അപ്പന്റെ ഹൃദയമുള്ള ഇടയൻ – ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ ജീവിത വഴികളിലൂടെ 

സി. സൗമ്യ DSHJ

അപ്പന്റെ ഹൃദയമുള്ള ഇടയൻ: ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ  ജീവിത വഴികളിലൂടെ / വിയാനിദിന സ്‌പെഷ്യൽ ഫീച്ചർ  

ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, ഈ വർഷം തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണജൂബിലി വർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നല്ലയിടയനായ ഈശോയുടെ മാതൃക തന്റെ ജീവിതംകൊണ്ട് പൂർത്തിയാക്കുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ അജഗണങ്ങളെ പേരുചൊല്ലി വിളിക്കാൻ മാത്രം പരിചയവും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഇടയൻ എന്ന പ്രത്യേകതയും പിതാവിനുണ്ട്. ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ ജീവിതവഴികളിലൂടെ നമുക്ക് ഒന്ന് കടന്നുപോകാം.

ബാല്യം

1946 ജൂൺ 23 -ന് കോതമംഗലം രൂപതയിലെ തൊടുപുഴ കലയന്താനിയിലാണ് ജനനം. അമ്മ വീട് അവിടെയാണ്. എന്നാൽ, പിതാവിന്റെ വീട് മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ എന്ന സ്ഥലത്താണ്. ഏഴാം ക്ലാസുവരെ ആരക്കുഴയിലാണ് പഠിച്ചത്. അതിന് ശേഷം 1960 -ൽ പിതാവിന്റെ കുടുംബം മലബാറിലേക്ക് കുടിയേറി, വയനാട്ടിലെ നടവയലിൽ താമസമാക്കി. 1963 -ലാണ് തലശ്ശേരി മൈനർ സെമിനാരിയിൽ ചേരുന്നത്.

ഒരു മിഷനറി വൈദികനാകാൻ ആഗ്രഹിച്ച ബാല്യം

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു വൈദികനാകുവാനുള്ള ചിന്ത ആദ്യമായി മനസിലേക്ക് കടന്നുവരുന്നത്. അന്നത്തെ കാലത്ത് ഇടവകയിലേക്ക് കടന്നുവന്നിരുന്ന മിഷനറിമാർ അതിനൊരു പ്രചോദനമായി. മിഷനറിമാർ സൺ‌ഡേ സ്‌കൂളിലും പള്ളിയിലും ഒക്കെ സന്ദർശനം നടത്തുമായിരുന്നു. മിഷൻ പ്രദേശങ്ങളെ കുറിച്ച് കേട്ടറിഞ്ഞതിന്റെ ഫലമായി ഒരു മിഷനറി വൈദികനാകുവാനാണ് ചെറുപ്പത്തിൽ ആഗ്രഹിച്ചത്. എന്നാൽ, പത്താം ക്ലാസിന് ശേഷം ചേർന്നത് തലശ്ശേരി രൂപതയിൽ വൈദികനാകുവാനാണ്. അന്ന് രൂപത തുടങ്ങിയിട്ട് പത്ത് കൊല്ലം മാത്രമേ ആയിരുന്നുള്ളൂ.   തലശ്ശേരി രൂപതയുടെ അന്നത്തെ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് ഇപ്രകാരം പറയുമായിരുന്നു. “തലശ്ശേരി രൂപത ഒരു മിഷൻ രൂപതയാണ്.”

എന്നാൽ, പിതാവ് ഇന്ന് ആ വാക്കുകളുടെ പിന്നിലെ യാഥാർത്ഥ്യം തന്റെ ജീവിതത്തിലൂടെ തിരിച്ചറിയുന്നു. ഒരു മിഷനറിയായി ജീവിക്കാൻ ദൈവം ഒട്ടേറെ അവസരങ്ങൾ അദ്ദേഹത്തിന് ഒരുക്കി. ഒരു രൂപതാ വൈദികനായും മിഷനറി വൈദികനായും ഒരുപോലെ ജീവിക്കുവാൻ ദൈവം തന്നെ വിളിക്കുകയായിരുന്നുവെന്ന് ഇന്നും പിതാവ് വിശ്വസിക്കുന്നു. കാരണം, പിന്നീട് 35 വർഷക്കാലം മാനന്തവാടി രൂപതയിലും ഭദ്രാവതി രൂപതയിലും മാണ്ഡ്യ രൂപതയിലും ഉള്ള സേവനങ്ങളിൽ ഒരു മിഷനറിയായി തീരുവാനുള്ള വിളി ജീവിക്കുകയായിരുന്നുവെന്ന് പിതാവ് ഇന്ന് ഉറച്ചു വിശ്വസിക്കുന്നു.

