“നിലവിളികള്‍ക്കിടയിലൂടെ…” – നൂറോളം ‘കോവിഡ് മൃതസംസ്ക്കാരങ്ങള്‍’ നടത്തിയ ചെറുപ്പക്കാര്‍ മനസു തുറക്കുന്നു 

സി. സൗമ്യ DSHJ

“ഇരുപത്തിമൂന്ന് വയസുള്ള എന്റെ മകനാണ് മരിച്ചത്, മോനൊന്ന് വന്ന് സഹായിക്കാമോ”? മകന്‍ മരിച്ച അപ്പന്റെ ഫോണ്‍ കോളാണ്. മൃതദേഹം സംസ്ക്കരിക്കാനുള്ള സഹായത്തിനായുള്ള വിളിയാണ്. അരുണിന്റെ മനസൊന്നുലഞ്ഞു. കാരണം അരുണിനും ഇരുപത്തിമൂന്ന് വയസാണ്! “തീര്‍ച്ചയായും എത്തും” എന്നു വാക്ക് പറഞ്ഞു ഫോണ്‍ വച്ചു. അരുണിന് മാത്രമല്ല, അരുണിന്റെ കൂട്ടുകാര്‍ക്കും ഇതുപോലുള്ള ഫോണ്‍ കോളുകള്‍ വരാറുണ്ട്. അതുകൊണ്ടുതന്നെ, അരുണിനും കൂട്ടുകാര്‍ക്കും ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോവിഡ് ബാധിച്ചു മരിച്ച നൂറോളം പേരുടെ മൃതസംസ്ക്കാരം ഇതിനകം അരുണും കൂടെയുള്ള യുവജനങ്ങളും ചേര്‍ന്നു നടത്തികഴിഞ്ഞിരിക്കുന്നു! ഓരോ മൃതസംസ്ക്കാര ചടങ്ങും കണ്ണീര്‍ വീഴ്ത്തുന്ന അനുഭവമാണ്‌ ഈ യുവജനങ്ങള്‍ക്ക്‌. തുരുത്തി മർത്തമറിയം ഫൊറോന ഇടവകാംഗവും ചങ്ങനാശ്ശേരി എസ്ബി കോളേജിൽ രണ്ടാം വർഷ എംകോം വിദ്യാർത്ഥിയുമായ അരുൺ ജോസഫ് നെടുംപറമ്പിൽ തന്റെയും സുഹൃത്തുക്കളുടെയും ഹൃദയങ്ങളില്‍ അടയാളപ്പെടുത്തിയ അനുഭവങ്ങൾ ലൈഫ് ഡേയുമായി പങ്കുവെയ്ക്കുകയാണ്.

പതിനഞ്ചു പേരടങ്ങുന്ന സന്നദ്ധപ്രവർത്തകർ  

ഇതുവരെ ഏകദേശം നൂറിനടുത്ത് കോവിഡ് മൃതസംസ്ക്കാരങ്ങള്‍ അരുണും കൂട്ടുകാരും ചെയ്തു കഴിഞ്ഞിരിക്കുന്നു. രണ്ടാം തരംഗത്തിൽ മാത്രം പതിനഞ്ചോളം പേരുടെ മൃതസംസ്ക്കാരമാണ് ഇവര്‍ നടത്തിയത്. ഓരോ മൃതസംസ്ക്കാര സമയത്തും വ്യത്യസ്ത തരം അനുഭവങ്ങൾക്കും വേദനകൾക്കുമാണ് ഇവര്‍ സാക്ഷ്യം വഹിക്കുന്നത്. അരുണിനെപ്പോലെ ഈ മഹത് കര്‍മ്മത്തില്‍ ചേരാന്‍ തുരുത്തി ഇടവകയില്‍ നിന്നും പതിനഞ്ചു പേര്‍ കൂടിയുണ്ട്. കുര്യൻ ജോർജ്, ആൽവിൻ ലാലി മോൻ, മെബിൻ തോമസ്, കെവിൻ സേവ്യർ, റോഷൻ ജെയിംസ്, ജിത്തു ജോസി, ജോമോൻ അബ്രഹാം, ജിൻസൺ ഫ്രാൻസിസ്, ജോജോ ജോസഫ്, അഖിൽ ജോസഫ്, ജിനു ജേക്കബ്, സോമു ജോസഫ്, ടോണി ആന്റണി, മോബിൻ തോമസ് എന്നിവരാണ്‌ ആ പതിനഞ്ചു പേര്‍.

