സഹനത്തേരിൽ പരിശുദ്ധ അമ്മയുടെ കരം പിടിച്ച ജോംസി

ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ നാമെല്ലാം ചോദിക്കുന്ന ഒന്നാണ്, എന്തിനാ ദൈവമേ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്ന്. എന്നാൽ ജീവിതം മുഴുവൻ പ്രതിസന്ധികളാൽ നിറഞ്ഞപ്പോഴും പ്രിയപ്പെട്ട മാതാപിതാക്കൾ ചെറിയ പ്രായത്തിൽ തന്നെ മരണമടഞ്ഞപ്പോഴും ശാരീരികമായ അസ്വസ്ഥതകളാൽ നട്ടംതിരിഞ്ഞപ്പോഴും ദൈവത്തിൽ ഉറച്ചു വിശ്വസിച്ച് പരിശുദ്ധ അമ്മയുടെ കരം പിടിച്ചുകൊണ്ട് പ്രത്യാശയോടെ നടന്ന ഒരു യുവതിയുണ്ട് – ജോംസി ജോസ്.

തകർച്ചയുടെ വക്കിൽ നിന്നും പ്രത്യാശയിലേയ്ക്ക് തന്നെ കൈപിടിച്ചുയർത്തിയ പരിശുദ്ധ അമ്മയുമായുള്ള ആത്മീയബന്ധത്തിൽ നിന്നുകൊണ്ട് ഈ മുപ്പതുകാരി സ്വന്തമായി എഴുതി ട്യൂൺ ചെയ്ത മനോഹരമായ ഒരു ഗാനം ഈ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറങ്ങിയിരുന്നു. ശ്വസിക്കുന്ന ഓക്സിജൻ വരെ പണം മുടക്കി വാങ്ങേണ്ടി വരുന്ന വേദനാജനകമായ അവസ്ഥയ്ക്കിടയിലാണ് ജോംസി ഈ പാട്ട് എഴുതിയതും ട്യൂൺ ചെയ്തതും.

അറിയാം ജോംസി എന്ന യുവതിയെ. അവരുടെ സഹനജീവിതത്തെ. അതിലുപരി ദൈവത്തിലുള്ള ആഴമായ വിശ്വാസം കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച ഒരു ജീവിതത്തെ…

ജോംസി ജോസ്, 1990 ജനുവരി 16-നാണ് ജനിച്ചത്. ജനിച്ച് മൂന്നു മാസങ്ങൾക്കകം ശരീരഭാരം വർദ്ധിച്ചുവരുന്ന അവസ്ഥയിലേയ്ക്ക് ആ കുഞ്ഞ് എത്തി. ശരീരഭാരം കാരണം കാലിന്റെ എല്ലുകൾ വളഞ്ഞുപോയി. അധികം നടക്കാനൊന്നും വയ്യ. മാതാപിതാക്കൾ ആ കുഞ്ഞുമായി ആശുപത്രികൾ കയറിയിറങ്ങി. ധാരാളം ചികിത്സകൾ പരീക്ഷിച്ചു. ഒന്നും ഫലം കണ്ടില്ല. ആറാം ക്ലാസ്, ഓണം വരെ സ്കൂളിൽ പോയി പഠിച്ചു. എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു ജോംസി. അതിനാൽ തന്നെ ടീച്ചേഴ്സും കുട്ടികളും ജോംസിയെക്കുറിച്ച് കരുതലുള്ളവരായിരുന്നു. എങ്കിലും ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിക്കേണ്ടിവന്നത് ആ കുഞ്ഞിനെ ഏറെ നൊമ്പരപ്പെടുത്തി.

ജോംസിയുടെ വീട്ടിലെ അവസ്ഥയും മറിച്ചായിരുന്നില്ല. കഷ്ടപ്പാടിന്റെ നാള്‍വഴികള്‍ ആയിരുന്നു. ഇരുപത്തിനാലാമത്തെ വയസിൽ പ്രമേഹരോഗിയായ പപ്പയുടെ തയ്യൽജോലി മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. അതിന്റെ കൂടെ മരുന്ന്, ചികിത്സ എല്ലാം പ്രയാസം. ജോംസിയുടെ ആറാം വയസിൽ അവൾക്കൊരു അനിയത്തിയെ കിട്ടി. അധികം വൈകാതെ അമ്മയ്ക്ക് പ്രമേഹം പിടിപെട്ടു. കഷ്ടപ്പാടുകൾ കൂടിവന്നു. എട്ടാം ക്ലാസ് വരെ വീട്ടിലിരുന്നു പഠിച്ച ജോംസി പിന്നീട് പഠനം പൂർണ്ണമായും നിർത്തി. പിന്നെ കുടുംബത്തിന്റെ കഷ്ടപ്പാടിൽ, തന്നെക്കൊണ്ട് സാധിക്കുന്നതുപോലെ പപ്പയേയും അമ്മയേയും സഹായിച്ചു കഴിഞ്ഞു. പ്രതിസന്ധികളുടെ മധ്യത്തിൽക്കൂടി കടന്നുപോകുന്ന കുടുംബം. എന്നാൽ അവിടെ സമൃദ്ധമായി നിന്നിരുന്ന ഒന്നായിരുന്നു സ്നേഹവും ദൈവാനുഗ്രഹവും.