സെമിനാരി കാലഘട്ടത്തിൽ മിഷനറിയാവുക എന്ന വലിയ ആഗ്രഹം മനസ്സിൽ കെടാതെ കാത്തുസൂക്ഷിച്ചു. വയനാട് പ്രദേശം അന്ന് വലിയ വികസിത പ്രദേശമൊന്നും ആയിരുന്നില്ല. ഒറ്റപ്പെട്ട പ്രദേശം, യാത്രാ സൗകര്യങ്ങൾ ഒന്നും സുലഭമായിരുന്നില്ല. ഈയൊരു സാഹചര്യം പാവപ്പെട്ടവരോടും പരിമിത സാഹചര്യങ്ങളോടും താദാത്മ്യപ്പെടാനും അവരെ കൂടുതൽ മനസിലാക്കാനും അദ്ദേഹത്തിന് ഇട നൽകി.

പൗരോഹിത്യ സ്വീകരണത്തിന് ശേഷം; പുതിയ രൂപതയിലേക്ക്  

അന്നത്തെ കാലഘട്ടത്തിൽ പൗരോഹിത്യ സ്വീകരണത്തിന് ശേഷം മൂന്ന് മാസം വീണ്ടും സെമിനാരിയിൽ ചെന്ന് പഠിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. അതിന് ശേഷമാണ് പഠനം പൂർത്തിയാകുന്നത്. 1971 ഡിസംബർ 20 -ന് ആയിരുന്നു ഞരളക്കാട്ട് പിതാവിന്റെ പൗരോഹിത്യ സ്വീകരണം. 1972 മാർച്ചു മാസത്തോടെയാണ് സെമിനാരി പഠനം പൂർത്തിയായത്. ഏപ്രിൽ മാസത്തോടെ അസിസ്റ്റന്റ് വികാരിയായി തലശേരി രൂപതയിലെ കണിച്ചാർ ഇടവകയിലേക്ക് നിയമനം ലഭിച്ചു. 1973 മാർച്ച് ഒന്നിന് തലശേരി രൂപത വിഭജിച്ച് മാനന്തവാടി രൂപത നിലവിൽ വന്നു. പിതാവ് വയനാട്ടിലെ നടവയൽ സ്വദേശി ആയതിനാൽ മാനന്തവാടി രൂപതയിലെ അംഗമായി. അവിടെ ഒരു പള്ളിയിൽ വികാരിയായി നിയമിക്കപ്പെടുകയും ചെയ്തു. 1973 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ഞരളക്കാട്ട് പിതാവ് മാനന്തവാടി രൂപതയ്ക്ക് വേണ്ടി സേവനം ചെയ്തു. വികാരി, മിഷൻലീഗിന്റെ ഡയറക്ടർ, മതബോധന ഡയറക്ടർ, പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടർ, രൂപത പ്രൊക്കുറേറ്റർ, അഡ്മിനിസ്ട്രേറ്റർ, വികാരി ജനറാൾ എന്നീ നിലകളിൽ പിതാവ് മാനന്തവാടി രൂപതയിൽ സേവനം ചെയ്തു.

