മാതാവിന്റെ പ്രത്യക്ഷീകരണം: പതിമൂന്നാം ദിവസം

ജോബിഷ് പള്ളിത്തോട്‌

1973 -ൽ ജപ്പാനിലെ അക്കിത്ത എന്ന സ്ഥലത്ത് സിസ്റ്റർ ആഗ്നസിന് (സി. ആഗ്നസ് കട്സുകോ സസഗാവ) പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടു. സിസ്റ്റർ ആഗ്നസ് രോഗശയ്യയിൽ ആയിരിക്കുമ്പോൾ കാവൽമാലാഖ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ഫാത്തിമായിൽ പരിശുദ്ധ അമ്മ നൽകിയ ‘ഓ, എന്റ ഈശോയേ,’ എന്നു തുടങ്ങുന്ന പ്രാർത്ഥന കൂടുതലായി ചൊല്ലണം എന്ന്.

ആ വേദനകൾക്കു നടുവിൽ 1973 ജനുവരി മാസത്തിൽ സിസ്റ്ററിന് കേൾവിശക്തി മുഴുവനായും നഷ്ടപ്പെട്ടു. അതേ വർഷം തന്നെ ജൂൺ മാസത്തിൽ അഞ്ചു തവണയോളം, ദേവാലയത്തിലെ സക്രാരിയിൽ നിന്ന് ദിവ്യപ്രകാശവും സിസ്റ്റർ കാണാനിടയായി. മറ്റൊരു ദിവസം മാലാഖമാർ ദിവ്യകാരുണ്യ ഈശോയെ സ്തുതിക്കുന്നതു കണ്ടു. ഈ അവസരത്തിൽ സിസ്റ്ററിന്റെ ഇടതു കൈവെള്ളയിൽ കുരിശുരൂപത്തിലുള്ള ഒരു മുറിവ് കാണപ്പെട്ടു. അതിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.

1973 ജൂലൈ ആറാം തീയതി മാലാഖമാർ സിസ്റ്റർ ആഗ്നസിനെ ദേവാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആ സമയം ദേവാലയത്തിലെ സക്രാരിയുടെ മുമ്പിലുള്ള മാതാവിന്റെ രൂപം നന്നായി പ്രകാശിക്കുകയും ജീവനുള്ളതായി തീരുകയും ചെയ്തു. പരിശുദ്ധ അമ്മ ആഗ്നസിനോടു പറഞ്ഞു: “സഹനത്തിലൂടെയും അനുസരണത്തിലൂടെയും എനിക്ക് പ്രിയങ്കരിയായ കുഞ്ഞേ, ഈശോ സത്യമായും ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്നു.”

ആ ദർശനത്തിനു ശേഷം സിസ്റ്ററിന്റെ കേൾവിശക്തി തിരിച്ചുകിട്ടി. ആ ദിവസം തന്നെ പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ വലതു കൈയ്യിൽ സിസ്റ്റർ ആഗ്നസിനുണ്ടായ പോലുള്ള അതേ മുറിവ് കാണപ്പെട്ടു.

“ഇതിന്റെ അർത്ഥം എന്താണ്?” സിസ്റ്റർ ചോദിച്ചു.

മാലഖമാർ പറഞ്ഞു: “ഇത് പാപികളുടെ മാനസാന്തരത്തിനും പശ്ചാത്താപത്തിനും വേണ്ടിയുള്ള അടയാളമാണ്. രണ്ടു പേരുടെയും മുറിവ് ഒരുപോലെ ഉള്ളതായിരുന്നു.
ഈ മുറിവ് വ്യാഴാഴ്ച ദിവസങ്ങളിൽ പ്രത്യക്ഷപ്പെടും, വെള്ളിയാഴ്ച ദിനങ്ങളിൽ അതിൽ നിന്നും രക്തം പൊടിയും, ഞായറാഴ്ച സുഖപ്പെടും.”

1973 സെപ്റ്റംബർ മാസത്തിൽ മാതാവിന്റെ രൂപം രക്തം വിയർത്തു. കണ്ണിൽ നിന്ന് കണ്ണുനീർ വന്നു. ചുറ്റുമുള്ളവർക്ക് സുഗന്ധ അഭിഷേകം ലഭിച്ചു. 101 തവണ ഈ അത്ഭുതപ്രവർത്തികൾ ആവർത്തിക്കപ്പെട്ടു. പല പരീക്ഷണശാലകളിലും മാതാവിന്റെ രൂപത്തിലെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ മനുഷ്യന്റേതു തന്നെയെന്ന് തെളിയിക്കപ്പെട്ടു.

പരിശുദ്ധ അമ്മ ആഗ്നസിന് പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞത്, “ലോകത്തിലെ അനേകം മനുഷ്യർ പാപം വഴിയായി ദൈവത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  അവിടുത്തെ ആശ്വസിപ്പിക്കാൻ നിങ്ങൾ പാപങ്ങൾക്ക് പരിഹാരം ചെയ്യണം. സഹനങ്ങൾ ഏറ്റെടുക്കണം, ദാരിദ്ര്യം സ്വീകരിക്കണം, ആത്മാക്കൾ നഷ്ടപ്പെടുമോ എന്നുഉള്ള ചിന്തയാണ് എന്റെ സങ്കടങ്ങൾക്കു കാരണം.”

1984 -ൽ നിഗാട്ട രൂപത ബിഷപ്പ് ജോൺ തന്റെ ഇടയലേഖനത്തിൽ ഈ  അത്ഭുതത്തിനു സ്ഥിരീകരണം നൽകി.

പ്രാർത്ഥന

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്ന് നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് നയിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ, ആമ്മേൻ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.