -കളുടെ തുടക്കത്തിൽ കൂടതൽ വഷളായി തുടർന്നു. സ്പെയിനിലെ ടാരഗോണയിലെ (Tarragona) സാൻ ജോസിലെ ലാസല്ലെ ഹൗസിന്റെ പൂന്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി.

1936 ജൂലൈയിൽ സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും മതാധ്യാപകരെ ജയിലിൽ അടയ്ക്കുകയും ചെയ്തു. താൻ ഒരു പൂന്തോട്ട ജോലിക്കാരനാണന്നു പറഞ്ഞിരുന്നെങ്കിൽ ജെയ്മിക്കു രക്ഷപ്പെടാമായിരുന്നു. പക്ഷേ താൻ ഒരു സന്യാസ സഹോദരനാണന്നു സധൈര്യം പറഞ്ഞതിനാൽ ജെയ്മിയെ തടവിലാക്കുകയും 1937 ജനുവരി 15 -ന് വധശിക്ഷയ്ക്കു വിധിക്കുയും ചെയ്തു.
വി. ജെയ്മി ഹിലാരിയോ ബാർബലിനൊപ്പം പ്രാർത്ഥിക്കാം…
വിശുദ്ധ ജെയ്മി, എൻ്റെ വിശ്വാസത്തെ മറ്റുള്ളവർ കളിയാക്കുമ്പോൾ വിശ്വാസത്തെ പുറത്തു പറയാതിരിക്കാനുള്ള പ്രലോഭനങ്ങൾ ഉണ്ടാവുകയും പലപ്പോഴും അതിൽ ഞാൻ വീണുപോവുകയും ചെയ്യുന്നു. നോമ്പിൻ്റെ ദിനങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസം സധൈര്യം പ്രഘോഷിക്കാനുള്ള ആർജ്ജവത്വം നിന്നിൽ നിന്നു ഞാൻ സ്വന്തമാക്കട്ടെ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.