ഇടവക വൈദികർക്ക് മാതൃക    

ഇടവക വൈദികർക്ക് ഒരു മാതൃകയായിരുന്നു വൈദികനായ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം, വാക്കുകൾ കൊണ്ടല്ല, തന്റെ പ്രവർത്തനങ്ങൾ കൊണ്ടാണ് പിതാവ് ഇത് തെളിയിച്ചത്. കൊച്ചച്ചൻ ആയിരിക്കുമ്പോൾ തന്നെ ഇടവകയിലെ ജാതി ഭേദമന്യേ ഉള്ള ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചു. എല്ലാവരെയും പേര് ചൊല്ലി വിളിക്കാൻ മാത്രമുള്ള സ്നേഹബന്ധം അവരുമായി കാത്ത് സൂക്ഷിച്ചു. യാത്രാ സൗകര്യങ്ങൾ വളരെ കുറവുള്ള അക്കാലഘട്ടത്തിൽ വളരെ ദൂരെയുള്ള ഇടവകയിലെ എല്ലാ വീടുകളും സന്ദർശിക്കുവാനും വാർഡ് കൂട്ടായ്മകൾ സംഘടിപ്പിക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. “എവിടെ പോയാലും, യാത്ര ചെയ്ത് ക്ഷീണിച്ചു വന്നാലും ഈ കൂട്ടായ്മകൾ ഞാൻ ഉപേക്ഷിക്കുകയില്ലായിരുന്നു. അതുവഴിയായി ഇടവകയിലെ ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കുവാൻ സാധിച്ചു. ഒരു കാര്യം എനിക്ക് ഉറപ്പാണ്, നമ്മുടെ ഇടപെടലുകളിലൂടെയും നല്ല ബന്ധങ്ങളിലൂടെയും എത്ര മാറി നിൽക്കുന്നവരെയും കൂട്ടായ്മയിലേക്ക് കൊണ്ട് വരുവാൻ സാധിക്കും. സംയമനത്തോടെയും ക്ഷമയുടെയും ഉള്ള നമ്മുടെ ഇടപെടലുകൾക്കൊണ്ട് ഇത് സാധ്യമാകുമെന്ന് ഞാൻ എന്റെ അനുഭവത്തിലൂടെ പഠിച്ച കാര്യമാണ്. എവിടെയായിരുന്നാലും എല്ലാവരോടും സ്നേഹപൂർവ്വം ഇടപെടുക. പക്ഷപാതമില്ലാതെ, വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും സ്വീകരിക്കുക. കുഞ്ഞുങ്ങളെ കൂടുതൽ സ്നേഹിക്കുക. അങ്ങനെ കുഞ്ഞുങ്ങളിലൂടെ മാതാപിതാക്കളിലേക്ക് കടന്നു ചെല്ലാൻ പറ്റും. ” – ആർച്ചുബിഷപ്പ് തന്റെ അനുഭവം വെളിപ്പെടുത്തി.

മാനന്തവാടി രൂപതയുടെ വിഭജനം

2007 -ൽ മാനന്തവാടി രൂപത വിഭജിച്ചു. കർണ്ണാടകയിലെ ഷിമോഗ കേന്ദ്രീകരിച്ച് ഒരു രൂപത നിലവിൽ വന്നു. അതാണ് ഭദ്രാവദി രൂപത. 2008 -ൽ ഞരളക്കാട്ട് പിതാവ് മാനന്തവാടി രൂപതയിലെ വികാരി ജനറാൾ ആയിരിക്കുമ്പോൾ ഭദ്രാവദി ബിഷപ്പിന്റെ ക്ഷണപ്രകാരം ഭദ്രാവദി രൂപതയിൽ വികാരി ജനറാളായി രണ്ട് വർഷത്തോളം സേവനം ചെയ്തു. ഒപ്പം ഷിമോഗ പള്ളിയുടെ വികാരിയുമായിരുന്നു. “ഇക്കാലഘട്ടം എന്നെ സംബന്ധിച്ച് വളരെ നല്ല അനുഭവമായിരുന്നു. ഒരു മിഷനറിയായി ജീവിക്കുവാൻ എന്നെ വളരെയധികം സഹായിച്ച ഒരു കാലഘട്ടം. വളരെയേറെ പാവപ്പെട്ട ആളുകളും ചെറിയ മിഷൻ സ്റ്റേഷനുകളും ഒക്കെയായിരുന്നു ഇവിടെയുണ്ടായിരുന്നത്.” -ബിഷപ്പ് കൂട്ടിച്ചേർത്തു.

