മണ്ണ് മധുരിക്കുമ്പോള്‍

ഒരു ചിത്രകാരന്‍ തന്റെ ചിത്രരചനയിലെ ഓരോ ഘട്ടത്തിലും അതിനെ തെല്ലൊന്നു മാറിനിന്നു വീക്ഷിക്കുന്നത് നമ്മള്‍ കാണാറില്ലേ? തന്റെ ഹൃദയത്തില്‍ നിറയുന്നത് ചിത്രത്തില്‍ പകര്‍ത്തുമ്പോഴാണ് കലാകാരന്‍ സന്തുഷ്ടനാകുന്നത്. ഇതുപോലെ ഇടയ്‌ക്കൊക്കെ നമ്മളും തെല്ലൊന്ന് മാറിനിന്ന് സ്വന്തം ജീവിതത്തെ വിലയിരുത്താന്‍ പഠിക്കണം. തിരുത്താനും മെച്ചപ്പെടുത്തുവാനും ഒട്ടേറെയുണ്ട് നമ്മുടെ ജീവിതത്തിലും.

മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളിലും ശകാരങ്ങളിലും എന്റെ നിയന്ത്രണം വിട്ടുകൊടുക്കാതെ എന്നെ ഞാനായി കാണാന്‍ എനിക്ക് സാധിക്കുന്നിടത്ത് ഞാന്‍ വിജയിച്ചുതുടങ്ങും. എന്നെ ഞാനായി കാണാനുള്ള അവബോധമാണ് ആദ്യം ഉണ്ടാകേണ്ടത്. ഞാന്‍ ആയിരിക്കുന്ന ഇടം, കൂടെയുള്ളവര്‍, എന്നെ ഞാനായിത്തീരാന്‍ സഹായിച്ചവര്‍ ഇവരോടൊക്കെ എനിക്ക് കടപ്പാട് ഉണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. ഇതിനപ്പുറം മറ്റുള്ളവരുടെ ഇംഗിതങ്ങള്‍ക്ക് എന്നെ ഇരയാക്കുന്നവരോട് ‘നോ’ പറയാന്‍ പഠിച്ചാല്‍ എന്റെ ജീവിതം കരുത്തുറ്റതാകും.

കൂടെയുള്ളവനും കൂടെയുള്ളവളും എന്റെ ഇഷ്ടപ്രകാരമാകണമെന്ന് ശഠിക്കാന്‍ എന്നെ ആരാണ് നിയോഗിച്ചത്? കൂടെ നിന്ന് കുറ്റം ചെയ്തവരും കൂറുമാറി സ്വയം നീതിമാന്‍ എന്ന പരിവേഷം കെട്ടി നമ്മെ ഒറ്റപ്പെടുത്തുമെന്ന് വെറുതെ ഒന്ന് ഓര്‍ത്തുവയ്ക്കാം… മറ്റുള്ളവരെ കൊടിയ നിരാശയിലേയ്ക്കും മൗനത്തിലേയ്ക്കും നയിക്കുവാന്‍ എന്റെ വാക്കുകള്‍ കാരണമാകുന്നുണ്ടെങ്കില്‍ എനിക്ക് ഞാന്‍ തന്നെ ശാസന നല്‍കിയിരിക്കണം. ഞാന്‍ സ്‌നേഹിക്കുന്നവരൊക്കെ എന്റേതു മാത്രമാകണമെന്ന് വാശിപിടിക്കുന്നതും ബാലിശമല്ലേ?

