ജീവന്റെ സംരക്ഷണദിനം

ഫാ. ജോൺസൺ പുത്തൻവീട്ടിൽ

കുഞ്ഞിന് ജന്മം നൽകുന്നതിന്റെ സഹനത്താൽ, കുഞ്ഞു വേണ്ട എന്ന ആശയം സൂക്ഷിക്കുന്നവർക്ക് ജീവിതസാക്ഷ്യത്തിന്റെ മറുപടി നൽകുന്ന കുടുംബം

വിപിൻ – റോസി ദമ്പതികളുടെ ദൈവദാനമായ ഇരട്ടമക്കൾ ആദം ജോസഫ് & ഇസ്സ ജോസഫ്. 9.3.2020 -ൽ ജനിച്ച 11.6.2020 -ൽ ജ്ഞാനസ്നാനം ലഭിച്ച ദൈവമക്കൾ.
രണ്ടു കുടുംബങ്ങളുടെയും ഇവരെ അറിയാവുന്ന നിരവധി പേരുടെയും നിരന്തരപ്രാർത്ഥനയുടെ ദൈവികമായ മറുപടിയാണ് ഈ മക്കൾ.

റോസിയുടെ ഉദരത്തെ ദൈവം അനുഗ്രഹിച്ച് ആദ്യം സ്പർശിച്ചപ്പോൾ ഇരട്ടക്കുട്ടികളായിരുന്നു. ഉദരത്തിൽ കുഞ്ഞുങ്ങളുടെ സാന്നിധ്യം അറിഞ്ഞതു മുതൽ റോസിക്ക് ശാരീരികാസ്വസ്ഥതകൾ തുടങ്ങി. ഡോക്ടറുടെ നിർദ്ദേശാനുസരണം പൂർണ്ണവിശ്രമത്തിലേക്ക് – കിടക്കയിലേക്ക് ഈ സഹോദരിക്കു മാറേണ്ടിവന്നു.

രണ്ടു കുടുംബങ്ങളും വിപിനും ആത്മീയമായും മാനസികമായും ശാരീരികമായ പിന്തുണ നൽകി റോസിയോട് ചേർന്നുനിന്നു. എന്നിട്ടും റോസിയുടെ ആരോഗ്യനില മോശമായപ്പോൾ പൂർണ്ണവളർച്ചയിലെത്താത്ത ഇരട്ടക്കുഞ്ഞുങ്ങൾക്ക് അവൾ ജന്മം നൽകിയെങ്കിലും അവരുടെ ജീവൻ നിലനിർത്താനായില്ല. രണ്ടു മാലാഖക്കുഞ്ഞുങ്ങളുടെ പിഞ്ചുദേഹവുമായി വിപിനും പ്രിയപ്പെട്ട കുടുംബാംഗങ്ങളുമൊത്ത് കണ്ണീരൊടെ സെമിത്തേരിയിൽ പ്രാർത്ഥിച്ച നിമിഷം ഹൃദയഭേദകമായിരുന്നു.

റോസിയെ അഭിമുഖീകരിക്കാനും ആശ്വസിപ്പിക്കാനും എളുപ്പമായിരുന്നില്ല. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദൈവപദ്ധതിയിൽ “അതെ” എന്നുപറഞ്ഞ പരിശുദ്ധ മാതാവിന്റെ മനോഭാവം സ്വീകരിച്ച റോസി വലിയ സാക്ഷ്യമാണ്. പ്രാർത്ഥനയുടെ ശക്തിയാൽ തന്നെയും കുടുംബത്തെയും ബലപ്പെടുത്തിയ റോസിയെയും വിപിനെയും അധികം താമസിയാതെ തന്നെ ഇരട്ടക്കുട്ടികളാൽ ദൈവം വീണ്ടും അനുഗ്രഹിച്ചു.

റോസിയുടെ ആരോഗ്യനില പഴയതുപോലെ ബുദ്ധിമുട്ടിലായി. ആദ്യം ലഭിച്ച മക്കൾ നഷ്ടമായ റോസിയും കുടുംബവും കടന്നുപോയ മാനസിക സംഘർഷം വാക്കുകൾക്ക് അതീതമാണ്. ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച്, വിശ്വാസത്തിന്റെ മാതൃക നൽകിയ നാളുകൾ. വീണ്ടും കിടക്കയിൽ ശരണം പ്രാപിച്ച റോസി ബൈബിളും ജപമാലയും ഇരുകൈകളിലുമെടുത്തു; കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും കരങ്ങൾ കൂപ്പിയും ഉപവസിച്ചും പ്രാർത്ഥിച്ചപ്പോൾ ദൈവം ഇറങ്ങിവന്ന അനുഭവം. സഹനത്തിന്റെയും കരുതലിന്റെയും ശക്തമായ ദിനങ്ങൾ. കണ്ണീരിനും വിശ്വാസത്തിനും സഹനത്തിനും പ്രത്യാശയ്ക്കും കർത്താവ് നൽകിയ സമ്മാനമാണ് ആദവും ഇസ്സയും – ആൺകുട്ടിയും പെൺകുട്ടിയും.

ജീവനായ് കരയാൻ പൊതുസമൂഹത്തോട് സഭ ആവശ്യപ്പെട്ട ദിനത്തിൽ ഈ സാക്ഷ്യം പങ്കുവയ്ക്കുന്നത് കുടുംബമോ, കൂട്ടുകാരോ, നാട്ടുകാരോ, ആശുപത്രിയോ വേണ്ട, സഹിക്കണ്ട, ഉദരത്തിലെ കുഞ്ഞിനെ നശിപ്പിക്കാമെന്നു പറയുന്ന അവസരങ്ങളുണ്ടാകുമ്പോൾ വിപിനും റോസിയും ആദവും – ഇസ്സയും നിങ്ങളോട് അനുഭവത്തിൽ നിന്നു പറയുന്നു – ‘ദൈവം കൂടെയുണ്ട്.’

“അവിടുന്ന്‌ എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി” (സങ്കീ. 30:11).

ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ബി.സി.സി. ഡയറക്ടർ
ആലപ്പുഴ രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.