പതിമൂന്നാം വയസിൽ ജോംസിക്കും പ്രമേഹം ആരംഭിച്ചു. 2008-ൽ ജോംസിയുടെ പപ്പയെ കാലു പഴുത്ത അവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സിക്കാൻ പണമില്ലാത്തതു കാരണം നല്ല ചികിത്സ ലഭിക്കാൻ വൈകി. ഈ കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ നാട്ടുകാർ ഇടപെട്ടു. സഹായവുമായി അനേകർ എത്തി. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ജീവിതത്തിലേയ്ക്ക് തിരികെ വരാൻ പത്തു ശതമാനം പോലും സാധ്യത ഇല്ലായിരുന്നു. അതിനാൽ തന്നെ അമ്മയെക്കൊണ്ട് എഴുതി ഒപ്പിടുവിച്ചു. ആദ്യം പപ്പയുടെ കാല്‍മുട്ടിനു താഴെവച്ചു മുറിച്ചുമാറ്റിയെങ്കിലും പഴുപ്പ് നിൽക്കാത്തതു കാരണം മുട്ടിന് മുകളിൽ വച്ച് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. എല്ലാവരുടെയും പ്രാർത്ഥനയുടെയും ആ കുടുംബത്തിന്റെ കണ്ണുനീരിന്റെയും ഫലമായി ദൈവം അത്ഭുതം പ്രവർത്തിച്ചു. അദ്ദേഹം ആറു വര്‍ഷം കൂടി ജീവിച്ചു.

ജീവൻ തിരികെ ലഭിച്ചുവെങ്കിലും അദ്ദേഹത്തെ കാത്തിരുന്നത് ദുരിതങ്ങളായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട് കിടപ്പിലായിരുന്നു. പപ്പയെ ഏറെ സ്നേഹിച്ചിരുന്ന ജോംസിക്ക് പപ്പയുടെ ഈ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും അവൾ പപ്പയെ കൂടുതൽ സ്നേഹിച്ച കാലം അതായിരുന്നു. ആഴമായ വിശ്വാസത്തിനുടമയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ അദ്ദേഹത്തെ ദയനീയതയോടെ നോക്കിയപ്പോഴും ആ തകർച്ചയുടെ നടുവിൽ ജോംസിയുടെ പപ്പ ദൈവത്തെ കൂടുതൽ രുചിച്ചറിഞ്ഞു. പരാജയമെന്ന് ലോകം കരുതിയതിനെ ദൈവവിശ്വാസം കൊണ്ട് നേരിട്ടു.

വൈകാതെ, പപ്പയ്ക്കു വന്ന കണ്ണിന്റെ അതേ രോഗം ജോംസിയെയും ബാധിച്ചു. അത് അവളെ മാനസികമായി തളർത്തി. ചികിൽസ കൊണ്ട് രോഗം തടഞ്ഞുനിർത്തിയിരിക്കുന്നു. തകർച്ചയുടെ വക്കിലും ദൈവം ജോംസിയുടെ കുടുംബത്തെ ചേർത്തുപിടിച്ചു. വീട്, കിണർ, എല്ലാ സാധനസാമഗ്രികളും അവർക്കായി ഒരുക്കി. 2013-ൽ അമ്മയ്ക്ക് പ്രമേഹത്തെ തുടർന്ന് കിഡ്നി രോഗം ബാധിച്ചു, ചികിത്സയിലായിരുന്നു. 2014-ൽ ഡയാലിസിസിന് തയ്യാറാകാൻ ഡോക്ടർ പറഞ്ഞിരിക്കെ മാർച്ച് 8-ന് ഒരു ശ്വാസതടസ്സത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മ കോമാ സ്റ്റേജിലായി. വെന്റിലേറ്ററിൽ 45 ദിവസവും ഏഴു ദിവസം വീട്ടിലുമായി കഴിഞ്ഞു. ഏപ്രിൽ 27-ന് സമാധാനത്തിന്റെ അനന്തവിഹായസിലേയ്ക്ക് ആ ദൈവാത്മാവ് പറന്നുയർന്നു.