മാണ്ഡ്യ രൂപതയ്ക്ക് ഊടും പാവും നൽകിയ ആദ്യത്തെ ഇടയൻ

രണ്ട് വർഷത്തിന് ശേഷം വീണ്ടും മാനന്തവാടി രൂപത വിഭജിച്ചു, മാണ്ഡ്യ രൂപത രൂപം കൊണ്ടു. കാരണം, മാനന്തവാടി രൂപത കേരളത്തിന് പുറമേ, കർണാടകയിൽ ആറ് ജില്ലകളിലായി വ്യാപിച്ചിരുന്നു. ഒരുപാട് വിശാലമായ പ്രദേശങ്ങൾ ഉൾപ്പെടെ വളരെ ദൂരെയായിട്ടായിരുന്നു രൂപതയുടെ വ്യാപ്തി. മാണ്ഡ്യ, ഹസൻ, മൈസൂർ, ചാമരാജ് നഗർ എന്നീ നാലു ജില്ലകൾ ഉൾപ്പെടുത്തി 2010 -ലാണ് മാണ്ഡ്യ രൂപത രൂപം കൊള്ളുന്നത്. ഈ രൂപതയുടെ ആദ്യത്തെ ബിഷപ്പായി മാർ ജോർജ് ഞരളക്കാട്ട് നിയമിതനായി. പിതാവിനെ സംബന്ധിച്ച് വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കർമ്മമണ്ഡലമായിരുന്നു ഇത്.

വളരെ കുറച്ച് മാത്രം വിശ്വാസികൾ  ഉണ്ടായിരുന്ന ഒരു രൂപതയായിരുന്നു ഇത്. തുടക്കത്തിൽ ആകെ 715 കത്തോലിക്കാ ഭവനങ്ങൾ മാത്രമുള്ള ഒരു രൂപത. പിതാവിനെ സംബന്ധിച്ചിടത്തോളം വളരെയേറെ ഉത്തരവാദിത്വം തന്റെ പുതിയ കർമ്മമണ്ഡലത്തിൽ ഉണ്ടായിരുന്നു.  നാലു ജില്ലകളിലായി കിടക്കുന്ന ഈ 715 വീടുകളും പിതാവ് സന്ദർശിച്ചു. വളരെ പാവപ്പെട്ട സാഹചര്യങ്ങളിൽ കഴിയുന്നവരായിരുന്നു കൂടുതലും പേർ. പിതാവ് അവരുടെ വീട്ടിൽ ചെല്ലുന്നതും പ്രാർത്ഥിക്കുന്നതും അനുഗ്രഹിക്കുന്നതും ഒക്കെ ആ വീട്ടുകാരെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമായിരുന്നു സമ്മാനിച്ചത്.

അന്ന് മാണ്ഡ്യ രൂപതയ്ക്ക് ഉണ്ടായിരുന്നത് നാലോളം ഇടവക ദൈവാലയങ്ങളും  പതിനഞ്ചോളം മിഷൻ സ്റ്റേഷനുകളായിരുന്നു. ഒരു മിഷൻ സ്റ്റേഷനെ സംബന്ധിച്ചിടത്തോളം അവിടെ കത്തോലിക്കാ സമൂഹം ഉണ്ടാകണം എന്നില്ല. മറ്റ്  മതസ്ഥരായ ആളുകളുടെ ഇടയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ കൂടുതലായും ഉള്ളത്. ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, സ്‌കൂളുകൾ, കുടുബശ്രീ പോലത്തെ കൂട്ടായ്മകൾ ഒക്കെയാണ് അവിടെ ഉണ്ടായിരുന്നത്. അങ്ങനെ അവിടെയുള്ള ആളുകളുടെ ഇടയിലേക്ക് കടന്നു ചെല്ലുകയാണ് ചെയ്തിരുന്നത്. പിന്നീട് പടിപടിയായി സൗകര്യങ്ങളും പള്ളി പണിയാനുള്ള സ്ഥലവുമൊക്കെ മേടിച്ചു. “എം.എസ്.ടി  കോൺഗ്രിഗേഷൻ ഇക്കാലഘട്ടത്തിൽ രൂപതയെ വളരെയേറെ സഹായിച്ചു. കാരണം, മാണ്ഡ്യ ജില്ല മുൻപ് ഈ കോൺഗ്രിഗേഷനെ ഏൽപ്പിച്ചതായിരുന്നു. അവർ അവിടെ 22 മിഷൻ സ്റ്റേഷനുകൾ വളർത്തിയിരുന്നു. അതിൽ പതിനൊന്നെണ്ണം വസ്തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടെ അവർ രൂപതയ്ക്ക് വിട്ടു തന്നു. ഇത് രൂപതയ്ക്ക് അതിന്റെ ശൈശവ ദശയിൽ വളരെ സഹായകമായിരുന്നു.” -ആർച്ചുബിഷപ്പ് പറയുന്നു. 2014 -ആയപ്പോഴേക്കും രൂപത ബാംഗ്ളൂരിലേക്കും കൂടി വ്യാപിച്ചു. അങ്ങനെ ദ്രുതഗതിയിലുള്ള ഒരു വളർച്ച പിതാവിന്റെ നേതൃത്വത്തിൽ രൂപതയ്ക്ക് കൈവന്നു. ഇപ്പോൾ ഒരു ലക്ഷത്തിൽപ്പരം വിശ്വാസികൾ ഉള്ള ഒരു സമൂഹമായി മാണ്ഡ്യ രൂപത വളർന്നു.

