പുഴ പോലൊരു ജീവിതം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു അന്യസംസ്ഥാന യാത്രയെക്കുറിച്ചാകാം ഇന്നത്തെ ചിന്ത.

വഞ്ചിയിലായിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. പുഴയിലൂടെ മുന്നോട്ടു പോകുമ്പോൾ വള്ളക്കാരൻ ഓരോ സ്ഥലങ്ങളെക്കുറിച്ചും വിശദീകരിച്ചു. വീടിനു മുന്നിലുള്ള കടവുകളിൽ സ്ത്രീകളും കുട്ടികളും കുളിയും അലക്കും നടത്തുന്നതു കാണാം. ചിലയിടങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന എരുമക്കൂട്ടത്തെയും കാണാം. ചെറുവള്ളങ്ങളിലിരുന്ന് വലയെറിയുന്നവരും പുഴക്കരയിലിരുന്ന് ചൂണ്ടയിടുന്നവരും പുഴ നീന്തിക്കടക്കുന്ന നായ്ക്കളും… അങ്ങനെയങ്ങനെ പലതരം കാഴ്ചകൾ.

പെട്ടന്ന് ഞങ്ങളുടെ ശ്രദ്ധയാകർഷിച്ചുകൊണ്ട് വള്ളക്കാരൻ പറഞ്ഞു: “ആ കടവ് കണ്ടോ? അത് സവര്‍ണ്ണരുടേതാണ്. അതിനപ്പുറത്ത്, അധികം ദൂരെയല്ലാതെ കീഴ്ജാതിക്കാരുടെയും കടവുണ്ട്.”

ചെറുചിരിയോടെ അയാൾ തുടർന്നു: “നായ്ക്കളും കന്നുകാലികളും മനുഷ്യരുമെല്ലാം കുളിക്കുന്നത് ഒരേ പുഴയിൽ; ഒരേ വെള്ളത്തിൽ. ഇതിനിടയിൽ പുഴയ്ക്കറിയില്ലല്ലോ, സവർണ്ണരുടേയും അവർണ്ണരുടേയും കടവുകൾ! എല്ലാറ്റിനെയും ശുചീകരിച്ചും സകലതിനും ജീവൻ നൽകിയും പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു.”

അക്ഷരജ്ഞാനം അധികമില്ലാത്ത ആ വള്ളക്കാരൻ പകർന്നുനൽകിയത് വലിയ ഉൾക്കാഴ്ചയായിരുന്നു. പലരും കുളിക്കുന്ന പുഴയിൽ ഒട്ടേറെ കടവുകൾ ഉണ്ടെങ്കിലും വെള്ളം ഒന്നു തന്നെ. ഈ ഒഴുക്കുവെള്ളത്തിൽ ശത്രുവും മിത്രവും ഇറങ്ങുന്നു. മൃഗങ്ങളും പക്ഷികളും അതേ ജലം ഉപയോഗിക്കുന്നു. തന്നെ സ്പർശിക്കുന്ന സകലതിനും ജീവനേകിക്കൊണ്ട് പിന്നെയും പുഴയുടെ പ്രയാണം തുടരുന്നു.

ക്രിസ്തുവും ഒരു പുഴ പോലെയായിരുന്നു. തന്നെ സമീപിച്ചവർക്കെല്ലാം ഉണർവ്വും ഉന്മേഷവും നവജീവനും നൽകി അവൻ യാത്ര തുടർന്നു. “അനേകം പേര് അവനെ അനുഗമിച്ചു. അവരെയെല്ലാം അവന് സുഖപ്പെടുത്തി” (മത്തായി 12:15) എന്ന് വചനം പറയുമ്പോൾ വേർതിരിവുകളും അതിർവരമ്പുകളുമില്ലാത്ത അനുഗ്രഹത്തിന്റെ ഉറവിടമായിരുന്നു ക്രിസ്തു എന്ന് മനസിലാക്കണം.

ജീവിതയാത്രയിൽ നമ്മൾ ഒരുപാട് ദൂരം പിന്നിട്ടു. നാം പോലുമറിയാതെ, കടവുകൾ എത്രയോ രൂപം കൊണ്ടു? ഇനിയെങ്കിലും ഈ പുഴയുടെ ഹൃദയം സ്വന്തമാക്കാനായില്ലെങ്കിൽ വേർതിരിവുകളുടെ കടവുകൾ സൃഷ്ടിച്ച് നമ്മൾ പരസ്പരം അകന്നുകൊണ്ടേയിരിക്കും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.