വിധിയോട് തോല്‍ക്കാത്ത പോരാട്ടവീര്യം; അതിജീവനത്തിന്റെ അത്ഭുതസാക്ഷ്യമായി ജീനാ ജോസഫ്

കീർത്തി ജേക്കബ്

ആടിയും പാടിയും ചിരിച്ചും കളിച്ചും പഠിച്ചും വര്‍ണ്ണശലഭത്തെപ്പോലെ കൂട്ടുകാരുടെ കൂടെ പാറിപ്പറന്നു നടക്കുന്ന കോളജ് കാലം. തൃശൂര്‍ സ്വദേശിനിയായ ജീനാ ജോസഫ് എന്ന ഇരുപതുകാരി പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒരു രോഗം കടന്നുവന്നത് ആ സമയത്തായിരുന്നു. ആദ്യമൊക്കെ നിസാരമെന്നു കരുതിയ ആ രോഗം അധികം താമസിയാതെ ജീനയുടെ കഴുത്തിന് താഴേക്കുള്ള ശരീരഭാഗങ്ങളുടെ ചലനശേഷി പൂർണ്ണമായും കവര്‍ന്നെടുത്തു. മുഖത്തേക്കു വീഴുന്ന മുടിയിഴകളോ, ദേഹത്തുവന്നിരിക്കുന്ന ചെറുപ്രാണികളെയോ മാറ്റാന്‍ പോലും മറ്റൊരാളുടെ സഹായം തേടേണ്ട അവസ്ഥയായി. യൗവ്വനത്തിലേക്ക്  കാലെടുത്തുവയ്ക്കുന്ന ഏതൊരു പെണ്‍കുട്ടിയേയും പോലെ ജീവിതത്തെക്കുറിച്ച് വളരെയേറെ സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ജീനയെ സംബന്ധിച്ച് ആ രോഗം വലിയ തിരിച്ചടിയായി; യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഏറെ സമയവുമെടുത്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നാല്‍പത്തിയെട്ടുകാരിയായ ജീന ജോസഫ് തന്റെ രോഗാവസ്ഥയെ പൂർണ്ണഹൃദയത്തോടെ ഉള്‍ക്കൊള്ളുന്നു എന്നു മാത്രമല്ല, തന്റെ രോഗത്തേയും തന്നെത്തന്നെയും അത്യധികം സ്‌നേഹിക്കുകയും തന്നെ ഈ സഹനങ്ങളിലൂടെ കൈപിടിച്ചു നടത്തുന്ന ദൈവത്തിന് നന്ദി പറയുകയുമാണ്. അതിനുള്ള കാരണം ജീനയില്‍ നിന്നു തന്നെ നമുക്കു കേള്‍ക്കാം….

സ്വപ്‌നജീവിതം തട്ടിത്തെറിപ്പിച്ച രോഗം

തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥകള്‍ കണ്ടുതുടങ്ങിയത്. ആദ്യം കൈകാലുകള്‍ക്കായിരുന്നു വേദന. വാതസംബന്ധമായ അസുഖമാണെന്നായിരുന്നു പ്രാഥമിക നിഗമനം. അതനുസരിച്ച് ചികിത്സയും ആരംഭിച്ചു. പക്ഷേ, ബുദ്ധിമുട്ടുകള്‍ കൂടിയതല്ലാതെ യാതൊരു കുറവും ഉണ്ടായില്ല. നടക്കുമ്പോള്‍ വേഗത കുറയുകയും ഭാരം താങ്ങി നടക്കാനാവാതെ വരികയും ചിലപ്പോഴൊക്കെ വീഴുകയും ചെയ്തുതുടങ്ങിയതോടെ പലവിധ ടെസ്റ്റുകള്‍ നടത്തി. അങ്ങനെയാണ് മസിലുകളുടെ ബലം കുറയുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫിയാണ് ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയത്. ഈ രോഗം ബാധിച്ചാല്‍ സ്പര്‍ശനശേഷി, ചലനശക്തി, കേള്‍വിശക്തി, സംസാരശേഷി എന്നിവയെല്ലാം നഷ്ടപ്പെടുകയും ശരീരം ശോഷിച്ച് മാംസപിണ്ഡമാവുകയുമാണ് പതിവെന്നും ഏറിയാല്‍ മുപ്പതു വയസു വരെയാണ് ആയുസെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷേ, അക്കാര്യത്തിലൊക്കെ ശാസ്ത്രത്തെ ഞാന്‍ തോല്‍പിച്ചു. വൈദ്യശാസ്ത്രം പ്രവചിച്ചതിനുമപ്പുറത്തേക്ക്  ജീവിക്കുന്നു എന്നുമാത്രമല്ല, ചലനശേഷി നഷ്ടപ്പെട്ടതൊഴിച്ചാല്‍ എനിക്ക് കാഴ്ച, കേൾവി, സംസാരശേഷി എന്നിവക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല. ചില തിരിച്ചറിവുകളും ബോധ്യങ്ങളും എനിക്ക് നല്‍കുന്നതിനു വേണ്ടിയാണ് ദൈവം അങ്ങനെയൊരു അനുഗ്രഹം നല്‍കിയതെന്ന് ഞാന്‍ തിരിച്ചറിയുന്നു.

