മാതാവിന്റെ പ്രത്യക്ഷീകരണം: പതിനാലാം ദിവസം

ജോബിഷ് പള്ളിത്തോട്‌

നിക്കോളാസ് നഗരത്തിലെ ജപമാല റാണി

1983 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി അർജൻറീനയിലെ നഗരത്തിൽ ഗ്ലാഡിസ് ക്വിറേഗ ഡി മോട്ട എന്ന സ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു. നീല നിറമുള്ള വസ്ത്രവും ജപമാലയും കൈകളിൽ ഉണ്ണിയേശുവിനേയും വഹിച്ചാണ്‌ അമ്മ പ്രത്യക്ഷപ്പെട്ടത്. ഈ വിവരം ഇടവക വികാരിയച്ചനെ അറിയിച്ചപ്പോൾ അദ്ദേഹം ആ സ്ത്രീയെ ദേവാലയത്തിലേക്കു കൊണ്ടുപോയി നൂറു വർഷം പഴക്കമുള്ള മാതാവിന്റെ രൂപം കാണിച്ചുകൊടുത്തു. ആ രൂപം കണ്ടപ്പോൾ, ഇതേ രൂപമാണ് താൻ കണ്ടതെന്ന് അവൾ പറഞ്ഞു. ആ രൂപത്തിന്റെ കേടുകൾ നീക്കി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും അവിടെ ഒരു മരിയൻ വിശ്വാസ സമൂഹം രൂപമെടുക്കുകയും ചെയ്തു.

ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴിനാണ് രണ്ടാമത്തെ ദർശനം ഗ്ലാസിസിന് ലഭിക്കുന്നത്. പുഴയോരത്ത് ഒരു ദേവാലയം നിർമ്മിക്കണമെന്നാണ് പരിശുദ്ധ അമ്മ അന്ന് ഗ്ലാഡിസിനോടു പറഞ്ഞത്. ഈ സംഭവം സ്ഥലത്തെ മെത്രാനെ അറിയിച്ചപ്പോൾ അദ്ദേഹം ഈശോയോട് പ്രാർത്ഥനയിലൂടെ ഒരു അടയാളം ആവശ്യപ്പെട്ടു.

അങ്ങനെയിരിക്കെയാണ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരണത്തോളമെത്തിയ ഏഴ് വയസ്സുള്ള ഒരു ബാലനെ മാതാപിതാക്കൾ മെത്രാന്റെ അടുക്കൽ കൊണ്ടുവരുന്നത്. ആ മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് പിതാവ് ബാലന് ആദ്യകുർബാന നൽകുകയും ജപമാലറാണിയോട് പ്രത്യേക മാദ്ധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വളരെ പെട്ടെന്നു തന്നെ ആ കുഞ്ഞിന്റെ അസുഖം ഭേദമാവുകയും അവൻ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

മാതാവിന്റെ പ്രത്യക്ഷീകരണം ലഭിച്ച ഗ്ലാഡിസിന് തുടർന്നുള്ള എല്ലാ ദുഃഖവെള്ളിയാഴ്ചകളിലും പഞ്ചക്ഷതങ്ങൾ ലഭിക്കുകയുണ്ടായി. വെള്ളിയാഴ്ചകളിൽ മൂന്നു മണിക്ക് പാദങ്ങൾ കുരിശിന്റെ ആകൃതിയിൽ രൂപപ്പെടുകയും പഞ്ചക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്തു. തീരെ കുറഞ്ഞ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഗ്ലാഡീസിന് എഴുതാനും മറ്റും കഴിവില്ലായിരുന്നു. എന്നിരുന്നാലും അവൾക്കു കിട്ടിയ സന്ദേശങ്ങളും മറ്റ് അനുഭവങ്ങളും അവൾ എഴുതിസൂക്ഷിക്കാൻ തുടങ്ങി.

ഏഴു വർഷത്തോളം ഈശോയിൽ നിന്നുള്ള 68 സന്ദേശങ്ങളും പരിശുദ്ധ അമ്മയിൽ നിന്നുള്ള 1800 സന്ദേശങ്ങളും ഗ്ലാഡിസിനു ലഭിച്ചു. നിക്കോളാസ് നഗരത്തിൽ പരിശുദ്ധ അമ്മയുടെ ഇടപെടലുകളുടെ സാക്ഷ്യമായി ഈ സംഭവങ്ങൾ ഇന്നും ചരിത്രത്തിൽ നിലനിൽക്കുന്നു.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.