പറക്കും വിശുദ്ധനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ?

17 -ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന നിഷ്കളങ്കനായ ഒരു സന്യാസ വൈദികനായിരുന്നു കുപ്പർത്തിനോയിലെ വി. ജോസഫ്. വായുവിൽ ഉയർന്നുപോകാനുള്ള അത്ഭുത സിദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നതുകൊണ്ട് ‘പറക്കും വിശുദ്ധൻ’ എന്ന അപരനാമത്തിലാണ് വി. ജോസഫ് കുപ്പർത്തിനോ അറിയപ്പെടുന്നത്.

നിരവധി പ്രത്യേകതകൾ ഉള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യേശുവിന്റെ ജനനം പോലെ ജോസഫിന്റെ ജനനവും ഒരു കാലിത്തൊഴുത്തിൽ ആയിരുന്നു. കുട്ടിക്കാലം മുതൽക്കേ ആത്മീയനിർവൃതിയും ദർശനങ്ങളും ജോസഫിന് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന് ബുദ്ധിപരമായ ചില വൈകല്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അക്ഷരങ്ങൾ ശെരിയായി വായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാലും, ദൈവ നിവേശിതമായ വിജ്ഞാനത്താൽ എത്ര വലിയ ദൈവ ശാസ്ത്രപരമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവ് വി. ജോസഫ് കുപ്പർത്തീനോയ്ക്കുണ്ടായിരുന്നു.

ആത്മീയകാര്യങ്ങളിൽ തൽപരനായിരുന്ന യുവാവായിരുന്നു ജോസഫ്. എങ്കിലും സ്വന്തം നാട്ടിലെ Conventual Franciscan ആശ്രമത്തിൽ അംഗമാകാൻ പരിശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. പിന്നീട് അടുത്ത നഗരത്തിലെ Franciscan Capuchin ആശ്രമത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഒരു തുണസഹോദരനായി ജോസഫിനെ അവർ അവിടെ സ്വീകരിച്ചു. എന്നാൽ അത് അധികനാൾ നീണ്ടുനിന്നില്ല. തുടർച്ചയായി ഉണ്ടായ ആത്മീയനിർവൃതികൾ മൂലം അവിടെ തുടരാൻ അദ്ദേഹത്തിനു സാധിച്ചില്ല.

വീട്ടിൽ തിരിച്ചെത്തിയ ജോസഫ് Conventual Franciscan ആശ്രമത്തിലെ പ്രവേശനത്തിനായി വീണ്ടും ശ്രമിച്ചു. ജോസഫിന്റെ പ്രാർത്ഥനാ ചൈതന്യവും ലളിതജീവിതവും കണക്കിലെടുത്ത് സന്യാസാശ്രമത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. പഠനത്തിൽ പുറകിൽ ആയത് പൗരോഹിത്യ പരിശീലനത്തിൽ പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും പരീക്ഷാവേളകളിൽ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി ഉത്തരം നൽകാൻ ജോസഫിനായി. എല്ലാവരെയും സംബന്ധിച്ചു അത് വലിയ അത്ഭുതമായിരുന്നു. ഒടുവിൽ, പഠനത്തിന്റെ കടമ്പകൾ എല്ലാം പൂർത്തിയാക്കി 1628 -ൽ ജോസഫ് പുരോഹിതനായി അഭിഷിക്തനായി.

പ്രവചനവരവും രോഗികളെ സൗഖ്യമാക്കാനുള്ള കഴിവും അദ്ദേഹത്തിനു ദൈവം നൽകി. മനുഷ്യരുടെ മുഖത്തുനോക്കി അവരിൽ പാപികൾ ആരൊക്കെയാണ് എന്നു തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പാപത്താൽ നിറഞ്ഞ ആളുകൾ മുൻപിൽ വരുമ്പോൾ അവരുടെ മുഖം കറുപ്പായിട്ടാണ് അദ്ദേഹത്തിന് കാണപ്പെട്ടത്. അതുപോലെ തന്നെ പാപ ജീവിതം നയിച്ചിരുന്നവരിൽ നിന്ന് അരോചകമായ ഗന്ധവും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു.

