എങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു 

പ്രിയപ്പെട്ടവളെ ഓർത്തപ്പോൾ അവൻ ധ്യാനത്തിൽ ആണ്ടുപോയി. തുറന്ന കണ്ണുകളോടെ അവൻ ഹൃദയത്തിനു ഏറ്റവും സുഖമുള്ള സ്വപ്നത്തിൽ മുഴുകി. സമയവും കാലവും ഒളിച്ചു കടന്നു. നീണ്ട നിശ്വാസത്തോടെ ഉണർന്നെണീറ്റ അവൻ മുമ്പത്തേക്കാൾ കുറച്ചുകുടി ഉന്മേഷഭരിതനായി. അവളോടുള്ള പ്രണയം അവന്റെ ശരീരത്തിനും, മനസ്സിനും മുൻപെങ്ങും ഇല്ലാത്ത വേഗത നൽകി.  അവളെ കാണണം… നടക്കുന്ന വഴികളും ചുറ്റുമുള്ള കാഴ്ചകളും ഇനി അപ്രധാനങ്ങളാണ്…  ഒരേ ഒരു ലക്‌ഷ്യം അവളെ കാണണം…

നിത്യമായ പ്രണയത്തിൽ ആശവെച്ച മറ്റൊരുവൻ ഉന്നതങ്ങളിലേക്ക് നോക്കി. അവന്റെ ഉൾകണ്ണുകൾ കണ്ട ഒരിക്കലും മടുക്കാത്ത സൗന്ദര്യവും,ഓരോ ദിനവും പുതുതായ സ്നേഹവും ഹൃദയത്തെ വല്ലാതെ മഥിച്ചു. എങ്ങനെയും, ആ പ്രണയത്തെ സ്വന്തമാക്കണം. തേടി തുടങ്ങും മുൻപേ സ്വന്തമാകുന്ന യേശു എന്ന സ്നേഹത്തെ അവൻ തന്റെ സഹോദരനിൽ കണ്ടു. ഓരോ മനുഷ്യന്റെയും മുഖത്തു മുറ്റി നിൽക്കുന്ന ദൈവ സാദൃശ്യം. അവൻ സഹോദരന്റെ ദാസൻ ആവാൻ മനസ്സിൽ നിനച്ചു. ലോകവും, ലോക നേട്ടങ്ങളും വിരസമായി തോന്നി. അവന്റെ പ്രാർത്ഥന പോലും ഹൃദയത്തിന്റെ ചില നെടുവീർപ്പുകളായി. എല്ലാം അറിയുന്നവന്റെ മുൻപിൽ നിശബ്ദനായി നിൽക്കാൻ സാധിക്കുന്ന ഒരു ആത്മീയത. പാപിയാണെന്ന് ഏറ്റുപറഞ്ഞു ചങ്കത്തടിക്കാൻ സാധിക്കുന്ന ഒരു തുറവി. ദൈവം പിന്നീടെക്കലാവും അവനു ഒരു അനുഭവം ആയിരുന്നു. നേരിൽ അനുഭവിച്ചവനെ ആര് സംശയിക്കും? തൊട്ടറിഞ്ഞതിനെ ആർക്കു തള്ളിപ്പറയാൻ സാധിക്കും? വിരുന്നിൽ പങ്കു പറ്റിയിട്ട് എങ്ങനെ ഒറ്റികൊടുക്കാൻ സാധിക്കും? അവസാനം ഒന്നുമാത്രം അവൻ കൂട്ടി ചേർത്തു. “നാഥാ നമ്മൾ തമ്മിലുള്ള ഈ സ്നേഹബന്ധം എനിക്ക് എത്രമാത്രം വിലപെട്ടതാണെന്ന് അങ്ങ് അറിയുന്നുവല്ലോ.. ആദ്യമായി അങ്ങയെ അനുഭവിച്ചതുമുതൽ എന്നും അങ്ങയെ കാണുവാനും, നിന്റെ വഴിയിൽ നടക്കുവാനും എന്റെ ഹൃദയം കൊതിച്ചിരുന്നു. പാപിയാണ് ഞാൻ എന്നറിയാം എങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു”

നോബിൾ ലാൻസി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.