2020 ഓഗസ്റ്റ് രണ്ടാം ആഴ്ചയില്‍ തുരുത്തി പള്ളിയിലെ കൊച്ചച്ചൻ, ഫാ. ഗ്രിഗറി മേപ്പുറം അച്ചന്‍ ഫോൺ വിളിച്ചു ചോദിച്ചു: “കോവിഡ് ബാധിച്ചവരുടെ മൃതസംസ്ക്കാരം എങ്ങനെ നടത്താമെന്നും അവരെ എങ്ങനെ സഹായിക്കാമെന്നും ബോധവത്‌കരണം നൽകുന്ന ഒരു ക്ലാസ് ഉണ്ട്. ഒരു ഡോക്ടർ ആണ് ഈ ക്ലാസ് നയിക്കുന്നത് നിനക്ക് പോകാമോ?” അച്ചൻ പറഞ്ഞതനുസരിച്ച്  തുരുത്തി പള്ളിയിൽ നിന്നും മൂന്ന് പേരാണ് പോയത് – അരുൺ ജോസഫ്, കുര്യൻ ജോർജ്, ആൽവിൻ ലാലിമോൻ എന്നിവര്‍. ആ ക്ലാസിൽ അഞ്ചു യുവാക്കളും ഏഴോളം അച്ചന്മാരും നാല് സിസ്റ്റേഴ്സും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട തോമസ് തറയിൽ പിതാവും അതിൽ സന്നിഹിതനായിരുന്നു. അങ്ങനെ മൊത്തം ഇരുപതോളം പേർ. കാരണം, ആ സമയത്തു കോവിഡ് സംബന്ധമായ വളരെയേറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എങ്ങനെയാണ് കോവിഡ് രോഗിയുടെ മൃതദേഹം അടക്കം ചെയ്യേണ്ടത്, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ ആ ക്ലാസിൽ നിന്നും അവർക്ക് മനസിലായി. ഈ ക്ലാസ് കഴിഞ്ഞു രണ്ടാഴ്ചക്ക് ശേഷമാണ് ആദ്യത്തെ കോവിഡ് മരണം സംഭവിക്കുന്നത്. അതായത് ഓഗസ്റ്റ് 23. കുളത്തൂർമൊഴി എന്ന സ്ഥലത്തായിരുന്നു ആ മരണം.

ആ മരണം സംഭവിച്ചപ്പോള്‍ യുവദീപ്തിയുടെ ഡയറക്ടറായ ജേക്കബ് ചക്കാത്തറ അച്ചൻ, ക്ലാസിൽ പങ്കെടുത്ത അരുൺ ഉൾപ്പെടെയുള്ളവരെ വിളിച്ചു. മൃതസംസ്ക്കാരത്തിന് സഹായം ആവശ്യമുള്ള കാര്യം അറിയിച്ചു. ധൈര്യമുണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധൈര്യക്കുറവൊന്നും ആ ചെറുപ്പക്കാര്‍ക്ക് തോന്നിയില്ല. ക്ലാസിൽ പങ്കെടുത്തതോടു കൂടി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ പേടിക്കേണ്ട കാര്യമില്ലെന്ന് ഈ ചെറുപ്പക്കാർക്ക് ബോധ്യമായിരുന്നു. അങ്ങനെ ആദ്യത്തെ ആ മൃതസംസ്ക്കാരത്തിന് പോകാൻ തീരുമാനിച്ചു. അന്ന് ക്ലാസിൽ പങ്കെടുത്ത തുരുത്തിയില്‍ നിന്നുള്ള മൂന്ന് പേരും നെടുങ്കുന്നം പള്ളിയിൽ നിന്നുള്ള മറ്റ് രണ്ട് യുവജനങ്ങളും ചേർന്ന് അഞ്ചു പേർ തയ്യാറായി. ആദ്യത്തെ മൃതസംസ്ക്കാരം കഴിഞ്ഞു. വല്ലാത്ത ഒരനുഭവം ആയിരുന്നു അത്. മനുഷ്യര്‍ ഒറ്റപ്പെടുമ്പോഴുള്ള വേദന എന്താണെന്ന് അന്ന് ബോധ്യമായി. കൊവിഡ് മരണത്തിന്റെ, മരണാനന്തര ചടങ്ങുകളുടെ പിരിമുറുക്കം എന്താണെന്നും മനസിലായി  അതൊരു തുടക്കം മാത്രമായിരുന്നു…