1630 ഒക്ടോബർ നാലിന് കുപ്പർത്തീനോ നഗരത്തിൽ അസീസിയിലെ വി. ഫ്രാൻസിസിന്റെ തിരുനാൾ ദിനത്തോടനുബന്ധിച്ചു നടന്ന ഒരു പ്രദക്ഷിണത്തിൽ അദ്ദേഹം പങ്കെടുക്കുകയായിരുന്നു. പെട്ടന്ന് അദ്ദേഹം അന്തരീക്ഷത്തിൽ ഉയർന്നു, ജനക്കൂട്ടത്തിനു മുകളിൽ നിലകൊണ്ടു. തിരികെ താഴെ എത്തിയതിനു ശേഷം തനിക്ക് സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ അദ്ദേഹം അസ്വസ്ഥനായി.

അതിനു ശേഷവും നിരവധി തവണ വായുവിലൂടെ പറന്നു നടക്കുന്ന അനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായി. വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിലും പ്രാർത്ഥിക്കുന്നതിനിടയിലും ആത്മീയനിർവൃതിയിൽ ലയിച്ച് ജോസഫച്ചൻ അന്തരീക്ഷത്തിലൂടെ ചരിക്കുമായിരുന്നു. സ്വന്തം മുറിയിൽ യാമപ്രാർത്ഥനകൾ ചൊല്ലുന്ന സമയവും അന്തരീക്ഷത്തിലൂടെ അദ്ദേഹം പറന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൊതു പ്രദക്ഷിണ സമയങ്ങളിൽ ഈ പറക്കൽ തുടങ്ങിയതോടെ എല്ലാവരും ഇതേപ്പറ്റി അറിയാനിടയായി. ഊർബൻ എട്ടാമൻ മാർപാപ്പായുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ ഒരിക്കൽ ജോസഫ് അന്തരീക്ഷത്തിലുടെ പറന്നു. വളരെ പെട്ടന്നു തന്നെ ഈ പറക്കലിന് പ്രചുരപ്രചാരം ലഭിച്ചു. ഈ അത്ഭുതപറക്കൽ കാണാൻ ആളുകൾ ആശ്രമത്തിലേയ്ക്ക് ഒഴുകി.

അതോടെ, ജോസഫച്ചന്റെ പറക്കൽ ഒരു പ്രശ്നമായി അധികാരികളുടെ പക്കലെത്തി. അതിനുള്ള കാരണങ്ങൾ രണ്ടായിരുന്നു. ആശ്രമജീവിതത്തിന്റെ അച്ചടക്കത്തിനും ധ്യാനാത്മകതയ്ക്കും ഈ പറക്കൽ മൂലം ഭംഗം വരുന്നു എന്നതായിരുന്നു ഒന്നാമത്തേത്. അടുത്ത കാരണം അതിലും രൂക്ഷമായിരുന്നു: ദുർമന്ത്രവാദവുമായി ബന്ധപ്പെടുത്തി ഈ പറക്കലിനെ പലരും വ്യാഖ്യാനിച്ചു എന്നതായിരുന്നു അത്. ഇക്കാരണങ്ങളാൽ, സന്യാസാധികാരികൾ ജോസഫിനെ മറ്റ് പല ആശ്രമങ്ങളിലേയ്ക്കും സ്ഥലം മാറ്റി. പക്ഷേ, ജോസഫച്ചന്റെ ദിവ്യ പറക്കൽ തുടർന്നുകൊണ്ടേ ഇരുന്നു.

