വിശുദ്ധരായ എട്ട് കുട്ടികളുടെ ജീവിതവഴികള്‍

വിശുദ്ധിയിലേയ്ക്കാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. അതിന് പ്രായം ഒരു തടസമല്ല. ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹം കൊണ്ട് വിശുദ്ധരായിത്തീർന്ന എട്ട് കുട്ടികളുടെ ജീവിതം നമുക്ക് പരിചയപ്പെടാം.

1. വി. ഫ്രാൻസിസ്, ജസീന്താ മാർട്ടിൻ

വി. ഫ്രാൻസിസും ജസീന്ത മാർട്ടിനും വളരെ ചെറുപ്പത്തിൽ തന്നെ വിശുദ്ധരായി തീർന്നവരാണ്. വെറും ഒൻപതും ഏഴും വയസ് മാത്രം പ്രായമുള്ളവർ. ഇവർക്കാണ് പോർച്ചുഗലിൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. 1917 മെയ് 13-നും ഒക്ടോബർ 13-നുമിടയിലാണ് ഇടയന്മാരായ ഈ കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെടുന്നത്.

മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതോടെ പലവിധ അപമാനങ്ങളും ഇവർക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. ഈ കുട്ടികൾ ദിവ്യകാര്യണ്യത്തിന്റെ മുൻപിൽ മണിക്കൂറുകൾ ചെലവഴിച്ചുകൊണ്ട് പ്രാർത്ഥിച്ചു. മനുഷ്യവംശത്തിന്റെ തെറ്റുകളെ ഓർത്ത് മാപ്പപേക്ഷിച്ചു. ഈ പ്രദേശത്തുണ്ടായ ഒരു പകർച്ചവ്യാധിയിൽ, 1919 -ൽ ഫ്രാൻസിസ് ന്യുമോണിയ ബാധിച്ചു മരിച്ചു. ഒരു വർഷത്തിനുശേഷം സഹോദരിയും മരണപ്പെട്ടു. 2017 മെയ് 13 -ന് ഫ്രാൻസിസ് മാർപാപ്പ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.

2. വി. ഡൊമിനിക് സാവിയോ

ചെറുപ്പത്തിലേ തന്നെ വൈദികനാകാൻ ആഗ്രഹിച്ച ഒരു കുട്ടിയായിരുന്നു വി. ഡൊമിനിക് സാവിയോ. വി. ഡോൺ ബോസ്കോയെ കണ്ടുമുട്ടിയശേഷം ഇറ്റലിയിലെ ടൂറിനിലെ ഓറട്ടറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. തീവ്രമായ ആത്മീയജീവിതം, സന്തോഷം, മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധത എന്നിവയാൽ ഈ കുട്ടി ശ്രദ്ധിക്കപ്പെട്ടു. “ഞാൻ ഒരു വിശുദ്ധനാകാൻ ആഗ്രഹിക്കുന്നു” എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.

ആരോഗ്യം വളരെ മോശമായിരുന്നതിനാൽ ഓറട്ടറി വിട്ട് വീട്ടിലേയ്ക്ക് മടങ്ങേണ്ടിവന്നു. തന്റെ പതിനഞ്ചാം പിറന്നാളിന് തൊട്ടുമുമ്പ്, 1857 മാർച്ച് 9-ന് ഡൊമിനിക് മരിച്ചു. ‘ഞാൻ ഒരു സുന്ദരമായ ദൃശ്യം കാണുന്നു’ – മരണത്തിന് തൊട്ട് മുൻപ് ഈ കുട്ടി പറയുകയുണ്ടായി.