മാലാഖമാരെപ്പോലെ ഉറ്റവര്‍

മൂന്നു പെണ്‍മക്കളില്‍ ഇളയ ആളാണ് ഞാന്‍. കഴിഞ്ഞ പതിനേഴു വര്‍ഷമായി മൂത്ത സഹോദരിയുടെ വീട്ടിലാണ് ഞാനും അമ്മയും താമസിക്കുന്നത്. ചേച്ചിയെയും ചേട്ടനെയും കൂടാതെ അവരുടെ മൂന്നു മക്കളും എനിക്ക് താങ്ങും തണലുമായി കൂടെയുണ്ട്. സംസാരിക്കുന്നതൊഴിച്ചാല്‍ വേറൊരു കാര്യവും തനിയെ ചെയ്യാന്‍ കഴിയാത്ത എന്നെ സംബന്ധിച്ച് ദൈവം എനിക്ക് കൂട്ടായി നല്‍കിയ മാലാഖമാരാണ് ഇവരെല്ലാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ജീവിതത്തില്‍ ഞാന്‍ പരിപൂര്‍ണ്ണ സംതൃപ്തയുമാണ്.

ദൈവത്തോട് ചോദിച്ചുവാങ്ങിയ ശബ്ദം

തളര്‍ന്ന അവസ്ഥയിലായിക്കഴിഞ്ഞ് ഒരിക്കല്‍ എന്റെ ശബ്ദവും പതിയപ്പതിയെ നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു തുടങ്ങി. സംസാരിക്കാന്‍ കഴിയാതായി. ഒന്ന് തിരിഞ്ഞുകിടക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയുള്ള എനിക്ക് ശബ്ദം കൂടി നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും. നെഞ്ചു പൊട്ടുന്ന വേദനയുണ്ടായെങ്കിലും ദൈവത്തോട് കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു: “ദൈവമേ, എനിക്ക് ജന്മം നല്‍കിയതും ആരോഗ്യം നല്‍കിയതും അത് തിരിച്ചെടുത്തതുമൊന്നും എന്റെ അനുവാദത്തോടെ ആയിരുന്നില്ല. അതുകൊണ്ട് ആകെ ബാക്കിയുള്ള എന്റെ ഈ ശബ്ദവും അങ്ങ് തിരിച്ചെടുത്തോളൂ; എനിക്ക് പരാതിയില്ല” എന്ന്. അത്ഭുതമെന്നു പറയട്ടെ, ഹൃദയം നുറുങ്ങിയുള്ള ആ പ്രാര്‍ത്ഥനക്കു ശേഷം എന്റെ ശബ്ദം പഴയതുപോലെ ആയി. പിന്നീട് ഇതുവരെയും ശബ്ദത്തിന് യാതൊരു കുഴപ്പവുമില്ലെന്നു മാത്രമല്ല, ആ ശബ്ദം ഉപയോഗിച്ച് എനിക്ക് അനേകരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താനും സാധിക്കുന്നു.