യേശുവിന്റെയോ പരിശുദ്ധ ദൈവമാതാവിന്റെയോ നാമം ഉച്ചരിച്ചു കേൾക്കുമ്പോഴോ വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ കീർത്തനങ്ങൾ പാടുമ്പോഴോ വി. കുർബാന അർപ്പിക്കുമ്പോഴോ ഒക്കെ അദ്ദേഹത്തിന് ആത്മീയ നിർവൃതി ഉണ്ടാകുകയും അന്തരീക്ഷത്തിലേക്കുയരുകയും ചെയ്തിരുന്നു. തുടരെയുള്ള ഈ പറക്കൽ മൂലം 35 വർഷക്കാലം ഈ വിശുദ്ധന് അദ്ദേഹത്തിന്റെ സന്യാസ സഭാ അധികാരികൾ പൊതു ഇടങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. വലിയ പീഡനങ്ങളുടെയും സംശയങ്ങളുടെയും അതൃപ്തികളുടെയും നടുവിലും ജോസഫച്ചൻ തന്റെ ക്രൈസ്തവ വിശ്വാസവും ക്രിസ്തുവിനോടുള്ള ആത്മസമർപ്പണവും നിരന്തരം കാത്തുസൂക്ഷിച്ചു.

1663 സെപ്റ്റംബർ 18 -നു തന്റെ അറുപതാം വയസ്സിൽ സ്വർഗ്ഗീയഭവനത്തിലേയ്ക്ക് പറക്കും വിശുദ്ധൻ യാത്രയായി. നൂറു വർഷങ്ങൾക്കുശേഷം 1767 -ൽ കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1962-ൽ പുറത്തിറങ്ങിയ ‘The Reluctant Saint’ എന്ന സിനിമ ജോസഫിന്റെ ജീവിതാവിഷ്കാരമാണ്. ദൈവത്തെ അതിയായി സ്നേഹിക്കാൻ തന്റെ ജീവിതം കൊണ്ട് ഉദ്ബോധിപ്പിച്ച വിശുദ്ധനായിരുന്നു അദ്ദേഹം.

വൈമാനികരുടെയും വിമാനയാത്രക്കാരുടെയും ബഹിരാകാശ യാത്രക്കാരുടെയും ബുദ്ധിപരമായി ഭിന്നശേഷിയുള്ളവരുടെയും പഠനവൈകല്യമുള്ള വിദ്യാർത്ഥികളുടെയും പരീക്ഷകൾ എഴുതുന്നവരുടെയും പ്രത്യേക മദ്ധ്യസ്ഥനാണ് വി. ജോസഫ് കുപ്പർത്തിനോ.

വി.ജോസഫ് കുപ്പർത്തീനോയോടുള്ള പ്രാർത്ഥന

കുപ്പർത്തീനോയിലെ മഹാനായ ജോസഫ് പുണ്യവാളാ, ദൈവത്തിൽ നിന്ന് പ്രത്യേകമായി നിരവധി അനുഗ്രഹങ്ങൾ അങ്ങ് നേടിയിരുന്നല്ലോ. മറ്റുള്ളവർ ബുദ്ധിശൂന്യനായി മുദ്രകുത്തിയിട്ടും അങ്ങ് ദൈവത്തിനു മുൻപിൽ ശ്രേഷ്ഠനായിരുന്നല്ലോ. വിശുദ്ധമായ അങ്ങയുടെ ജീവിത നിഷ്ഠകളെ അനുകരിക്കാൻ അങ്ങ് എന്നെയും പഠിപ്പിക്കേണമേ. ജീവിതത്തിലെ പരീക്ഷകളിൽ തോറ്റുപോകാതെ ദൈവസ്നേഹത്തെപ്രതി എല്ലാത്തിനെയും നേരിടുവാനും അതുവഴി ദൈവത്തെ മഹത്വപ്പെടുത്താനുള്ള കൃപ എനിക്കായി നൽകേണമേ. എനിക്കേറ്റവും അത്യാവശ്യമായിരിക്കുന്ന സഹായങ്ങളെല്ലാം യേശുക്രിസ്തുവിലൂടെ അങ്ങു എനിക്ക് നേടിതരണമേ. ആമ്മേൻ.

ഫാ. ജെയ്‌സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.