ആർച്ചുബിഷപ്പായി വീണ്ടും മാതൃ രൂപതയിലേക്ക്  

2014 ഒക്ടോബർ 30 -നാണ് തലശേരി രൂപതയുടെ ആർച്ചുബിഷപ്പായി മാർ ജോർജ് ഞരളക്കാട്ട് കടന്നുവരുന്നത്. അതിരൂപതയിലെ വൈദികരും സമർപ്പിത സമൂഹവുമെല്ലാം പിതാവിനെ വളരെ സന്തോഷത്തോടെയാണ് രൂപതയിലേക്ക് സ്വീകരിച്ചത്. മാതൃ രൂപതയാണെങ്കിലും പിതാവ് നിലവിൽ തലശേരി രൂപതക്കാരനല്ലല്ലോ. എങ്കിലും വളരെ നല്ലൊരു സ്വീകരണമാണ് തലശേരി രൂപതയിൽ നിന്നും പിതാവിന് ലഭിച്ചത്.

ആളുകളിലേക്ക് ഇറങ്ങി ചെല്ലുന്ന ശൈലി പിതാവിനെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു. സ്ഥാനമോ, അധികാരമോ, ഒന്നും പിതാവിന് ഒരു തടസ്സമല്ലായിരുന്നു. ചുരുങ്ങിയ നാളുകൾക്കൊണ്ട് തന്നെ അതിരൂപതയിലെ വിശ്വാസ സമൂഹത്തിന്റെ മനസ്സിൽ ഇടം പിടിക്കാൻ  പിതാവിന്റെ പിതൃതുല്യമായ വാത്സല്യത്തിന് കഴിഞ്ഞു. അതിരൂപതയിലെ ഇടവകയിലേക്ക് കടന്നു ചെല്ലുമ്പോൾ ആളുകളെ പേരുചൊല്ലി വിളിക്കാൻ മാത്രമുള്ള പരിചയവും ബന്ധവും പിതാവിന് അവരോടുണ്ട്. ഒരാളെ ഒരിക്കൽ പരിചയപ്പെട്ടാൽ അവരെ പിന്നെ മറക്കുകയില്ല പിതാവ്. അതിനാൽ തന്നെ ആർച്ചുബിഷപ്പ് എന്ന സ്ഥാനത്തോടൊപ്പം വാത്സല്യമുള്ള നല്ല ഒരപ്പന്റെ സ്ഥാനമാണ് രൂപതയിൽ പിതാവിനുള്ളത്. ഇടവക സന്ദർശനത്തിന് പോകുമ്പോൾ കിടപ്പുരോഗികളെയും പ്രായമായവരെയും അവരുടെ വീടുകളിൽ എത്തി സന്ദർശിക്കുകയും ചെയ്യും.

“ഇപ്പോഴും ഞാൻ മിഷനെ സ്നേഹിക്കുന്നു. റിട്ടയറായശേഷം വർഷത്തിൽ ആറു മാസം പഞ്ചാബ് മിഷനിൽ പോയി സേവനം ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം.” -പിതാവ് വെളിപ്പെടുത്തി.

