ജീവിതത്തിലുടനീളം ക്രിസ്തുവിനെ അടയാളപ്പെടുത്തിയ ഒരു മനുഷ്യസ്‌നേഹി

ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. അദ്ദേഹത്തെ സ്നേഹിച്ചിരുന്ന, അദ്ദേഹം സ്നേഹിച്ചിരുന്ന അനേകായിരം മനുഷ്യര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. എല്ലാവരെയും സ്നേഹിച്ച, സ്വന്തമായി ഒന്നും സൂക്ഷിക്കാത്ത മഹാനായ ഒരു പുരോഹിതനായിരുന്നു ഫാ. ചെറിയാന്‍ നേരേവീട്ടില്‍. ജീവിതത്തിലുടനീളം ക്രിസ്തുവിനെ അടയാളപ്പെടുത്തിയ  മനുഷ്യസ്‌നേഹിയായിരുന്ന ചെറിയാച്ചനെക്കുറിച്ച്, അദ്ദേഹത്തിന്റെ സ്നേഹിതനായ ഫാ. ജെറി ഞാളിയത്ത്  എഴുതുന്നു.

അപദാനങ്ങള്‍ ചെറിയാച്ചന്‍ മാഷിന് ഇഷ്ടമാവില്ല എന്നറിയാം. കാരണം തന്റെ ജീവിതത്തിലുടനീളം ക്രിസ്തുവിനെ അടയാളപ്പെടുത്തിയ ഒരു മനുഷ്യസ്‌നേഹിയായിരുന്നു ചെറിയാച്ചന്‍.

ദേശത്തെയും കാലത്തെയും അതിലംഘിക്കണമെന്ന തോന്നലിലാണ് ഇത് എഴുതുന്നത്. ചെറിയാച്ചന്റെ മരണം അറിഞ്ഞ നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ അച്ചനെപ്പറ്റിയുള്ള നിരവധി കുറിപ്പുകളാണ് നിറഞ്ഞത്. ആ കുറിപ്പുകളില്‍ ഏറ്റവും നിറഞ്ഞുനിന്ന വിശേഷണങ്ങള്‍ ചെറിയാച്ചനോടുള്ള സ്‌നേഹം കൊണ്ട് പരതിനോക്കിയിരുന്നു. അല്‍ട്രൂയിസം അല്ലെങ്കില്‍ സെല്‍ഫ് ഗിവിംഗ്, സിംപ്ലിസ്റ്റി, ഫ്രണ്ട്ഷിപ്പ്, ക്രിയേറ്റിവിറ്റി, പുഞ്ചിരി, അക്കംപനിമെന്റ്, ലവ് ഫോര്‍ ഹോളി യൂക്കരിസ്റ്റ്, കണ്‍ഫഷന്‍ എന്നീ വിശേഷണങ്ങളാണ് അവിടെ നിറയെ കണ്ടത്. 

കഴിഞ്ഞ നാലു വര്‍ഷവും മാസത്തില്‍ ഒരിക്കലെങ്കിലും മുറ തെറ്റാതെ ഒരുമിച്ചുകൂടിയിരുന്ന, എപ്പോള്‍ നിന്നുപോകുമെന്ന് ഒരു ഉറപ്പുമില്ലാത്ത ചെറിയാച്ചന്റെ ബൈക്കിനു പിന്നില്‍ ഒരുപാടു വട്ടം യാത്ര ചെയ്ത, വാട്ട്‌സ് ആപ്പും ഫേസ് ബുക്കും ഒന്നുമില്ലാത്ത ചെറിയാച്ചന്റെ സാധാരണ ഫോണില്‍ നിന്ന് ഇടയ്ക്കിടെ വിളി കേട്ടിട്ടുള്ള, സദാസമയവും തുറന്നിട്ടിരിക്കുന്ന ചെറിയാച്ചന്റെ പള്ളിമേടയിലേയ്ക്ക് പലവട്ടം കയറിച്ചെന്നിട്ടുള്ള, ഉപേക്ഷിക്കപ്പെട്ട പാഴ്‌വസ്തുക്കളില്‍ നിന്നുണ്ടാക്കിയ മനോഹരസൃഷ്ടികളെപ്പറ്റി ആവേശത്തോടെ പറയുന്നതു കേട്ടിട്ടുള്ള ചെറിയാച്ചനെ ഓര്‍ക്കുമ്പോള്‍ ഈ ദിവസങ്ങളില്‍ ചെറിയാച്ചനെപ്പറ്റി കേട്ട കാര്യങ്ങള്‍ എത്രയോ സത്യമാണെന്ന് ഉറപ്പോടെ പറയാനാകും. 

ചെറിയാച്ചന്‍ അനേകര്‍ക്ക് നല്ല സുഹൃത്താകുന്നത് അവര്‍ക്ക് തന്നെത്തന്നെ നല്‍കിയതുകൊണ്ടു മാത്രമല്ല, ആ സ്വയം നല്‍കലില്‍ നിന്ന് മനോഹരമായ വ്യാഖ്യാനം നല്‍കിയതുകൊണ്ടു കൂടിയാണ്. ഒരാള്‍ വൃക്ക ദാനമായി സ്വീകരിക്കുമ്പോള്‍ സ്വീകരിച്ചവനിലുണ്ടാകുന്ന കടപ്പാടിന്റെ ഒരു ഭാരമുണ്ട്. വൃക്ക നല്‍കുക മാത്രമല്ല, അതുണ്ടാക്കുന്ന കടപ്പാടിന്റെ ഭാരം കൂടി ഇല്ലാതാക്കാന്‍ ചെറിയാച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. താന്‍ വൃക്ക നല്‍കിയത് ഒരു പുണ്യപ്രവര്‍ത്തിയല്ല. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികനില്‍ നിന്ന് സ്വാഭാവികമായുണ്ടാകുന്ന ഒരു ഉത്തരവാദിത്വമാണെന്ന് ചെറിയാച്ചന്‍ പറയുന്നത് അതുകൊണ്ടാണ്; അല്ലെങ്കില്‍ ചെറിയാച്ചന്‍ ഓര്‍മ്മിപ്പിക്കുന്നത് അതുകൊണ്ടാണ്.  ചെറിയാച്ചന്റെ ജീവിതം മുഴുവന്‍ നല്‍കലുകളുടേത് ആയിരുന്നു. അതൊന്നും ആരെയും ഭാരപ്പെടുത്തരുതെന്ന് ചെറിയാച്ചന് നിര്‍ബന്ധവുമുണ്ടായിരുന്നു. 

ക്രിസ്തുവിനെ ചെറിയാച്ചന്‍ നമ്മളെക്കാള്‍ അധികം സ്‌നേഹിച്ചു എന്നതുകൊണ്ടാവണം ചെറിയാച്ചന്‍ നമുക്കെല്ലാം പ്രിയങ്കരനാവുന്നത്. ചെറിയാച്ചന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സില്‍ നിന്നു മായുന്നില്ല. ആ മുഖം ചെറിയാച്ചന്‍ അത്രമേല്‍ സ്വന്തമാക്കിയ ക്രിസ്തുവിനെ ധ്യാനിക്കാന്‍ നമുക്കും പ്രചോദനമാവട്ടെ.

ഫാ. ജെറി ഞാളിയത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.