തിരിച്ചടിയിലൂടെ ലഭിച്ച ചില തിരിച്ചറിവുകള്‍

എന്റെ ജീവിതത്തിലുണ്ടായ വലിയ തിരിച്ചടിയായിരുന്നു അപ്രതീക്ഷിതമായുണ്ടായ ഈ അസുഖം. മൂന്നു പെണ്‍മക്കളില്‍ ഇളയ ആളായിരുന്നതിനാലും മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ഞാനാണെന്ന ബോധ്യം ഉണ്ടായിരുന്നതിനാലും നന്നായി പഠിക്കണം, നല്ലൊരു ജോലി വാങ്ങണം എന്നതൊക്കെയായിരുന്നു ചെറുപ്പം മുതലേയുള്ള സ്വപ്നം. പക്ഷേ, എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി അതായിരുന്നില്ല എന്ന് പിന്നീടാണ് മനസിലാക്കിയത്. മാറാരോഗത്തിന് അടിമയായി അന്ത്യം വരെയും ജീവിക്കണമെന്ന് അറിഞ്ഞ നിമിഷം ആകെയൊരു പകപ്പായിരുന്നു. ആദ്യമൊക്കെ ദൈവത്തോട് ദേഷ്യമായിരുന്നു. പിന്നീട് ഇത് സ്വപ്‌നമായിരിക്കുമെന്നും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ എല്ലാം ശരിയാകുമെന്നുമെല്ലാം വിചാരിച്ചു. ആണ്‍കുട്ടികളുടെ അഭാവം നികത്തി വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ഓടിച്ചാടി നടന്നിരുന്ന എനിക്ക് രോഗാവസ്ഥ ശരിക്കും ഒറ്റപ്പെടലും നിരാശയുമാണ് സമ്മാനിച്ചത്; അതുപോലെ തന്നെ ശാരീരിക വേദനയും. കറിക്കത്തി കൊണ്ട് കൈ മുറിഞ്ഞാല്‍ പോലും സഹിക്കാന്‍ പറ്റാതിരുന്ന എനിക്ക് വേദനകളില്ലാത്ത ദിവസങ്ങള്‍ ജീവിതത്തില്‍ ഇല്ലാതായി. ആരെങ്കിലും അടുത്തു കൂടി നടന്നുപോവുമ്പോഴുണ്ടാകുന്ന ചെറിയ കാറ്റടിച്ചാല്‍ പോലും കടുത്ത വേദന അനുഭവപ്പെട്ടിരുന്ന അവസരങ്ങള്‍. അപ്പോഴൊക്കെ എല്ലാവരോടും, എല്ലാത്തിനോടും ദേഷ്യവും സങ്കടവും നിരാശയുമൊക്കെയായിരുന്നു തോന്നിയിരുന്നത്.

ഏറെ നാളുകള്‍ക്കു ശേഷമാണ് കുറവുകളെ സ്‌നേഹിക്കാനും വേദനകളെയും സഹനങ്ങളേയും കൃപകളാക്കി മാറ്റാനും ഞാന്‍ പഠിച്ചത്. ഈശോയുടെ കുരിശിന്‍ചുവട്ടിലേക്ക് സ്വയം സമര്‍പ്പിക്കാന്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ അളവില്ലാത്ത സമാധാനവും ക്ഷമയും സന്തോഷവും എനിക്ക് അനുഭവിക്കാൻ സാധിച്ചുതുടങ്ങി. അതുവഴിയായി സ്വര്‍ഗ്ഗവുമായി വ്യക്തിപരമായ ഒരു ബന്ധവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ആര്‍ക്കെതിരേയും തിന്മ ചെയ്യാതിരിക്കുന്നതല്ല, ചിലര്‍ക്കെങ്കിലും നന്മ ചെയ്യുന്നതാണ് ദൈവസന്നിധിയില്‍ വിലപ്പെട്ടതെന്നും മനുഷ്യരേക്കാള്‍ ദൈവത്തേയാണ് പ്രീതിപ്പെടുത്തേണ്ടതെന്നുമൊക്കെയുള്ള ബോധ്യവും തിരിച്ചറിവും സഹനയാത്രയിലെ ഓരോ ഘട്ടത്തിലും ഞാന്‍ മനസിലാക്കിയെടുത്തു. ഇപ്പോഴും ഓരോ ദിവസവും ഓരോരോ ജീവിതപാഠം ഉള്‍ക്കൊള്ളാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ തന്നെ എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്, പൂര്‍ണ്ണമായും ദൈവഹിതം നിറവേറ്റിക്കൊണ്ടുള്ള നന്മരണവും സ്വര്‍ഗ്ഗവാസവും. ഈശോയെയും പരിശുദ്ധ അമ്മയെയും സ്വര്‍ഗ്ഗവാസികളേയും നേരില്‍ കാണുന്നതിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ഞാന്‍.

