
പതിനാലാം നൂറ്റാണ്ടിലെ ഒരു ശാസ്ത്രജ്ഞനും തത്വചിന്തകനും ആയിരുന്നു ഫ്രാൻസിലെ ആറസ് രൂപതയിലെ വൈദികനായിരുന്ന ജീൻ ബുറിഡിയൻ. പാരീസ് സർവ്വകലാശാലയിലെ അധ്യാപകനും തർക്കശാസ്ത്രത്തിലും അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങളിലും ആഴമായ പാണ്ഡിത്യവുമുണ്ടായിരുന്ന ഇദ്ദേഹം, യൂറോപ്പിൽ ‘കോപ്പർനിക്കൻ വിപ്ലവ’ത്തിന് വിത്തുപാകിയ ചിന്തകരിൽ ഒരാളാണ്. അദ്ദേഹം എഴുതിയ ‘തർക്കശാസ്ത്രത്തിന്റെ സംഗ്രഹം’ (Summulae de dialectica) എന്ന കൃതി പുതുമയുള്ളതും ആധുനികതയിലേക്ക് വഴിതുറക്കുന്നതുമായിരുന്നു.
ഫ്രാൻസിലെ പിക്കാർഡി നഗരത്തിനടുത്തുള്ള ബത്തൂണെ ഗ്രാമത്തിലാണ് ജീൻ ബുറിഡിയൻ ജനിച്ചത്. പാരീസിലെ ലെമൊയ്‌നെ കോളേജിലെ പഠനത്തിനു ശേഷം അദ്ദേഹം പാരീസ് സർവ്വകലാശാലയിൽ ഉന്നതപഠനത്തിന് ചേർന്നു. മാസ്റ്റർ ബിരുദം ഉന്നത നിലയിൽ പൂർത്തിയാക്കിയ ജീൻ ബുറിഡിയൻ അവിടെത്തന്നെ പഠിപ്പിക്കാൻ ആരംഭിച്ചു. സാവധാനം അദ്ദേഹം പാരീസ് സർവ്വകലാശാലയുടെ റെക്ടർ പദവിയിൽ വരെ എത്തി. എ.ഡി. 1358-ൽ വിദ്യാർത്ഥികളുടെ ഇടയിലുണ്ടായ ഒരു തർക്കം പരിഹരിക്കാൻ ഇടപെടുന്നതായിട്ട് രേഖപ്പെടുത്തിയതാണ് അദ്ദേഹത്തെക്കുറിച്ചുള്ള അവസാന ചരിത്രരേഖ.
‘അപ്രവൃത്തി സിദ്ധാന്തം’ (law of inertia) ശരിയായി നിർവചിക്കുകയും ഈ പേര് നിർദ്ദേശിക്കുകയും ചെയ്തത് ജീൻ ബുറിഡിയനാണ്. നിശ്ചിത വേഗതയിൽ ക്രമമായി ചലിക്കുന്ന ഒരു വസ്തു, മറ്റൊരു ശക്തി അതിന്റെ മേൽ ബലം പ്രയോഗിച്ചില്ലെങ്കിലും അത് ഒരേ വേഗതയിൽ ചലിക്കും എന്നതാണ് ‘അപ്രവൃത്തി സിദ്ധാന്തം.’ ഇത് അരിസ്റ്റോട്ടിലിന്റെ ഊർജ്ജതന്ത്ര സിദ്ധാന്തത്തിൽ പറഞ്ഞിട്ടില്ലാത്ത പുതിയ അറിവായിരുന്നു. പുറമെയുള്ള ഒരു ശക്തി ഒരു വസ്തുവിന്റെ ചലനത്തെ പ്രചോദിപ്പിക്കാതിരിക്കുന്ന അവസ്ഥയിൽ അത് ആ നിമിഷം തന്നെ ചലനം നഷ്ടപ്പെടും എന്നതായിരുന്നു അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം. ജീൻ ബുറിഡിയന്റെ പ്രധാനകൃതി ‘വൈരുദ്ധ്യാത്മക സംഗ്രഹം’ (Summulae de dialectica) എന്ന തർക്കശാസ്ത്ര ഗ്രന്ഥമാണ്. ഇത് ആധികാരികതയിലും പുതുമയിലും സമാനതകളില്ലാത്ത തർക്കശാസ്ത്ര ഗ്രന്ഥമെന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. അരിസ്റ്റോട്ടിലിന്റെ കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് അതിനെ അതിലംഘിക്കുന്ന പുതിയ സംജ്ഞകൾ അദ്ദേഹം കണ്ടുപിടിച്ചു.