കണ്ണീരോടെ ആ അപ്പച്ചൻ പറഞ്ഞത്

ഒട്ടേറെ അനുഭവങ്ങള്‍ ഇവര്‍ക്ക് പറയാനുണ്ട്‌. കണ്ണുകള്‍ നനയ്ക്കുന്ന ഒരനുഭവം ഇതാണ്. ജനുവരി ആദ്യം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഒരു പള്ളിയിൽ ഒരാൾ മരിച്ചുവെന്ന് പറഞ്ഞത് പ്രകാരം ഇവർ ചെന്നു. മോർച്ചറിയിലായിരുന്ന മൃതദേഹം മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ പുറത്തെത്തിക്കാൻ കയറി ചെന്നപ്പോൾ ഒരാൾ കാണാൻ ഉണ്ടെന്ന് പറഞ്ഞു. മരിച്ചത് ഒരു അമ്മച്ചിയായിരുന്നു. കാണാൻ ഉള്ളത് ആ അമ്മച്ചിയുടെ ഭർത്താവും. ഏകദേശം എൺപത്തഞ്ചിനും തൊണ്ണൂറിനും ഇടയിൽ പ്രായമുള്ളവര്‍. രണ്ടുപേരും ആ ആശുപത്രിയിൽ തന്നെ കോവിഡ് ബാധിച്ച് അഡ്മിറ്റായവരായിരുന്നു. അതിലെ അമ്മച്ചിയാണ് മരിച്ചത്. മരിച്ച അമ്മച്ചിയെ കാണാൻ ആ അപ്പച്ചൻ വന്നതാണ്! ഹൃദയഭേദകമായിരുന്നു ആ കൂടിക്കാഴ്ച. ഒരുമിച്ച് ആശുപത്രിയില്‍ വന്നവരില്‍ പ്രാണന്റെ പാതി നിത്യമായി യാത്ര പറഞ്ഞു, നിശ്ചലമായി കിടക്കുന്നു! മൃതദേഹം കണ്ടതിനി ശേഷം, കണ്ണീരോടെ ആ അപ്പച്ചൻ ഈ യുവജനങ്ങൾക്ക് നന്ദി പറഞ്ഞു. ആ നന്ദിക്ക് എന്തെന്നില്ലാത്ത ഹൃദ്യത ഉള്ളതായി അവർക്കനുഭവപ്പെട്ടു. “മക്കളെ, നന്ദിയുണ്ട്. വേറാരുമില്ലായിരുന്നു. എന്നെ തനിച്ചാക്കിയിട്ട് അവൾ പോയി.” എങ്ങലടികളോടെ, ആ അപ്പച്ചൻ തിരിച്ചു ആശുപത്രിയിലേക്ക് പോയി. ആ അമ്മയുടെ സംസ്ക്കാര ശുശ്രൂഷകളും കഴിഞ്ഞു.

നാലോ അഞ്ചോ ദിവസങ്ങൾക്ക് ശേഷം ആ ഇടവകയിൽ തന്നെ വീണ്ടുമൊരു മൃതസംസ്ക്കാര ശുശ്രൂഷയ്ക്ക് ഇവരെ വിളിച്ചു. ഇവര്‍ ചെന്നു. വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയാണ്. അപ്പോഴാണ് ഇവര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്, ആ അമ്മച്ചിയുടെ മൃതദേഹം ഏറ്റുവാങ്ങിയർ തന്നെയാണ് ഇപ്പോഴും മൃതദേഹം ഏറ്റുവാങ്ങാന്‍ വന്നിരിക്കുന്നത്. ചുറ്റുപാടുമുള്ള ബന്ധുക്കളും പഴയ ആളുകള്‍ തന്നെ. ദൈവമേ, അന്ന് കണ്ട അപ്പനാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത്! അന്ന് തന്റെ പ്രിയപ്പെട്ടവളുടെ മൃതസംസ്ക്കാര ശുശ്രൂഷ നടത്തിയതിന് നന്ദിയും പറഞ്ഞു പോയ അപ്പച്ചനാണ് ഇപ്പോള്‍ അവരുടെ കൈകളില്‍!