അവിടെയും ദൈവഹിതം തിരിച്ചറിഞ്ഞ ജോംസിയും കുടുംബവും ആശ്വസിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കെയാണ് മൂന്നു മാസം കഴിഞ്ഞപ്പോൾ മൂത്ത മകളുടെ വിയോഗത്തിൽ മനംനൊന്ത വല്യമ്മ മരണപ്പെട്ടത്. അതുകഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ പപ്പയുടെ അപ്പൻ ക്യാൻസർ രോഗത്തെ തുടർന്ന് മരിച്ചു. അമ്മ മരിച്ച് ഒരു വർഷവും പത്തു ദിവസവുമായപ്പോൾ ജോംസിയുടെ പപ്പയും തന്റെ ജീവിത നിയോഗം പൂർത്തിയാക്കി ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. തുടർച്ചയായ മരണങ്ങൾ, എല്ലാവരും ജീവിതത്തിൽ താങ്ങും തണലുമായി നിന്നവർ. ഇവരുടെയെല്ലാം വാത്സല്യഭാജനമായിരുന്ന ജോംസിക്ക് ഈ വിയോഗങ്ങൾ സമ്മാനിച്ച വേദനയും ഒറ്റപ്പെടലും വളരെ വലുതായിരുന്നു. പ്രത്യേകിച്ച്, പപ്പയുടെ മരണം. പപ്പ ജോംസിയെ എപ്പോഴും നന്നായി കരുതിയിരുന്നു. പലപ്പോഴും, പപ്പയ്ക്ക് ദൈവം കൊടുത്ത വലിയ ഭാഗ്യമാണ് ജോംസി എന്ന് അദ്ദേഹം പലരോടും പറയുന്നത് ജോംസി കേട്ടിട്ടുണ്ട്. ഒപ്പം, നിന്നെ ദൈവം ഉയർത്തും; അങ്ങനെ ആർക്കും ലഭിക്കാത്ത അനുഗ്രഹം നിനക്ക് തരും എന്നുപറഞ്ഞ് അനുഗ്രഹിച്ചിരുന്നു.

പപ്പയും നഷ്ടപ്പെട്ടപ്പോൾ ജോംസിയേയും മരണഭയം പിടികൂടി. ജോംസിയുടെ ആരോഗ്യം മോശമായി. തനിച്ചിരിക്കാൻ പോലും പേടിയായി. ആഹാരം കഴിക്കാൻ വയ്യ. സഹനങ്ങളെ ദൈവത്തോട് ചേർന്നുനിന്ന് സഹിക്കുന്നതുകൊണ്ട് ദൈവം ആ സമയങ്ങളിൽ ജോംസിയെ ആത്മീയതയിൽ വളർത്തുവാൻ തുടങ്ങിയിരുന്നു. അവളിൽ സംഭവിക്കുന്ന ആത്മീയാനുഭവങ്ങൾ അവളുടെ ഉള്ളിലെ ഭയാശങ്കകളെ വലുതാക്കി. തനിക്ക് പിശാച് കൂടിയെന്നുപോലും ജോംസി വിചാരിച്ചു. ചിലർ, ആ പെൺകുട്ടിക്ക് മാനസികരോഗമാണെന്നുപോലും പറഞ്ഞു. ജോംസിക്കും സംശയമായി. തനിക്കെങ്ങനെ ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന ചിന്ത അവളെ കഠിനമായ മനോപീഡയിലേയ്ക്കു നയിച്ചു. പരാതി കൂടാതെ എല്ലാം സഹിക്കാൻ ഈ സമയങ്ങളിൽ അവൾ പരമാവധി ശ്രമിച്ചു. തന്റെ ഈ ജീവിതം ദൈവനിയോഗമാണെന്ന് ഈ സമയങ്ങളിൽ അവൾ തിരിച്ചറിയുകയായിരുന്നു.