പ്രാര്‍ത്ഥനയെന്നാല്‍ ദൈവത്തോടുള്ള സല്ലാപം

ഒരു സുഹൃത്തിനോടെന്ന പോലെയാണ് ഞാന്‍ എപ്പോഴും ദൈവത്തോട് സംസാരിക്കാറുള്ളത്; അമ്മയോടെന്ന പോലെ പരിശുദ്ധ മറിയത്തോടും. വീട്ടിലായിരുന്നാലും ദേവാലയത്തിലായിരുന്നാലും അങ്ങനെ തന്നെ. ദേവാലയത്തില്‍ പോവുക എന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടായതിനാല്‍ വര്‍ഷത്തില്‍ അഞ്ചോ, ആറോ തവണ മാത്രമാണ് ദേവാലയത്തില്‍ പോകാന്‍ അവസരം കിട്ടുക. ധാരാളം ആളുകള്‍ അവരുടെ വ്യക്തിപരമായ നിയോഗങ്ങള്‍ക്കു വേണ്ടി എന്നോട് പ്രാര്‍ത്ഥനാസഹായം തേടാറുണ്ട്. അതുകൊണ്ട് മദ്ധ്യസ്ഥപ്രാര്‍ത്ഥനക്കായും ധാരാളം സമയം കണ്ടെത്താറുണ്ട്. ജപമാല, കരുണക്കൊന്ത, നൊവേന തുടങ്ങിയവയെല്ലാം എന്നോട് പ്രാര്‍ത്ഥനാസഹായം തേടുന്നവര്‍ക്കായും ശുദ്ധീകരണാത്മാക്കള്‍ക്കായും എന്റെ തന്നെ വിശുദ്ധീകരണത്തിനായും കാഴ്ചവയ്ക്കാറുമുണ്ട്.

സകലവിശുദ്ധരുടേയും സാന്നിധ്യം തിരിച്ചറിഞ്ഞ സംഭവം

വ്യക്തിപരമായ പ്രാര്‍ത്ഥനക്കിടയിലും കുടുംബപ്രാര്‍ത്ഥനയിലും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം തേടുന്നത് എന്റെ പതിവാണ്. ഒരിക്കല്‍ ഞാനും അമ്മയും മാത്രം വീട്ടിലുള്ള ഒരു ദിവസം സന്ധ്യാപ്രാര്‍ത്ഥനക്കിടെ ഞങ്ങള്‍ ഇതുപോലെ സകല വിശുദ്ധരുടേയും സഹായം തേടി. ആ സമയത്താണ് ഞങ്ങളുടെ വീടിനു മുമ്പിലൂടെ ഏതാനും ബന്ധുക്കള്‍ തൊട്ടടുത്തു തന്നെയുള്ള ഞങ്ങളുടെ തറവാട്ടുവീട്ടിലേക്കു പോയത്. ഞങ്ങളുടെ വീട്ടില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ശബ്ദം കേട്ട് അവര്‍ വിചാരിച്ചത് ഇവിടെ നിറയെ ആളുകള്‍ ഉണ്ടെന്നാണ്. തറവാട്ടില്‍ നിന്നുള്ള ആരെങ്കിലുമൊക്കെ ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകുമെന്നാണ് അവര്‍ കരുതിയത്. പക്ഷേ, തറവാട്ടില്‍ ചെന്നപ്പോള്‍ അവിടെയുള്ളവരെല്ലാം അവിടെത്തന്നെ ഉണ്ടുതാനും. അക്കാര്യം പിന്നീട് അവര്‍ അത്ഭുതത്തോടെ ഞങ്ങളോട് തന്നെ പങ്കുവയ്ക്കുകയും ചെയ്തു. സകല വിശുദ്ധരും ഞങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നുണ്ടെന്ന ബോധ്യം ആ സംഭവത്തോടെ എന്റെ മനസില്‍ ഉറച്ചു.