3. വി. ജോസ് സാഞ്ചസ് ഡെൽ റിയോ

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ മെക്സിക്കോയിൽ നടന്ന മതപീഡനത്തിൽ വിശ്വാസത്തെ സംരക്ഷിക്കാൻ ആയിരക്കണക്കിന് കത്തോലിക്കരുടെ ഒരു സായുധസംഘമായ ക്രിസ്റ്ററോസിൽ ചേർന്ന ഒരു കുട്ടിയായിരുന്നു സാൻ ജോസ് സാഞ്ചസ് ഡെൽ റിയോ. ചെറുപ്പമായിരുന്നതിനാൽ ആദ്യം ഈ ഗ്രൂപ്പിൽ ചേരാൻ സമ്മതിച്ചില്ല. കാരണം, അപകടസാധ്യത ഏറെയായിരുന്നു. അങ്ങനെ ഏറ്റുമുട്ടലുകളിൽ പങ്കെടുക്കാതെ ഗ്വാഡലൂപ്പിലെ മാതാവിന്റെ രൂപം വഹിക്കുന്നയാളായി നിന്നു. അന്ന് ജോസിന് പതിനാല് വയസായിരുന്നു പ്രായം.

1928 ഫെബ്രുവരി 10-ന് വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർ അവനെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 2016 ഒക്ടോബർ 16-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തി.

4. വി. മരിയ ഗൊരേത്തി

ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച മരിയ ഗൊരേത്തി ചെറുപ്പത്തിൽ തന്നെ വിശുദ്ധമായ ജീവിതം നയിച്ച ഒരു പെൺകുട്ടിയായിരുന്നു. ദരിദ്രകുടുംബമായിരുന്നെങ്കിലും അവർ വിശ്വാസത്താൽ സമ്പന്നമായിരുന്നു. അവള്‍ക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ, 19 വയസുള്ള അലസ്സാൻഡ്രോ സെരെനെല്ലി, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനാൽ അവളെ കത്തികൊണ്ട് കുത്തി. 1902 ജൂലൈ 6-ന് മരിക്കുന്നതിനുമുമ്പ് അവൾ കൊലപാതകിയോട് ക്ഷമിച്ചു.

ജയിലിൽ വച്ച് തന്റെ കുറ്റത്തെക്കുറിച്ച് അലസ്സാൻഡ്രോ അനുതപിച്ചു. ജയില്‍മോചിതനായപ്പോള്‍ മരിയയുടെ അമ്മയോട് ക്ഷമ ചോദിക്കാനും അദ്ദേഹം മറന്നില്ല. വർഷങ്ങൾക്കുശേഷം, വി. ഫ്രാൻസിസ് അസ്സീസിയുടെ സഭയിലെ മൂന്നാം ഓർഡറിൽ അദ്ദേഹം പ്രവേശിച്ചു.

5. വി. ക്രിസ്റ്റോബാൽ, അന്തോണിയോ, ജുവാൻ

1527-നും 1529-നും ഇടയിൽ മെക്സിക്കോയിൽ വച്ച് കൊല്ലപ്പെട്ടതിനുശേഷം അമേരിക്കയിലെ ആദ്യത്തെ രക്തസാക്ഷികളായി മാറിയ വിശുദ്ധരാണ് വി. ക്രിസ്റ്റോബൽ, അന്തോണിയോ, ജുവാൻ എന്നിവര്‍. ഫ്രാൻസിസ്കൻ സന്യാസികൾ ഈ പ്രദേശത്തു നടത്തിയ സുവിശേഷവത്ക്കരണ പ്രവർത്തനങ്ങളുടെ ഫലമായി കത്തോലിക്കാ വിശ്വാസിയായി മാറിയ വ്യക്തിയാണ് ക്രിസ്റ്റബാൽ.

വിശ്വാസിയായ ശേഷം കുടുംബത്തിന്റെ പരിവർത്തനത്തിനായി അദ്ദേഹം പ്രവർത്തിച്ചെങ്കിലും പിതാവ് പ്രകോപിതനായി. പന്ത്രണ്ടാം വയസ്സിൽ പിതാവ് അടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ അദ്ദേഹം മരിച്ചു. അന്റോണിയോയ്ക്കും ജുവാനും ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ സഭകളില്‍ നിന്നുള്ള വൈദികരിൽ നിന്നും വിശ്വാസം നേടാനായി. ഇരുവരും തങ്ങളുടെ പട്ടണമായ ടിസാറ്റലിലും അടുത്തുള്ള ഗ്രാമങ്ങളിലും വിഗ്രഹാരാധന ഇല്ലാതാക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായി അവരെ കൊലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.