മനുഷ്യരായ നമ്മെ മണ്ണില്‍ നിന്നാണ് മെനഞ്ഞിരിക്കുന്നതെങ്കില്‍ ഈ മണ്ണിലേയ്ക്ക് എന്തും വലിച്ചെറിയപ്പെടാം. എല്ലാ മാലിന്യങ്ങളും വലിച്ചെറിയുന്നത് മണ്ണിന്റെ മാറിടത്തിലേയ്ക്കാണല്ലോ… കുപ്പയില്‍ നിന്നുപോലും സസ്യലതാദികളെ പുറപ്പെടുവിക്കാന്‍ മണ്ണിന് കഴിയുന്നില്ലേ? ഈ മണ്ണിന്റെ സ്വഭാവം എന്നിലും പുനര്‍ജ്ജനിക്കണം. നല്ലവ തളിര്‍ക്കപ്പെടാന്‍ ഞാന്‍ എന്നെയും അനുവദിക്കണം. ഇങ്ങനെ പുനര്‍ജ്ജനിക്കാനായാല്‍ മുള്ളുവേലികളില്‍ പോലും പന്തലിച്ച് പൂ ചൂടി നില്‍ക്കുന്ന ചെടിയെന്നപോലെ എന്നിലെ നന്മകളിലേയ്ക്കും ചില കണ്ണുകള്‍ തറയ്ക്കപ്പെടാം. വീട്ടില്‍ അന്നം മുട്ടുമ്പോള്‍, കുപ്പച്ചീരയും വലിച്ചെറിഞ്ഞ വിത്തുകളിലെ പയറുമണികളും അടുക്കളയില്‍ ആഹാരമായി മാറാറില്ലേ? കുപ്പയില്‍പോലും മനുഷ്യനോടുള്ള കരുതല്‍ ഒളിപ്പിച്ചുവച്ച് ഒരുവന്‍ മറഞ്ഞിരിപ്പുണ്ട് എന്നതല്ലേ ഇതെല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്!!

എന്റെ മണ്‍കുടത്തിലെ ജീവിതാഭിലാഷങ്ങള്‍ ഞാന്‍ മറ്റൊരുവനെ ഏല്‍പിക്കാന്‍ പാടില്ല. എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് എന്റെ മണ്ണില്‍ തന്നെ ആയിക്കൊള്ളട്ടെ. പലപ്പോഴും നമ്മുടെ സ്വപ്നങ്ങളില്‍ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ നിറച്ച് നിരാശയ്ക്ക് നിലമൊരുക്കി കൊടുക്കുന്നവരാണ് നമ്മള്‍. എന്നില്‍ നൂറുമേനി വിളയേണ്ടവ എന്നില്‍ നിന്നുതന്നെ കുരുക്കട്ടെ… അതുകൊണ്ടു തന്നെയാണ് ഈ വിളനിലത്തെ ഇടയ്‌ക്കൊക്കെ ഒന്ന് മാറിനിന്ന് പരിപാലിക്കണം എന്നുപറയുന്നത്. അയല്‍ക്കാരന്റെ അതിരു മാന്തി എന്റെ മണ്ണിന്റെ ഘനം പെരുപ്പിക്കുവാന്‍ നോക്കുന്നത് അല്പത്തരമല്ലേ? കൂടെ നില്‍ക്കുന്നവനും വെറും മണ്ണാണ് എന്നും അവരില്‍ കതിരിടേണ്ടത്, വിളവായി കാണുമ്പോള്‍ ആനന്ദിക്കുവാനും നമ്മള്‍ എന്നാണ് പഠിക്കുന്നത്? അപരനെ നോക്കി വിത്ത് പാകുമ്പോള്‍ അവന്റെ വയലിലെ പോലെ എന്നെ വയല്‍ വിളഞ്ഞില്ലെങ്കില്‍, നിസ്സാരരായ നമ്മള്‍ വളരെ പെട്ടെന്ന് നിരാശപ്പെട്ടുപോകാം. ജീവിതത്തിലെ ഏത് ഉദ്യമങ്ങളിലും ഉടയവനിലേയ്ക്കു നോക്കി വിത്ത് പാകുന്നവര്‍ ആഴത്തില്‍ വേരൂന്നി ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കും!!