“ആ അപ്പച്ചന്റെ നന്ദിപ്രകടനം അവസാന വാക്കുകളായിരുന്നു എന്ന് അന്ന് ഞങ്ങൾക്ക് മനസിലായില്ലായിരുന്നു. അതിന് ശേഷം നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോൾ ആ അപ്പച്ചനും കോവിഡ് ബാധിച്ച് മരിച്ചു. പെട്ടന്ന് ഞങ്ങൾക്ക് അത് വിശ്വസിക്കാൻ പറ്റാതായിപ്പോയി. ആ അപ്പച്ചൻ കണ്ണീരോടെ അന്ന് പറഞ്ഞ  വാക്കുകൾ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരുന്നു; ആ മുഖം കൺമുൻപിൽ അപ്പോഴും തെളിഞ്ഞു വന്നുകൊണ്ടിരുന്നു.” അരുണിന്റെ സ്വരം ഇടറുന്നു.

കോവിഡ് രോഗികളുടെ മൃതസംസ്ക്കാരം നടത്തുന്ന രീതി  

കോവിഡ് രോഗബാധിതരായവരെ അടക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ചിലരെ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി, കൊണ്ടുവന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്യാസ് ബർണറിൽ വെയ്ക്കും. അല്ലെങ്കിൽ വിറക് ഉപയോഗിക്കും. കത്തിയ ശേഷം രണ്ടു മൂന്ന് മണിക്കൂറിന് ശേഷം ചാരം തണുക്കുമ്പോൾ ആ ചാരം പെട്ടിയിലാക്കും. അതിനു ശേഷമാണ് അവർ ബാക്കി സംസ്ക്കാര ശുശ്രൂഷകൾ ചെയ്യുന്നത്. ഇങ്ങനെ ദഹിപ്പിക്കുന്നതിനോട് താത്പര്യമില്ലാത്തവരും അതിനോട് യോജിക്കാൻ കഴിയാത്തവരുമായവർ ഉണ്ട്. ആ സ്ഥലങ്ങളിൽ മൃതദേഹം, സെമിത്തേരിയില്‍ തയ്യാറാക്കിയിരിക്കുന്ന പത്തടി താഴ്ചയുള്ള കുഴിയിൽ അടക്കം ചെയ്യും. ആദ്യം ബ്ലീച്ചിങ് പൗഡർ ഇടും. അതിനു ശേഷം പെട്ടിയിറക്കി വെയ്ക്കും. വീണ്ടും ബ്ലീച്ചിങ് പൗഡർ ഇട്ടശേഷം പത്തടി മുകൾ വരെ മണ്ണിട്ട് മൂടും. ഇപ്രകാരമാണ് കോവിഡ് ബാധിതരെ അടക്കം ചെയ്യുന്നത്.

മൂന്നുപേരെ അടക്കം ചെയ്ത ദിനം!

പലസ്ഥലങ്ങളിൽ നിന്നും വിളിക്കുമ്പോൾ എത്തപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയും ഉണ്ട്. “ഏപ്രിൽ 30 -ന് രാവിലെ എട്ടുമണിക്ക് ചെത്തിപ്പുഴയിൽ ഒരു മൃതദേഹം സംസ്ക്കരിക്കാന്‍ ഉണ്ടായിരുന്നു. അതിനു ശേഷം പതിനൊന്ന് മണിക്ക് ആറുമാനൂരിൽ. അവിടെ മൃതദേഹം എടുത്തുകൊണ്ടിരിക്കുമ്പോൾ ചങ്ങനാശേരി കുറിച്ചിയിൽ ഒരാള്‍ മരിച്ചതായി വിവരം അറിഞ്ഞു. അവിടെ പോകാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പിന്നെ വൈകുന്നേരം മറ്റൊരെണ്ണം കൂടി അടക്കം ചെയ്യുവാൻ സഹായിക്കുമോ എന്ന് ചോദിച്ച് വിളിച്ചു. ഞങ്ങൾക്ക് ഒരു ദിവസം തന്നെ വിളി വന്നത് അഞ്ചിടത്ത് നിന്ന്. സഹായിക്കുവാൻ സാധിച്ചത് മൂന്ന് പേരെ. അന്ന് വൈകുന്നേരം വീട്ടിൽ വന്നപ്പോൾ തന്നെ രാത്രി 7.30 ആയിരുന്നു.” അരുൺ പറഞ്ഞു.

