ഹിക്രിമു

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അക്രൈസ്തവയായ ആ യുവതിയുടെ വലിയ സ്വപ്നമായിരുന്നു ഒരു ‘ഹിക്രിമു’ തയ്യാറാക്കുക എന്നത്. ഹിന്ദു , ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം എന്നര്‍ത്ഥം. ഈ ആഗ്രഹത്തോടെ വിവിധ മതങ്ങളെക്കുറിച്ചുള്ള പഠനം അവള്‍ ആരംഭിച്ചു. ഇതിനിടയിലാണ് അവളുടെ ജീവിതത്തില്‍ ആ ദുരന്തം നടന്നത്. അച്ഛന്റെ അപ്രതീക്ഷിതമായ വേര്‍പാട്. അത് അവളെ വല്ലാതെ പിടിച്ചുലച്ചു. അതോടൊപ്പം വിവാഹം വരെ എത്തിയ ഒരു ബന്ധത്തില്‍ നിന്നുമുണ്ടായ സാമ്പത്തികബാധ്യതയും അവളെ തകര്‍ത്തുകളഞ്ഞു.

രണ്ട് എംബിഎ -യും ഒരു പോസ്റ്റ് ഗ്രാഡുവേഷനും ഉണ്ടായിരുന്ന അവളുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഇതിനിടയില്‍ നഷ്ടമായി. ബിരുദാനന്തര ബിരുദങ്ങള്‍ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത അവസ്ഥ. കുടുംബത്തിന്റെ ഈ പ്രതിസന്ധിയില്‍ ദുഃഖിതയായിരുന്ന അമ്മയോട് അവള്‍ ഇങ്ങനെ പറഞ്ഞു: “പണമില്ലാത്തതിനെക്കുറിച്ച് അമ്മ വിഷമിക്കേണ്ട, എനിക്കൊരു ജോലി കിട്ടിയില്ലെങ്കില്‍ അടുത്തുള്ള ഹോളോബ്രിക്‌സ് കമ്പനിയില്‍ കൂലിവേലയ്ക്ക് പോയെങ്കിലും ഞാന്‍ കുടുംബം പോറ്റും.”

ദുരിതപൂര്‍ണ്ണമായ ആ യാത്രയില്‍ അവളുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ തിരിവെട്ടമായി കടന്നുവന്ന വ്യക്തിയാണ് സിസ്റ്റര്‍ ട്രീസ ആന്‍. അവരാണ് ആദ്യമായി അവള്‍ക്കൊരു സമ്പൂര്‍ണ്ണ ബൈബിള്‍ സമ്മാനിക്കുന്നത്. അത് നല്‍കിയപ്പോള്‍ അവര്‍ പറഞ്ഞു: “മകളേ, ഇതിലെ ഒരു വരിയെങ്കിലും നീ എന്നും വായിക്കണം.”

ആ വാക്കുകള്‍ അവള്‍ നെഞ്ചേറ്റി. വേദപുസ്തകത്തിന്റെ ഏടുകളിലൂടെ അവള്‍ ജീവനുളള ദൈവത്തെ പരിചയപ്പെട്ടു. എന്നിരുന്നാലും എവിടെയൊക്കെയോ നിരാശയുടെ നീരാളിക്കൈകള്‍ അവളെ വരിഞ്ഞുമുറുക്കിയിരുന്നു. കഠിനമായ വിഷാദരോഗത്തിന്നടിമയായ അവള്‍ പതിമൂന്ന് തവണയാണ് ആത്മഹത്യാശ്രമം നടത്തിയത്. ദൈവാനുഗ്രഹത്താല്‍ പതിമൂന്ന് തവണയും അവളുടെ ജീവന്‍ അപായപ്പെട്ടില്ല. പതിമൂന്നാം തവണ നടത്തിയ ആത്മഹത്യാശ്രമം അവളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ആശുപത്രിയില്‍ അവളെ കാണാന്‍ ദൈവദൂതനെപ്പോലെ ഒരു വൈദികന്‍ കടന്നുവന്നു: ഫാ. വിന്‍സന്റ് ചെമ്പകശേരി.

അവള്‍ ആ വൈദികനോട് പറഞ്ഞു: “എനിക്കെന്റെ അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു. അച്ചനെനിക്കൊരു പാട്ടു പാടിത്തരാമോ?”

അച്ചന്‍ പറഞ്ഞു: “ഞാന്‍ വലിയ പാട്ടുകാരനല്ല. എങ്കിലും നിന്റെ സന്തോഷത്തിനും സൗഖ്യത്തിനുമായി കുര്‍ബാനയിലെ ഒരു ഗീതം ഞാന്‍ പാടാം. മിശിഹാ കര്‍ത്താവിന്‍ കൃപയും ദൈവപിതാവിന്‍ സ്‌നേഹമതും റൂഹാതന്‍ സഹവാസവുമീ നമ്മോടൊത്തുണ്ടാകട്ടെ, ആമ്മേന്‍.”

അങ്ങനെ തിരുവചനത്തിലൂടെയും വിശുദ്ധ കുര്‍ബാനയിലൂടെയും അവള്‍ ദൈവത്തെ അറിഞ്ഞു; അനുഭവിച്ചു. ആ ദൈവത്തെ സ്വന്തമാക്കാനും അനേകരിലേക്ക് ദൈവസ്‌നേഹം പങ്കുവയ്ക്കാനുമായി അവള്‍ ക്രിസ്ത്യാനിയാകാന്‍ തീരുമാനിച്ചു. 2015 ജനുവരി ഒന്നിന്, റോസ് മരിയ എന്ന പേരില്‍ അവള്‍ മാമ്മോദീസാ സ്വീകരിച്ചു. തന്റെ രചനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന് സാക്ഷിയായി ഇന്നും അവള്‍ ജീവിതം തുടരുന്നു (കടപ്പാട്: ശാലോം ടി.വി.).

വിതക്കാരന്റെ ഉപമയില്‍ ക്രിസ്തു പറഞ്ഞതുപോലെ, “നല്ല നിലത്തു വീണ വിത്ത് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു” (മത്തായി 13:23). നല്ല നിലത്തു വീണ വിത്താണ് ദേവീ മേനോന്‍ എന്ന പേരില്‍ നിന്ന് റോസ് മരിയയിലേക്ക് വളര്‍ന്ന അച്ചു! ക്രിസ്ത്യാനി ആയതുകൊണ്ട് മാത്രമല്ല ക്രിസ്തുവിനു വേണ്ടി ജീവിക്കുമ്പോഴാണ് നമ്മള്‍ ഫലം പുറപ്പെടുവിക്കുന്ന വിത്തുകളാകുന്നത് എന്ന സത്യം നമുക്ക് വെളിച്ചം പകരട്ടെ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.