ചൈനീസ് ബാംബൂ ട്രീയെ പറ്റി കേട്ടിട്ടില്ലേ? അഞ്ചുവര്‍ഷത്തോളം അത് ഭൂമിയുടെ അടിയില്‍ അമര്‍ന്ന് നല്ല ധാതുക്കള്‍ ആഗിരണം ചെയ്ത് ഏറെക്കാലത്തിനു ശേഷമാണ് ഭൂമിയില്‍ നിന്ന് മുളപൊട്ടി തുടങ്ങുക! പിന്നീട് അത് വളര്‍ന്നു വളര്‍ന്നു ആകാശത്തിലേയ്ക്ക് ചില്ലകള്‍ വീശി വിരാജിക്കുന്നുത് നമ്മുടെ കണ്ണുകള്‍ക്ക് എത്ര സന്തോഷകരമാണ്! എത്തരുതാത്തിടത്തു നിന്നും കണ്ണുകള്‍ പിന്‍വലിച്ച് എത്തിച്ചേരേണ്ടിടത്തു കണ്ണുകള്‍ ഉറപ്പിച്ചാല്‍, തളിര്‍ക്കേണ്ട സമയത്ത് ഞാനും തളിര്‍ക്കും..

മണ്ണായ മനുഷ്യന്റെ ഏറ്റവും വലിയ പാഠപുസ്തകം പ്രകൃതി തന്നെയാണ് മാറിമാറി വരുന്ന ഓരോ വസന്തങ്ങളോടും പ്രകൃതി എത്ര ഹൃദ്യമായി ഇണങ്ങുന്നു. വെളിയില്‍ പാടിത്തിമിര്‍ക്കുന്ന കുഞ്ഞുകുരുവി പോലും കൂട്ടിലടയ്ക്കപ്പെട്ട നമ്മളോട് എന്തെല്ലാമാണ് ഇന്ന് സംസാരിക്കുന്നത്!! നമ്മുടെ മിഴികള്‍ക്ക് അപ്രസക്തമായിരുന്നവയെല്ലാം ഇന്ന് നമ്മെ ഓരോ പാഠങ്ങള്‍ പഠിപ്പിക്കുന്നു! കണ്ടില്ലെന്നു നടിച്ചിരുന്ന പലതിലും ഇന്ന് നമ്മുടെ കണ്ണുകള്‍ ഉടക്കിപ്പോകുന്നു! മനുഷ്യന്റെ നിസ്സാരതയ്ക്കു മുമ്പില്‍ പ്രകൃതി പോലും പകച്ചുപോകുന്നുണ്ടോയെന്ന് ഇന്ന് മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നു.

ആ തച്ചന്റെ മകനെ ഒന്ന് ഓര്‍ക്കാതെ അവസാനിപ്പിക്കുന്നതു മോശമല്ലേ? മൂന്നു വര്‍ഷം കൊണ്ട് ലോകത്തെ മുഴുവന്‍ നേടാന്‍ 30 വര്‍ഷം ചരിത്രത്തിന് പിടിതരാതെ ഒളിഞ്ഞുനിന്നവന്‍. ആകാശത്തിനു മീതെ നഗ്‌നനായി ഉയര്‍ത്തപ്പെട്ടതും കല്ലറയില്‍ മൂന്ന് ദിവസം ഒതുങ്ങിപ്പോയതും അവന്റെ സ്‌നേഹത്തിന്റെ ആഴം അത്രമേല്‍ ഈ ഭൂമിയുടെ മണ്ണില്‍ വേരുപാകിയതു കൊണ്ടല്ലേ!! എല്ലാ കണ്ണുകളും അവനില്‍ ഉറയ്ക്കട്ടെ! എല്ലാ മണ്ണും ഫലമുള്ളതാകട്ടെ! മുള്ളുവേലികളില്‍പോലും നമ്മുടെ നല്ല ഫലം കായ്ച്ചുതുടങ്ങട്ടെ.

ആശംസകളോടെ

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.