വേദനിക്കുന്നവരോട് ഒരു വാക്ക്

എന്നെ കേള്‍ക്കാന്‍ ആരുമില്ല എന്നത് ഇക്കാലത്ത് പല ആളുകളുടേയും പരാതിയാണ്; അതു സത്യവുമാണ്. തിരക്കേറിയ ഈ ലോകത്ത് മറ്റൊരാളുടെ പരാതിയും പരിഭവവും കേള്‍ക്കാനും ആശ്വാസവാക്കുകള്‍ പറയാനും ആര്‍ക്കാണ് സമയം. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് ദൈവം എനിക്ക് ബാക്കി നല്‍കിയ കേള്‍വിയും ശബ്ദവും ഉപയോഗിച്ച് ഹൃദയം നുറുങ്ങിയവരെ ആശ്വസിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്ന ബോധ്യത്തിലേക്ക് ഞാൻ എത്തിയത്. പലവിധ സഹനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന നിരവധി ആളുകള്‍ എന്നോട് അവരുടെ സങ്കടങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയുള്ളവരെ സ്വാന്ത്വനിപ്പിക്കാനും ദൈവാശ്രയബോധത്തിലേക്ക് വളര്‍ത്താനുമാണ് ഞാന്‍ ഇപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും. ഏതെങ്കിലുമൊക്കെ കാരണങ്ങളുടെ പേരില്‍ നിരാശയില്‍ കഴിയുന്നവരോട് ഞാന്‍ പറയാറുള്ളത് ഇതാണ്, “പ്രശ്‌നങ്ങളിലേക്കു മാത്രം നോക്കിയിരുന്നാല്‍ അവ അവസാനിക്കുന്ന ഒരു കാലം ചിലപ്പോള്‍ ഉണ്ടായെന്നു വരില്ല. അതേസമയം ദൈവത്തോടു ചേര്‍ന്നുനിന്ന്, വിശുദ്ധ കുരിശിനോട് ചേര്‍ന്നുനിന്ന് അവയെ സന്തോഷത്തോടെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറായാല്‍ ഏത് അവസ്ഥയെയും സധൈര്യം, പുഞ്ചിരിയോടെ നേരിടാനും പതറാതെ മുന്നോട്ടു പോകാനും ദൈവകൃപ അനുഭവിക്കാനും കഴിയും.”

ഹൃദയത്തില്‍ തൊട്ട ‘കുന്തുരുക്കം’

ഫാ. ജോര്‍ജ് കടൂപ്പാറയില്‍ അച്ചന്‍, സന്ന്യാസിനിയായ തന്റെ സഹോദരിയുടെ രോഗാവസ്ഥയെയും മരണത്തേയും കുറിച്ച് എഴുതിയ ‘കുന്തുരുക്കം’ എന്ന പുസ്തകത്തിന്റെ ഓഡിയോ വേര്‍ഷന്‍ ഞാനും കേള്‍ക്കാനിടയായി. ഓരോ അധ്യായങ്ങള്‍ കേട്ടുകഴിയുമ്പോഴും അടുത്തത് എന്ത് എന്ന ആകാംക്ഷയോടെയാണ് കേട്ടിരുന്നത്. മാറാരോഗികളും മാരകരോഗികളും സമാനമായ അസ്വസ്ഥകളും വേദനകളുമാണ് അനുഭവിക്കുന്നതെന്നും നമ്മുടെ രോഗാവസ്ഥയെ നോക്കി സഹതാപം പ്രകടിപ്പിക്കുന്നവരെല്ലാം ആത്മാര്‍ത്ഥതയോടെയല്ല അത് ചെയ്യുന്നതെന്നും ‘കുന്തുരുക്കത്തിലൂടെ’ അച്ചന്‍ പറയുന്നുണ്ട്. ‘നീ ഇതുവരെ മരിച്ചില്ലേ’ എന്ന ചോദ്യം ഒരിക്കല്‍ എന്റെ മുഖത്തു നോക്കി ഒരാള്‍ ചോദിച്ച സംഭവവും ആ സമയത്ത് ഞാൻ ഓര്‍ത്തു.