മൃതസംസ്ക്കാരത്തിന് വിളിച്ചിട്ട്, സാഹചര്യം കൊണ്ട് പോകാന്‍ പറ്റാതെ വരുന്ന അനുഭവവും അരുൺ വളരെ വിഷമത്തോടെ  പങ്കുവച്ചു. കാരണം, അരുണിനറിയാം, സഹായം ചോദിച്ച് വിളിക്കുന്നവർ അവരുടെ നിസ്സഹായതയുടെ കൊടുമുടിയില്‍ നിന്നാണ് വിളിക്കുന്നത് എന്ന്. ഏറ്റവും പ്രിയപ്പെട്ടവർ മരിച്ച വേദന, രോഗത്തിന്റേതായ പ്രത്യേക സാഹചര്യങ്ങൾ… എല്ലാംകൂടി ഒരു മനുഷ്യനെ യഥാർത്ഥത്തിൽ തളർത്തിക്കളയും. കോവിഡ് ബാധിച്ച് മരിച്ചവരുടെ നൂറിനടുത്ത് മൃതസംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുത്ത അരുണിന് അത് നന്നായി അറിയാം. അതിനാൽ തന്നെ അരുണും കൂടെയുള്ളവരും സഹായം ചോദിച്ച് വിളിക്കുന്നവരെ നിരാശരാക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എത്തിപ്പെടാൻ കഴിയാത്തിടങ്ങളിൽ മാത്രം വരാൻ സാധിക്കില്ലെന്ന് ഇവര്‍ അറിയിക്കുന്നു.

ആദ്യം ഒറ്റപ്പെടുത്തിയവര്‍ ഇന്ന് ചേര്‍ത്തു പിടിക്കുന്നു 

“നിനക്കൊക്കെ ഇതിന് പോകണ്ട കാര്യമുണ്ടോ, വീട്ടിൽ ഇരുന്നാൽ പോരെ…” എന്ന് അരുണിന്റെ മുഖത്ത് നോക്കി ചോദിച്ച പലരുണ്ർട്. ആദ്യമൊക്കെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ അടക്കിയതിന് ശേഷം വരുമ്പോൾ പലരും അകലം പാലിച്ചിരുന്നു. അതിൽ, യുവജന സുഹൃത്തുക്കളും അദ്ധ്യാപകരും ഇടവകയിൽപ്പെട്ടവരും ഒക്കെ ഉൾപ്പെടും. ആദ്യമൊക്കെ അടുത്ത സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മാത്രമാണ് ഈ യുവജനങ്ങൾ ഇത്തരമൊരു വലിയ കാരുണ്യപ്രവർത്തിയുടെ ഭാഗമാണെന്ന് അറിഞ്ഞിരുന്നത്. ആരോടും ഇവർ പറഞ്ഞിരുന്നില്ല. കാരണം, ആ സമയത്തൊക്കെ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരുമായി നല്ല അകലം പാലിച്ചിരുന്നു ആളുകൾ. കുറച്ച് അകന്നു നിൽക്കാൻ പറഞ്ഞവർ വരെയുണ്ട് അതിൽ. മൃതദേഹം അടക്കം ചെയ്യാൻ പോകുന്ന കോളേജ് വിദ്യര്‍ത്ഥികളാണ്. കോളേജിൽ ചെന്നപ്പോഴും ഇവർ ഇത്തരത്തിലുള്ള ചോദ്യങ്ങളെ അനേകം തവണ അഭിമുഖീകരിച്ചു. അതിനെക്കുറിച്ചൊന്നും ഈ യുവസുഹൃത്തുക്കൾക്ക് പരാതിയില്ല. അന്നത്തെ സാഹചര്യവും സോഷ്യൽമീഡിയ വഴി അറിഞ്ഞിരുന്ന ഭീതിപ്പെടുത്തുന്ന കാര്യങ്ങളും ഒക്കെ അത്തരത്തിൽ പെരുമാറാന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ, ഇന്ന് പലരുടെയും സ്വന്തക്കാരും ബന്ധക്കാരും അയൽക്കാരും ആയവർ മരണപ്പെടുന്ന നിസ്സഹായതയിൽ, പലരും ഈ യുവജനങ്ങളുടെ സേവനം തിരിച്ചറിയുന്നു, ഇവരായിരുന്നു ശരി എന്നവർ ഇന്ന് മാറ്റിപ്പറയുന്നു.

