വിശുദ്ധ ആഗ്നസിൻ്റെ ജീവിതം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്  

വെറും പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോൾ ജീവിതത്തെക്കുറിച്ച് വളരെ പക്വതയോടെ തീരുമാനം എടുക്കാൻ സാധിച്ച ഒരു കൗമാരക്കാരി വിശുദ്ധയാണ് വി. ആഗ്നസ്. ഇന്നത്തെ കാലഘട്ടത്തിലും ഈ വിശുദ്ധയുടെ ജീവിതം വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. വെറും പന്ത്രണ്ട് വയസിൽ അവൾ എടുത്ത തീരുമാനം ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയായി മാറുന്നതിൽ എത്തിനിന്നു.

ഒരു റോമൻ പ്രീഫെക്ട് നടത്തിയ വിവാഹ ആവശ്യം ക്രിസ്തുവിന് വേണ്ടി മണവാട്ടിയാകുവാൻ താത്പര്യപ്പെട്ടതിനാൽ ആഗ്നസ്  നിരസിച്ചു. അവൾ ക്രിസ്ത്യാനി ആണെന്ന് അധികാരികളെ അറിയിച്ചതിനെ തുടർന്ന് അവളെ ചുട്ടുകൊല്ലാൻ വിധിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി അവൾ മരണം വരിച്ചു. വെറും പന്ത്രണ്ട് വയസിൽ അവൾ എടുത്ത തീരുമാനം അവളെ സഭയിലെ വിശുദ്ധയും രക്തസാക്ഷിയും ആക്കി.

ഇന്നത്തെ ലോകത്തിൽ മക്കൾ എടുക്കുന്ന തീരുമാനങ്ങൾ പലതും ഈ ലോകത്തിന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതായി മാറുന്നുണ്ട്. അവ മിക്കവാറും തെറ്റായി പോകുന്നു. ദൈവത്തിന്റെ സ്നേഹത്തിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്ന തീരുമാനങ്ങൾ മക്കൾ എടുക്കട്ടെ. അതിനായിട്ടുള്ള അവരുടെ താത്പര്യങ്ങളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയും വേണം.

ചെറിയ കുട്ടികൾ ആയിരിക്കാം; അവരുടെ ഹൃദയം വളരെ വിശാലമാണ്

നമ്മുടെ വീട്ടിലെ കുട്ടികൾ പ്രായത്തിൽ വളരെ ചെറിയവരും കളിച്ചു നടക്കുന്നവരുമാകാം. എന്നാൽ കുട്ടികളിൽ നിന്നും നാം പഠിക്കേണ്ട ഒരുപാട് നല്ല പാഠങ്ങൾ ഉണ്ട്. കുഞ്ഞുങ്ങളുടെ മനസിന്റെ നിഷ്കളങ്കതയും സത്യസന്ധതയും പലപ്പോഴും മുതിർന്നവർ മാതൃകയാക്കേണ്ടതാണ്. ചില കാര്യങ്ങളോടുള്ള അവരുടെ ആത്മാർത്ഥത മുതിർന്നവർ കണ്ടുപഠിക്കേണ്ടത് തന്നെയാണ്.

വിശുദ്ധ ആഗ്‌നസിന് സ്വന്തം ജീവിതത്തെക്കുറിച്ച് നല്ല രീതിയിൽ തിരഞ്ഞെടുപ്പുകൾ നടത്തുവാൻ കഴിഞ്ഞു. ഒപ്പം മരണം വരെ തൻ്റെ നിലപാടുകൾക്ക് വേണ്ടി നിൽക്കുവാനുള്ള ധൈര്യവും അവൾ കാണിച്ചു. അവളുടെ പ്രചോദനങ്ങൾ ശുദ്ധവും ബോധ്യങ്ങൾ വിട്ടുവീഴ്ചയില്ലാത്തതുമായിരുന്നു. ഇന്നത്തെ തലമുറയും വളർത്തേണ്ട ഒരു ജീവിത രീതിയാണിത്. നമ്മുടെ നിലപാടുകൾ ഉറച്ചതും നല്ലതുമാകട്ടെ. അപ്പോൾ ക്രിസ്തുവിന് വേണ്ടി മരിക്കാൻ പോലുമുള്ള ധൈര്യം മക്കളിലും വളരും. ഉറച്ച തീരുമാനം എടുക്കാൻ നമ്മുടെ കുട്ടികളെ നമുക്കും പ്രാപ്തരാക്കാം.