ഇതുപോലെ രോഗങ്ങളിലൂടെ കടന്നുപോവുകയും മരണത്തിനായി ഒരുങ്ങുകയും ചെയ്യുന്നവരോടായി ഒരു സിനിമാക്കഥ ഉദാഹരണമാക്കി അച്ചന്‍ ഒരു സന്ദേശവും പുസ്തകത്തിലൂടെ നല്‍കുന്നുണ്ട്. നിങ്ങള്‍ മരണത്തിനായി ഒരുങ്ങുമ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം മനസില്‍ ഓര്‍ത്തുകൊണ്ടേയിരിക്കുക. എങ്കില്‍ മരണശേഷവും ആ രംഗവും അതിലെ സന്തോഷവും നിത്യജീവിതത്തിലും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും എന്ന്. അത് കേട്ടപ്പോള്‍ ഞാനോര്‍ത്തു. എന്റെ ജീവിതത്തിലെ ഏതു രംഗമാണ് ഇത്തരത്തില്‍ ഞാന്‍ ഓര്‍ക്കുക എന്ന്. ആലോചിച്ചപ്പോള്‍ എനിക്ക് അത് കിട്ടുകയും ചെയ്തു. രോഗാവസ്ഥയില്‍ ആയിരുന്ന സമയത്ത് എനിക്ക് രണ്ടു തവണ തീര്‍ത്തും അസഹനീയമായ വേദന ഉണ്ടായിട്ടുണ്ട്. ആ രണ്ട് സമയത്തും ചങ്കു പൊട്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഈശോയുടെ നെഞ്ചിലേക്ക് ഞാന്‍ മുഖം അമര്‍ത്തിയിരുന്നു. വേദനക്ക് പരിപൂര്‍ണ്ണ സൗഖ്യവും ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈശോയുടെ തിരുഹൃദയത്തില്‍ മുഖം അമര്‍ത്തിയ ആ രംഗത്തെ മരണസമയത്തേക്കുള്ള ഒരുക്കത്തില്‍ കൂടെക്കൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. സഹനങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും ‘കുന്തുരുക്കം’ എന്ന പുസ്തകം നല്‍കുന്ന സന്ദേശം ആശ്വാസവും അനുഗ്രഹവുമാകും.

എനിക്കൊരു മാതൃകയാവണം

രോഗത്തിന്റെ തുടക്ക കാലങ്ങളില്‍ എന്നോട് ഏതെങ്കിലും ധ്യാനത്തിനു പോകാന്‍ പലരും നിര്‍ബന്ധിക്കുമായിരുന്നു; അത് കേള്‍ക്കുന്നത് എനിക്ക് ദേഷ്യവുമായിരുന്നു. കാരണം എന്നോട് അതിന് നിര്‍ദ്ദേശിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഞാന്‍ നോക്കിയിരുന്നു. പക്ഷേ, എനിക്ക് അവരില്‍ യാതൊരു നന്മയും അവരുടെ സ്വഭാവത്തില്‍ യാതൊരു ചൈതന്യവും കാണാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ കാലങ്ങള്‍ കടന്നുപോയി. പിന്നീട് ഒരവസരത്തില്‍ എനിക്ക് സ്വയം തോന്നി ഒരു ധ്യാനത്തില്‍ സംബന്ധിച്ചു. അവിടെ വച്ച് എന്റെ വിശ്വാസവും ദൈവാശ്രയത്വബോധവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. അന്നു തന്നെ ഞാനൊരു തീരുമാനവുമെടുത്തു. ആരെയും ധ്യാനത്തിന് പോകാന്‍ നിര്‍ബന്ധിക്കില്ല, പക്ഷേ എന്റെ ജീവിതം കൊണ്ടും മാതൃക കൊണ്ടും അവരെ ഞാന്‍ ദൈവത്തിങ്കലേക്ക്  ആനയിക്കുമെന്ന്. ആ തീരുമാനത്തില്‍ നിന്ന് ഇതുവരെയും വ്യതിചലിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസവും. ഏത് പ്രതികൂല അവസ്ഥയിലും ദൈവത്തോട് ചേര്‍ന്നുനിന്നാല്‍ ലഭിക്കുന്ന അളവില്ലാത്ത ആനന്ദത്തെക്കുറിച്ച്, എന്റെ ജീവിതം കാണിച്ചുകൊടുത്തുകൊണ്ട് സാക്ഷ്യം നല്‍കുകയാണിപ്പോള്‍. സങ്കീര്‍ത്തകനോടൊപ്പം ഞാനും പറയുന്നു: “ദുരിതങ്ങള്‍ എനിക്ക് ഉപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീ. 119:71).

കീര്‍ത്തി ജേക്കബ്

5 COMMENTS

  1. Geena josephs life experience is very touching and teaches many valuable lessons..her deep faith and acceptance of God’s will ..May God protect her in His loving hands.keerthy Jacob deserves sincere thanks and congrats for bringing out such events of God’s beloved children. Fr Emmanuel Mattam

  2. FrRanjit Capuchin. Congratulations JEENA my beloved sistergi. I have visited YOU. Hope you remember our encounter. GOD’S BLESSING BE UPON YOU . Continue to do your apostate , consoling, praying and guiding the sorrowful SOULS to the SACRED HEART OF JESUS . Plse remember me in your prayers. Thanks a lot.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.