വഴിതെറ്റുന്ന സൗഹൃദങ്ങള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത് രണ്ടു മക്കളുടെ അപ്പനെയാണ്. ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് അദ്ദേഹം ആശ്രമത്തിലെത്തുന്നത്. കണ്ണീരോടെ അദ്ദേഹം തന്റെ അനുഭവം വിവരിച്ചു.

“അച്ചാ, ഞങ്ങളുടേത് വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രേമവിവാഹമായിരുന്നു. മൂന്നു മക്കളെയും ദൈവം ഞങ്ങള്‍ക്ക് നല്‍കി. മൂത്ത മകന്‍ ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. എന്റെ ഭാര്യ അറിയാത്ത ഒരു സൗഹൃദം എനിക്കുണ്ട്. ആ സ്ത്രീയും വിവാഹിതയാണ്. രണ്ടു മക്കളുമുണ്ട്. ഭര്‍ത്താവാണെങ്കില്‍ വിദേശത്തും. ഫേസ് ബുക്ക് വഴിയാണ് ഞങ്ങൾ ആദ്യം പരിചയപ്പെടുന്നത്. ആദ്യമെല്ലാം വെറും സൗഹൃദമായിരുന്നു. തുടര്‍ന്ന് പ്രൈവറ്റ് ചാറ്റിങ്ങിലേക്കു മാറി. ആ സ്ത്രീയുടെ കുടുംബജീവിതത്തിലെ ചില സങ്കടങ്ങള്‍ പങ്കുവച്ചപ്പോള്‍ ഞാന്‍ ഉപദേശം നല്‍കി. എന്നാല്‍ പിന്നീടത് വഴിവിട്ട അടുപ്പത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇന്നലെ ആ ബന്ധം എന്റെ ഭാര്യയറിഞ്ഞു. ഏതു ഭാര്യയെയും പോലെ അവളും രോഷം പൂണ്ടു. കുറയേറെ കരഞ്ഞു. ഇന്ന് രാവിലെ അവളാണ് എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്. മനസ് പലയാവര്‍ത്തി അരുതെന്ന് പറഞ്ഞിട്ടും ഒരു പ്രത്യേക മാസ്മരികവലയത്തില്‍ അകപ്പെട്ട ഞാന്‍ തെറ്റില്‍ നിപതിച്ചു. കരകയറണമെന്ന് ആഗ്രഹമുണ്ട്. അച്ചന്‍ സഹായിക്കണം.”

ഞാൻ അയാളുമായ് സംസാരിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. എന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഭാര്യയും ആശ്രമത്തിലെത്തി. കണ്ണീരോടെ അദ്ദേഹം അവളോട് മാപ്പപേക്ഷിച്ചു. അവരിരുവരും എന്റെ മുമ്പിലിരുന്ന് കരഞ്ഞു. പുതിയൊരു തീരുമാനവുമായ് വീട്ടിലേക്കു മടങ്ങി.

ഒരു സാധാരണ ചാറ്റിങ്ങില്‍ ആരംഭിച്ച സൗഹൃദം എത്ര പെട്ടന്നാണ് വഴിവിട്ട ബന്ധമായ് വളര്‍ന്നത്? ഇത് മുകളില്‍ വിവരിച്ച വ്യക്തിയുടെ മാത്രം കഥയല്ല. അനേകരുടെ പതനത്തിന്റെ കഥയാണ്. മറ്റുള്ളവരെ ഉപദേശിക്കുമ്പോഴും നേര്‍വഴിക്ക് നയിക്കുമ്പോഴും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയാന്‍ നമുക്ക് പലപ്പോഴും കഴിയുന്നില്ല. സ്വന്തം മനസിന്റെ വ്യതിചലനങ്ങള്‍ തിരിച്ചറിഞ്ഞ് തെറ്റിന്റെ വഴിയില്‍ നിന്ന് പിന്തിരിയാന്‍ നമ്മളില്‍ പലരും പരാജയപ്പെടുന്നു.

ക്രിസ്തു പറയുന്നത് ശ്രദ്ധിക്കൂ: “അവന്‍ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാൽ മഴ വരുന്നു എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കന്‍ കാറ്റടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്?” (ലൂക്കാ 12: 54-56).

പാപം പതിയിരിക്കുന്ന വഴികളിലൂടെയാണ് നമ്മുടെ യാത്ര. എനിക്ക് തെറ്റ് പറ്റില്ലെന്നുള്ള അമിതമായ ആത്മവിശ്വാസത്തിനു പകരം വീഴാതിരിക്കാനുള്ള ജാഗ്രതയും ദൈവാശ്രയവുമാണ് വേണ്ടത്. പൗലോസ് അപ്പസ്‌തോലന്റെ ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കൂ: “ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ” (1 കോറി 10:12).

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.