അനേകർക്ക് സഹായമാകുന്ന ‘എയ്ഞ്ചൽ’ എന്ന പ്രോഗ്രാം

‘ANGEL -ARCHBISHOP NJARALAKATTU GEORGE ENVISION FOR LIFE’ എന്നാണ് ഇതിന്റെ പൂർണ്ണരൂപം. ‘എയ്ഞ്ചൽ’ എന്ന പ്രോഗ്രാം പേരുപോലെ തന്നെ അനേകർക്ക് ഒരു മാലാഖയെപ്പോലെ ആശ്വാസം നൽകുന്ന ഒന്നാണ്. ആർച്ചുബിഷപ്പിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് യാതൊരുവിധ ആഘോഷ പരിപാടികൾക്കും താത്പര്യപ്പെടാതെ ജൂബിലി സ്മാരകമായി തുടങ്ങുന്ന ഒരു സംരംഭമാണ് ‘എയ്ഞ്ചൽ’ പ്രോഗ്രാം. ചികിത്സിക്കാൻ പണമില്ലാതെ കഷ്ട്ടപ്പെടുന്ന നിർധനരായ കിഡ്‌നി രോഗികൾക്ക് സൗജന്യമായി  ഡയാലിസിസ് ചെയ്യുവാൻ സഹായിക്കുകയാണ് ഈ പ്രോഗ്രാം ലക്‌ഷ്യം വെയ്ക്കുന്നത്. ഒരു ഡയാലിസിസിന് തന്നെ ആയിരം രൂപ ചിലവ് വരും. ഒരു സാധരണ കുടുബത്തിന് ഇത് വഹിക്കാവുന്നതിലേറെയാണ്. അതിനാൽ തന്നെ ഒരാഴ്ച തന്നെ രണ്ടോ മൂന്നോ ഡയാലിസിസ് ചെയ്യുന്ന കുടുംബങ്ങൾ വളരെയേറെ ഭാരപ്പെടുന്നുണ്ടെന്ന് അപ്പന്റെ കരുതലുള്ള ഈ പിതാവിനറിയാം. അതിനാൽ, ആഘോഷങ്ങളേക്കാൾ കാലഘട്ടത്തിനാവശ്യം ഇത്തരം സേവനങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കിഡ്‌നി രോഗികൾക്ക് ഒരു കൈത്താങ്ങാകുവാൻ ഒരുങ്ങുകയാണ് ആർച്ചുബിഷപ്പ്.

കരുവഞ്ചാലിൽ ഉള്ള രൂപതയുടെ സെന്റ് ജോസഫ് ആശുപത്രി ഇപ്പോൾ പുതുക്കി പണിയുകയാണ്. അതിന്റെ ഒരു വിങ് ഡയാലിസിസ് സെന്റർ ആക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ സെന്ററിൽ ഇരുപത് ഡയാലിസിസ് മെഷീൻ വെയ്ക്കുവാനും അതിലൂടെ നിർധനർക്ക് സഹായമാകുവാനുമാണ് ആഗ്രഹിക്കുന്നത്.  ഒരു മെഷീന് തന്നെ ആറര ലക്ഷത്തോളം രൂപയാകും. ഈ ഇരുപത് മെഷീനുകളും സുമനസുകളുടെ സഹായംകൊണ്ട് വാങ്ങിക്കുവാൻ സാധിച്ചു. പൂർണ്ണമായി ചികിത്സിക്കാവുന്നവർക്ക് മുഴുവൻ പണവും തരാം, ഭാഗികമായി മാത്രമുള്ളവർക്ക് അതുമാകാം. ഒട്ടും പണം തരാൻ ഇല്ലാത്തവർക്ക് പൂർണ്ണമായി സൗജന്യമായിട്ടായിരിക്കും ഡയാലിസിസ് ചെയ്തു കൊടുക്കുന്നത്. എന്നാൽ, ഇനിയും ഈ ഡയാലിസിസ് സെന്ററിനായി കടമ്പകൾ ഏറെ കടക്കുവാനുണ്ട്. ഇതിനായി ഇനിയും ആളുകളുടെ സഹായം ഏറെ വേണം. ഒരു കിഡ്‌നി രോഗിക്ക് ഒരു മാസത്തേക്ക് സഹായം ചെയ്യാൻ പറ്റുന്നവർ, ഒരു വർഷത്തേയ്ക്ക് ചെയ്യാൻ പറ്റുന്നവർ, ഓരോ ആഴ്ചയും സഹായിക്കാൻ സാധിക്കുന്നവർ എന്നിങ്ങനെ സഹായിക്കാൻ സന്നദ്ധതയുള്ള ആളുകളെ കണ്ടെത്താൻ  പരിശ്രമിക്കുകയാണിപ്പോൾ. അതിനായി ഫൊറോനാ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിക്കുവാൻ പോകുകയാണ്. ഓരോ ഫൊറോനയിലും എത്ര രോഗികൾ ഡയാലിസിസിന് വിധേയരാകേണ്ടി വരും എന്നതിന്റെ കണക്കുകൾ എടുക്കും. ഈ മാസം അവസാനത്തോടെ ഈ കണക്കുകൾ പൂർത്തീകരിക്കാനാണ് തീരുമാനം. 400 -ഓളം രോഗികൾ തലശ്ശേരി അതിരൂപതയിൽ തന്നെ ഡയാലിസിസിന് വിധേയമാകുന്നുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. നാനാജാതി മതസ്ഥരായവർക്ക് ഈ സംരംഭം പ്രയോജനപ്പെടുത്തുകയാണ് ലക്‌ഷ്യം. മുൻഗണന കൂടുതൽ രൂപതയിൽപ്പെട്ട വിശ്വാസികൾക്ക് ആയിരിക്കും. ഇനിയും വിവിധ ഉപകരണങ്ങൾ ഈ സെന്ററിലേക്ക് വാങ്ങുവാനായിട്ടുണ്ട്. അതിനുള്ള സഹായം പലരും ഇതിനോടകം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യുമെന്ന പൂർണ വിശ്വാസത്തിലാണ് ആർച്ചുബിഷപ്പ്. ഒക്ടോബർ 30 -ഓടെ ഈ മഹനീയ സംരഭത്തിന് തുടക്കം കുറിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഈ വൈദിക ദിനത്തിൽ പിതാവിന്റെ സന്ദേശം

വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ ഇടവക വൈദികർക്ക് അഭിവന്ദ്യ മാർ ജോർജ് ഞരളക്കാട്ട് നൽകുന്ന സന്ദേശം

1. സഭയും വിശ്വാസികളും വൈദികരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് വിശുദ്ധരായ വൈദികരെയാണ്. വി. ജോൺ മരിയ വിയാനിയും വിശുദ്ധമായ ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. ഒരു രൂപതയുടെ ഏറ്റവും വലിയ സമ്പത്ത് വിശുദ്ധരായ വൈദികരാണ്.

2.  ഇക്കാലഘട്ടത്തിൽ നല്ല മനുഷ്യത്വമുള്ള വൈദികരെ ആവശ്യമാണ്. ആളുകളോടൊക്കെ സൗമ്യമായും സ്നേഹമായും പെരുമാറാൻ സാധിക്കുന്ന വൈദികർ.

3. എല്ലാ തലത്തിലുള്ളവരുമായും നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക. പരിശുദ്ധ പിതാവും ഊന്നിപ്പറയുന്ന കാര്യമാണിത്. ദൈവത്തോട്, അധികാരികളോട്, സഹ വൈദികരോട്, പ്രകൃതിയോട് എല്ലാം നല്ലൊരു ബന്ധം കാത്ത് സൂക്ഷിക്കണം.

4. ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളോടുള്ള പ്രതിബന്ധത വളരെ ആവശ്യമാണ്. ആത്മീയമായും ഭൗതികമായും ഏൽപ്പിച്ചിരിക്കുന്ന ജോലി കൃത്യമായി ചെയ്യുവാൻ പരിശ്രമിക്കുക.

5. ഇക്കാലഘട്ടത്തിൽ വിഭാഗീയത വളർത്താതെ എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ടുള്ള സ്നേഹബന്ധം വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. മറ്റ് മതങ്ങളുമായും ക്രൈസ്തവ സഭയിലെ ഇതര വിഭാഗങ്ങളുമായും നല്ല ബന്ധം കാത്ത് സൂക്ഷിക്കണം.”

ഒരു അപ്പന്റെ വാത്സല്യത്തോടെ, സ്നേഹത്തോടെ തന്റെ അജഗണങ്ങളെ അറിയുന്ന അവരെ മനസിലാക്കുന്ന മാർ ജോർജ് ഞരളക്കാട്ട് പിതാവിനും എല്ലാ ഇടവക വൈദികര്‍ക്കും ലൈഫ് ഡേ യുടെ വൈദികദിനത്തിന്റെ ആശംസകൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