നെഞ്ചുരുകുന്ന ചില നേർക്കാഴ്ചകൾ

ചില സംഭവങ്ങളും ഫോൺ കോളുകളും നമ്മുടെ കരളലിയിപ്പിക്കുന്നത് ആണെന്ന് അരുൺ പറയുന്നു. കാരണം, ജീവിതത്തിൽ ഇന്നലെ വരെ കൂടെയുള്ളവർ – മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ – ഒക്കെ നിത്യമായി വേർപിരിയുന്ന അവസ്ഥ ഏതൊരു മനുഷ്യനെ സംബന്ധിച്ചും ഹൃദയഭേദകമാണ്. കോവിഡ് മരണത്തിന് പ്രായമോ, പദവിയോ, സമ്പത്തോ ഒന്നും ബാധകമല്ലല്ലോ. അത്തരമൊരു സംഭവം അരുൺ പങ്കുവെയ്ക്കുന്നത് ഇപ്രകാരമാണ്:

ഈ അടുത്ത ദിവസങ്ങളിൽ ഒരു ദിവസം രാത്രി ഒൻപത് മണിയായപ്പോൾ ഒരാൾ ഫോൺ വിളിച്ചു. “നാളെ ഒരു അടക്കുണ്ട്, മോനൊന്ന് വന്ന് സഹായിക്കാവോ” എന്ന് അദ്ദേഹം ചോദിച്ചു. എപ്പോഴാണ് വരേണ്ടത് എന്ന് പറഞ്ഞാൽ മതിയെന്ന് ഞാൻ മറുപടിയും കൊടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം എടുക്കണം. അതിന് ശേഷമാണ് സംസ്ക്കാരം നടത്തേണ്ടത്. എന്നെ വിളിച്ച ആ മനുഷ്യൻ സംസാരിക്കുന്നത് വളരെ ക്ഷീണിതനായിട്ടായിരുന്നു.

“ആരാ മരിച്ചത്, പ്രായമായ ആളാണോ”? എന്ന് ചോദിച്ചപ്പോൾ ആ മനുഷ്യൻ പറഞ്ഞു. 

“എന്റെ മോനാ മരിച്ചത്.  23 വയസായിരുന്നു അവന്.” കണ്ണീരിനിടയിലൂടെ എങ്ങനെയോ അദ്ദേഹം ഉത്തരം പറഞ്ഞു. 

വീണ്ടും ഒന്നും സംസാരിക്കാൻ മേലാത്ത അവസ്ഥയിലായിരുന്നു അവർ. അദ്ദേഹത്തിന്റെ തേങ്ങൽ മാത്രം കേൾക്കാമായിരുന്നു. നെഞ്ചുപൊട്ടുന്ന വേദന തോന്നി. കാരണം എന്റെ അതേ പ്രായമായിരുന്നു അദ്ദേഹത്തിന്റെ മരിച്ചുപോയ മകന്. വീണ്ടും ആ അപ്പച്ചനെക്കൊണ്ട് സംസാരിപ്പിക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ എങ്ങനെയെങ്കിലും എത്തിക്കോളാമെന്ന് പറഞ്ഞിട്ടു ഫോണ്‍ വച്ചു. ആ രണ്ടു ദിവസങ്ങളിൽ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല” – അരുണിന്റെ കണ്ണുകളും നിറയുന്നു.