പപ്പ മരിച്ചതിനുശേഷം ജോംസിയുടെ മോശമായ ആരോഗ്യസ്ഥിതി കാരണം മൂലം അനിയത്തി ജോസ്‌ന BA പഠനം ഇടക്ക് വച്ച് നിർത്തി. ജോംസിയെ പരിചരിച്ച് ഇടംവലം മാറാതെ കൂടെയുണ്ട്, ഒരമ്മയെപ്പോലെ ഈ അനിയത്തി. മൂന്നു വർഷത്തിലധികമായി ജോംസി 24 മണിക്കൂറും കൃത്രിമമായി ഓക്സിജൻ വച്ചു കഴിയാൻ തുടങ്ങിയിട്ട്; മറ്റു രോഗങ്ങളുമുണ്ട്. പ്രമേഹം ഏതാണ്ട് എല്ലാ അവയവങ്ങളേയും ബാധിച്ച പോലാണ്. മറ്റുള്ള ശാരീരിക-മാനസികവേദനകൾ വേറേയും. ഈ ലോകജീവിതത്തിൽ സഹനമാകുന്ന കടലിൽ ജോംസിയുടെ ജീവിതവഞ്ചി ആടിയുലയുമ്പോഴും അമരത്ത് ഈശോയുള്ളതുകൊണ്ട് മുങ്ങിപ്പോകുവാൻ അവിടുന്ന് അനുവദിക്കുന്നില്ല. പരിശുദ്ധ അമ്മയെ സന്തതസഹചാരിയായി നൽകിയിരിക്കുകയാണ് ഈശോ.

2008-ലാണെന്നു തോന്നുന്നു പപ്പയെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്നും കാലൊക്കെ മുറിച്ച് മൂന്നു മാസത്തെ ചികിത്സ കഴിഞ്ഞു വന്നു. അതിനുശേഷം ഒരു രണ്ടു മാസമൊക്കെ കഴിഞ്ഞുകാണും ജോസ്നയ്ക്ക് ഒരു പനി വന്നു. 20 ദിവസം ഹോസ്പിറ്റലിൽ കഴിയേണ്ടിവന്നു, പപ്പ കിടപ്പിലും. ഒന്നും സ്വയം ചെയ്യാൻ പറ്റുകയില്ല. എല്ലാം മറ്റൊരാൾ ചെയ്തുകൊടുക്കണം. ആഹാരം വാരിക്കൊടുക്കണം. ഞാനും പപ്പയും തനിച്ച്. അമ്മ അനിയത്തിയോടൊപ്പം ഹോസ്പിറ്റലില്‍. പഴയ വീട് പൊട്ടിപൊളിഞ്ഞത്, ഞങ്ങൾക്ക് കിണറില്ല, വെള്ളത്തിനു ബുദ്ധിമുട്ട്, വിറകില്ല, പാചകവാതകം ഇല്ല. അതികഠിനമായ കഷ്ടപ്പാടിന്റെ നാളുകൾ. അന്നെനിക്ക് ഇങ്ങനെ ഓക്സിജൻ പ്രശ്നം ആയിട്ടില്ല. വേദനകളൊക്കെ ധാരാളമുണ്ട്. പക്ഷേ, ആരുമില്ല സഹായത്തിന്. ബന്ധുക്കൾ തിരിഞ്ഞുനോക്കിയില്ല ഈ അവസ്ഥയിലും.

“അടുത്ത വീട്ടിലെ ചേച്ചിമാർ വെള്ളം കോരിക്കൊണ്ടു വന്നു തരും. അന്ന് പശുവും ഉണ്ട്. അതൊക്കെയാണ് ജീവിതമാർഗ്ഗം. അടുത്ത വീട്ടിലെ ചേച്ചി പശുവിന് പുല്ല് വെട്ടി കൊണ്ടുത്തരും. ഒരു വീട്ടിലെ എല്ലാ ജോലികളും പരിമിതമായ അവസ്ഥയിൽ ചെയ്യണം. പപ്പയെ എല്ലാ തരത്തിലും ശുശ്രൂഷിക്കണം. ആഹാരം വാരിക്കൊടുക്കണം, പാചകം ചെയ്യണം ഒപ്പം മറ്റ് അടുക്കളജോലികൾ. എല്ലാ പണികളും ചെയ്ത് കിടന്നുറങ്ങാമെന്നു വച്ചാൽ ശരീരികവേദനകൾ കാരണം ഉറങ്ങാനും വയ്യ. അറിയാതെ കരച്ചിലു വരും. അതു കണ്ട് പപ്പയും കരയും. ജോസ്നയ്ക്കു പനി കുറയാത്ത ടെൻഷനും ഞങ്ങൾക്കുണ്ട്” – ജോംസി ദൈവത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞ സമയത്തെക്കുറിച്ച് ഓർത്തെടുത്തു.