ബോധനപരം (logica docens), പ്രായോഗികം (logica utens) എന്ന് രണ്ടായി തരംതിരിച്ച് തർക്കശാസ്ത്രത്തെ അദ്ദേഹം വിശദീകരിക്കുന്നു. ഒന്നാമത്തേത് എങ്ങനെ, അല്ലെങ്കിൽ എന്തിനെ ആശ്രയിച്ചാണ് വാദഗതികൾ രൂപപ്പെടുത്തേണ്ടത് എന്ന് വിശദീകരിക്കുന്നതാണ്. രണ്ടാമത്തേത് ഒരു തീരുമാനത്തിന്റെ പരിസമാപ്തിയെ ആശ്രയിക്കാതെ തന്നെ അതിന്റെ ഫലം കൃത്യമായി മനസിലാക്കുന്നതിന് നമുക്ക് സാധിക്കും എന്ന നിരൂപണമാണ്. എന്നിരുന്നാലും തർക്കശാസ്ത്രം യഥാർത്ഥത്തിൽ സൈദ്ധാന്തിക തലത്തിൽ എന്നതിനേക്കാൾ പ്രയോഗികതയിലേക്ക് കൊണ്ടുവരേണ്ട ശാസ്ത്രമാണെന്ന ചിന്താഗതിക്കാരനായിരുന്നു ജീൻ ബുറിഡിയൻ.
ധാർമ്മിക മേഖലയിൽ ജീൻ ബുറിഡിയൻ നൽകിയ സംഭാവന, അരിസ്റ്റോട്ടിലിന്റെ ‘നിക്കോമാക്കിയൻ ധാർമ്മികത’ എന്ന ഗ്രന്ഥത്തെക്കുറിച്ച് എഴുതിയ ഭാഷ്യമാണ്. മനുഷ്യന്റെ ഇച്ഛയും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധം വഴി എങ്ങനെ മനുഷ്യസ്വാതന്ത്ര്യത്തിന്റെ സ്വഭാവം വിശദീകരിക്കാമെന്നും അദ്ദേഹം പറയുന്നു. മനുഷ്യമനസിന്റെ ഇച്ഛയെ ഇദ്ദേഹം വിശദീകരിച്ചതിൽ നിന്നും തത്വശാസ്ത്രത്തിൽ രൂപപ്പെട്ട പ്രയോഗമാണ് ‘ബുറിഡിയന്റെ കഴുത’ എന്നത്. ദാഹവും വിശപ്പും ഒരുപോലെ അനുഭവപ്പെടുന്ന ഒരു കഴുത വൈക്കോലിനും വെള്ളത്തിനും മധ്യേ നിർത്തിയാൽ, ഈ കഥയനുസരിച്ച് ഏതാണോ കൂടുതൽ അടുത്തുള്ളത് അവിടേയ്‌ക്ക് പോകും എന്നതാണ്. വൈക്കോലാണോ, വെള്ളമാണോ കൂടുതൽ മെച്ചം എന്ന ബുദ്ധിപരമായ തീരുമാനം എടുക്കുന്നതിന് കഴുതക്ക് കഴിയില്ല. വ്യത്യസ്തങ്ങളായ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന മനുഷ്യൻ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് തന്റെ മനസിനെയും ബുദ്ധിയെയും പരുവപ്പെടുത്തേണ്ടിയിരിക്കുന്നു.
ബുദ്ധിജീവികളായ പുരോഹിതർ ഏതെങ്കിലുമൊരു സന്യാസ സമൂഹത്തിന്റെ ഭാഗമായിരിക്കുക എന്ന പതിവിന് അപവാദമായി ജീൻ ബുറിഡിയൻ ഒരു രൂപതാ വൈദികനായിട്ടാണ് ജീവിച്ചത്. ജർമ്മനിയിലെ ബിഷപ്പായിരുന്ന സാക്സണിയിലെ ആൽബർട്ട് ഉൾപ്പെടെ വലിയൊരു ശിഷ്യഗണവും അദ്ദേഹത്തിനുണ്ടായിരുന്നു. പാരീസ്, പ്രാഗ്, വിയന്ന, ഹെയ്‌ഡൽബർഗ് സർവ്വകലാശാലകളിൽ ജീൻ ബുറിഡിയന്റെ ഗ്രന്ഥങ്ങൾ വളരെക്കാലം പഠിപ്പിച്ചിരുന്നു.
ഫാ. മാത്യു ചാർത്താക്കുഴിയിൽ