സെമസ്റ്റർ പരീക്ഷയുടെ തലേദിവസവും ‘നോ’ പറയാതെ 

പതിനഞ്ചോളം പേർ ഈ ടീമിൽ അംഗങ്ങൾ ആണെങ്കിലും എല്ലാവരും മുഴുവൻ സമയവും ഒഴിവുള്ളവര്‍ ആകണം എന്നില്ല. അവർ സഹായിച്ച് കടന്നുപോകുന്ർനവര്‍ ആണ്. അതിനാൽ തന്നെ ചിലപ്പോൾ ആൾക്കാരുടെ കുറവ് വരുകയും മാറി നിൽക്കാൻ പറ്റില്ലാത്ത അവസ്ഥ വരുകയും ഒക്കെ ചെയ്യും. സെമസ്റ്റർ പരീക്ഷയുടെ തലേദിവസം രണ്ട് അടക്ക് വന്നു. ആദ്യത്തേതിൽ നാലുപേരെ അയച്ചു. കാരണം അരുണിന് പരീക്ഷയായതിനാൽ പോയില്ല. അപ്പോഴാണ് അടുത്ത കേസ് വരുന്നത്. അതിൽ ചെല്ലാതിരിക്കാതെ വേറെ നിവൃത്തിയില്ല. നമ്മൾ കാരണം ഒരു മൃതദേഹം അടക്കം ചെയ്യാൻ താമസിക്കരുത് എന്ന തോന്നലുള്ളതുകൊണ്ട് അതിന് അരുൺ പോയി.

കോവിഡിൽ എല്ലാവരും തുല്യർ

സമ്പത്തോ പദവിയോ എന്തൊക്കെ ഉള്ളവനായിക്കൊള്ളട്ടെ, കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒരുപോലെയാകും. അതുമായി ബന്ധപ്പട്ട ഒരു സംഭവം അരുണ്‍ വിവരിച്ചു. വലിയ സമ്പത്തുള്ള ഒരു വീട്ടിലെ ചാച്ചനാണ് മരിച്ചത്. കോവിഡ് ബാധിച്ചല്ല ആ ചാച്ചൻ മരിച്ചെങ്കിൽ, ആ മരിച്ചടക്ക് അങ്ങനെയല്ലായിരുന്നു നടക്കേണ്ടിയിരുന്നത്. മൃതദേഹം പായ്ക്ക് ചെയ്താണ് ആശുപത്രിയിൽ നിന്നും നാം ഏറ്റുവാങ്ങുന്നത്. ആ കവർ പിന്നീട് തുറക്കാൻ പറ്റില്ല. ആർക്കെങ്കിലും കാണണമെങ്കിൽ സിബ്ബ് തുറന്ന് കാണിക്കാന്‍ മാത്രമേ പറ്റുകയുള്ളു. വീട്ടുകാരുടെ ആവശ്യം ചാച്ചന്റെ ഡ്രെസ് ഒന്ന് മാറ്റി പുതിയതൊരെണ്ണം ധരിപ്പിക്കുമോ എന്നതായിരുന്നു. കാരണം, മരിച്ചപ്പോൾ ഇട്ടിരുന്ന ഡ്രെസ് തന്നെയായിരുന്നു ആ ചാച്ചൻ അപ്പോഴും ഇട്ടിരുന്നത്. അത് അവരുടെ മക്കളെ സംബന്ധിച്ച് വേദനാജനകമായിരുന്നു. അങ്ങനെ ചെയ്യാൻ സാധിക്കുകയില്ല എന്ന് അറിയിച്ചപ്പോൾ, ആ പുതിയ ഡ്രെസ്സും അവർ മൃതദേഹത്തോടൊപ്പം പെട്ടിയുടെ മുകളിൽ വെച്ചു. ആ ഡ്രസ്സില്‍ അവരുടെ കണ്ണീര്‍ തുള്ളികളും പതിക്കുന്നുണ്ടായിരുന്നു. “ഞങ്ങളുടെ ചാച്ചൻ ഇങ്ങനെയല്ല പോകേണ്ടത്, അദ്ദേഹം ഇങ്ങനെയല്ല ജീവിച്ചത്…” അവരുടെ വിതുമ്പല്‍ ഉച്ചത്തിലുള്ള കരച്ചിലായി അവിടെങ്ങും ഉയര്‍ന്നു.  ഇങ്ങനെ അനേകം സംഭവങ്ങള്‍ ഈ യുവജനങ്ങള്‍ക്ക്‌ പങ്കുവയ്ക്കാനുണ്ട്.