നേരം വെളുക്കുന്ന കാര്യം ഓർക്കുമ്പോൾ പേടിയായിരുന്നു ജോംസിക്ക്. ഈ വേദനകൾ വച്ചു ജോലി ചെയ്യണമല്ലോ. എങ്കിലും രോഗിയായ പപ്പയ്ക്ക് മരുന്നും ആഹാരവും കൃത്യമായി നൽകണമെന്ന ആകുലത എന്നെ എല്ലാ ജോലിയും ചെയ്യാൻ പ്രേരിപ്പിക്കും. കാരണം പപ്പയിലൂടെ ദൈവത്തിന്റെ കരുതലും സ്നേഹവും ധാരാളം അനുഭവിക്കുന്നുണ്ട് എന്ന ചിന്ത തന്നെയായിരുന്നു – ജോംസി വെളിപ്പെടുത്തുന്നു. ദൈവാനുഗ്രഹത്താല്‍ പ്രായമായ ഒരു ആദിവാസി സ്ത്രീ സഹായത്തിനായി എത്തിച്ചേര്‍ന്നു. അതുകൊണ്ട് പാത്രം കഴുകലും അടിച്ചുവാരൽ എന്ന പ്രവൃത്തിയിലും ജോംസിക്ക് ആശ്വാസം ലഭിച്ചു.

പക്ഷേ, ഏറ്റവും പ്രസക്തമായ കാര്യം ഈ പ്രയാസങ്ങളിൽലൊക്കെയും ജോംസിയെ താങ്ങാൻ അദൃശ്യയായി പരിശുദ്ധ അമ്മ ഒപ്പമുണ്ടായിരുന്നു എന്നുള്ളതാണ്. മുമ്പ് ദൈവം താങ്ങുന്നു എന്നതിനപ്പുറം പരിശുദ്ധ അമ്മയിൽ അധികമായ ഒരു വിശ്വാസമില്ലായിരുന്നു. തന്നെയുമല്ല, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യശക്തിയെക്കുറിച്ച് സംശയവും ഉണ്ടായിരുന്നു. ഒപ്പം ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന മണ്ടൻചിന്തയും. ചടങ്ങ് പോലെ സന്ധ്യാപ്രാർത്ഥനയ്ക്ക് ജപമാല ചൊല്ലും അത്രമാത്രം. എന്നാൽ പിന്നീടുള്ള ജീവിതത്തിൽ അതൊക്കെ മാറി. ജോംസിയെ പരിശുദ്ധ അമ്മ ഏറ്റവും കരുണയോടെ സ്നേഹിച്ച സമയം.

അന്നൊക്കൊ പരിശുദ്ധ അമ്മ തന്റെ സാന്നിധ്യം നൽകി ജോംസിയുടെ ഒപ്പം ഉണ്ടായിരുന്നു. പിച്ചവയ്ക്കുന്ന കൊച്ചുകുഞ്ഞിനെ അതീവകരുതലോടെ വീഴാതെ താങ്ങുന്ന അമ്മയായി എന്റെ പ്രിയപ്പെട്ട സ്വർഗ്ഗീയ അമ്മ എപ്പോഴും എന്റെയൊപ്പം ഉണ്ടായിരുന്നു – ജോംസി പറയുന്നു. എന്റെ ഒപ്പം അമ്മയുണ്ടായിരുന്നതുകൊണ്ടാണ് 20 ദിവസവും ശരീരവും മനസും തളരാതെ ഊർജ്ജസ്വലയായി നിൽക്കാൻ എനിക്കു പറ്റിയത്. രണ്ടു വർഷങ്ങൾക്കുശേഷം ജോംസി കുറച്ചുകൂടെ ആത്മീയമായി വളർന്ന് ജപമാല പ്രാർത്ഥനയുടെ പ്രാധാന്യം മനസിലാക്കി. അതിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തിന്, തന്നെ ആത്മീയതയിലേയ്ക്ക് വളർത്താൻ പരിശുദ്ധ അമ്മ തന്നെ ഇടപെട്ടു എന്നാണ് ജോംസി പറയുന്നത്. ഈ അമ്മയോടൊപ്പമുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പുതിയ പാട്ട് എഴുതിയതും ഈണം നൽകിയതും. നമുക്കും കേൾക്കാം ആ ഗാനം…

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.