“മനുഷ്യരുടെ കണ്ണുകളില്‍ നിസഹായത ഞങ്ങള്‍ കാണുന്നു. അവരുടെ നിലവിളി ഞങ്ങളുടെ ചെവികളില്‍ മുഴങ്ങുന്നു.” ഇതാണ് നൂറോളം ‘കോവിഡ് മൃതസംസ്ക്കാരങ്ങള്‍’ നടത്തിയ ഈ ചെറുപ്പക്കാരുടെ അനുഭവം. പക്ഷേ, കോവിഡിനെ  ഭയക്കരുതെന്നും ജാഗ്രതയോടെ അതിജീവിക്കണമെന്നും ഈ ചെറുപ്പക്കാര്‍ നമ്മോടു പറയുന്നു. ‘കരുത്തോടെ നമ്മള്‍ അതിജീവിക്കും. ദൈവം നമ്മെ സഹായിക്കും’ എന്നതാണ് ഇവര്‍ നമുക്ക് മുന്‍പില്‍ വയ്ക്കുന്ന സന്ദേശം.

കോവിഡ് വളരെ രൂക്ഷമായ ഈ സാഹചര്യത്തിൽ, മറ്റുള്ളവര്‍ക്കായി സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും മറന്നു പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ യുവജനങ്ങള്‍ ഏറെയുണ്ട്. എല്ലാ മതവിഭാഗങ്ങളിലും രാഷ്ട്രീയ സംഘടനകളിലും അത്തരം യുവജനങ്ങളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും.ഇവർ പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ഇതൊക്കെ ചെയ്യുന്നത്. സ്വന്തം കടമയാണെന്ന ഉറച്ച ബോധ്യത്തോടെയാണ്. രാപകൽ കഷ്ടപ്പെടുന്ന നന്മയുടെ ഇത്തരം വറ്റാത്ത മുഖങ്ങളെ നമ്മള്‍ മറക്കരുത്. അരുണും കൂട്ടുകാരും നമ്മുടെ ഇടയിലെ അറിയപ്പെടാത്ത ഹീറോകൾ തന്നെയാണ്, ഒപ്പം നാളെയുടെ പ്രതീക്ഷയും വാഗ്ദാനങ്ങളും. നിങ്ങളുടെ മുന്‍പില്‍ ഞങ്ങള്‍ പൊതുസമൂഹം ആദരവോടെ കൈകള്‍ കൂപ്പുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

 

7 COMMENTS

  1. മക്കളെ ധൈര്യമായി മുന്നേറുക.. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.. നിങ്ങൾക്ക് സഹായത്തിനു എന്നെയും വിളിക്കാം

  2. ആരും ഒരിക്കലും പ്രതീക്ഷിക്കാതേയും എന്നാൽ കോവിഡ് കാരണം മരണത്തിലും ഒറ്റപ്പെട്ടു പോയവരെ സംസ്ക്കരിക്കാൻ പോകന്ന നിങ്ങൾക്ക് സർവ്വേശ്വരൻ എല്ലാ അനുഹങ്ങളും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ! ദൈവത്തിന്റെ കരങ്ങൾ എന്നും നിങ്ങളെ സംരക്ഷിക്കട്ടെ 🙏🏼

  3. ഉചിതമായത് ഉത്തമമായസമയത്ത് ചെയ്യുന്ന നിങ്ങളാണ് ദൈവപുത്രന്മാർ….പലരും പലപ്പോഴും പലതുംമോഹിച്ച് പ്രവർത്തിക്കുമ്പോൾ ഒന്നും മോഹിക്കാതെനന്മ ചെയ്യാൻ സഭയിലെ അഭിനവവിശുദ്ധർക്കുപോലുമാകാത്ത സമയം. സമയംനോക്കാതെ സത്കർമ്മംചെയ്യുന്ന നിങ്ങൾക്ക് ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ.

  4. വളരെ നല്ല ഒരു ആർട്ടിക്കിൾ. എഴുതിയ സർ. സൗമ്യക്കും യുവജന കൂട്ടുകാർക്കും അഭിവാദ്യങ്ങൾ

  5. നിങ്ങൾ ചെയ്യുന്ന ഈ വലിയ കാര്യം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ. ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിച്ച സിസ്റ്റർ സൗമ്യയെയും ദൈവം സമൃദ്ധമായി അനുഗൃഹിക്കട്ടെ.
    ആശംസകളോടെ,
    Monichan Kalapurackal, Vienna

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.