ആന്റോയുടെ സ്വര്‍ഗരാജ്യം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഈ യുവാവിന്റെ കഥ കേള്‍ക്കേണ്ടതാണ്. പതിനൊന്നു മക്കളുള്ള കുടുംബത്തിലെ പതിനൊന്നാമത്തെ മകനാണ് തൃശൂര്‍ സ്വദേശിയായ ആന്റോ തളിയത്ത്. അദ്ദേഹത്തിന് ആറു മാസം പ്രായമുള്ളപ്പോള്‍ അപ്പന്‍ മരിച്ചു; പതിനെട്ടാമത്തെ വയസില്‍ അമ്മയും. പച്ചക്കറി ചന്തയില്‍ ചുമടെടുക്കുന്ന ജോലിയാണ് പതിനേഴു വയസു മുതല്‍ ചെയ്യുന്നത്.

ആന്റോയ്ക്ക് ഇരുപത്തൊന്ന് വയസ് പ്രായമുള്ളപ്പോഴാണ് ആ സംഭവം നടക്കുന്നത്. ക്രിസ്തുമസ് രാത്രി കരോള്‍ കഴിഞ്ഞുള്ള മടക്കയാത്ര. കുറച്ച് അക്രമികള്‍ ചേര്‍ന്ന് വടിവാളു കൊണ്ട് ആന്റോയെ വെട്ടി. ശിരസിന്റെ വലതുഭാഗം പിളര്‍ന്നു. വെട്ടിയവര്‍ ഒരു ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായിരുന്നു. വെട്ടിയതിനു ശേഷമാണ് അവര്‍ക്ക്, ആള്‍ മാറിയെന്ന് തിരിച്ചറിയുന്നത്.

ചോരയില്‍ കുളിച്ചുകിടക്കുമ്പോള്‍ ആന്റോയുടെ മനസിലൂടെ ഏതാനും ചിന്തകള്‍ കടന്നുപോയി. ‘ഈ ക്രിസ്മസ് രാത്രി എന്നെ ആശുപത്രിയിലെത്തിക്കാന്‍ ആരുമുണ്ടാകില്ല. ഇനി അഥവാ ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചാല്‍ അവിടെ ഡോക്ടര്‍മാര്‍ ഉണ്ടാകില്ല. ഡോക്ടര്‍മാര്‍ ഉണ്ടായാലും എ.ബി. പോസിറ്റീവ് എന്ന അപൂര്‍വ്വ രക്തഗ്രൂപ്പിന് ഉടമയായ എനിക്ക് ആവശ്യമുള്ള രക്തം ലഭിക്കില്ല. അതുകൊണ്ട് നല്ല മരണത്തിന് തയ്യാറെടുക്കുക തന്നെ.’

ഈ ചിന്തകളുമായി ആന്റോ തന്നെ ക്ഷതമേല്‍പ്പിച്ചവരോട് ക്ഷമിച്ചു. നല്ല മരണം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചു. ഒപ്പം തന്നെ ഉപദ്രവിച്ചവരുടെ മാനസാന്തരത്തിനു വേണ്ടിയും. പ്രാര്‍ത്ഥിച്ചു കഴിഞ്ഞ ഉടന്‍ അത്ഭുതമെന്നു പറയട്ടെ, എവിടെ നിന്നോ ആന്റോയുടെ ഒരു സുഹൃത്തും അവനെ വെട്ടിപരിക്കേല്‍പ്പിച്ചവരില്‍ രണ്ടു പേരും ഓടിയെത്തി. അവര്‍ ആന്റോയെ ആശുപത്രിയില്‍ എത്തിക്കാനായി ഓട്ടോയില്‍ യാത്രയായി. യാത്രാമദ്ധ്യേ മൃതപ്രാണനായ ആന്റോയോട് അവര്‍ പറഞ്ഞു: “ഞങ്ങള്‍ക്ക് ആള്‍ മാറിയതാണ്. ക്ഷമിക്കണം. ഇതൊരു കൊലപാതക ശ്രമമാണെന്ന് ഡോക്ടര്‍മാരോട് പറയരുത്. പറഞ്ഞാല്‍ അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ല.”

ആദ്യം കൊണ്ടുചെന്ന ആശുപത്രിയില്‍ നിന്നും അവരെ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയച്ചു. ഏകദേശം മൂന്നു മണിക്കൂര്‍ സമയമെടുത്ത് ഡോക്ടര്‍മാര്‍ ആന്റോയുടെ മുറിവുകള്‍ തുന്നിക്കെട്ടി. ഇരുപത്തിനാല് തുന്നിക്കെട്ടുകളുമായ് പതിയെ ആന്റോ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. ആശുപത്രി വിടുന്നതിനു മുമ്പ് ആന്റോ സ്വയം പറഞ്ഞു: ‘ഇത് എന്റെ രണ്ടാം ജന്മമാണ്. ഇനി ഞാന്‍ ജീവിക്കുന്നത് എനിക്കു വേണ്ടിയല്ല എന്റെ ക്രിസ്തുവിനു വേണ്ടിയും സമൂഹത്തില്‍ ആരാരുമില്ലാത്തവര്‍ക്കു വേണ്ടിയുമാണ്.’

ജയില്‍ മിനിസ്ട്രിയുടെ സാരഥിയായ ആന്റോ കരിപ്പേരിയച്ചനോട് ചേര്‍ന്ന് അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിയോരം പാര്‍പ്പിടമാക്കിയവര്‍ക്കും വേണ്ടി അന്നു മുതല്‍ തന്റെ ജീവിതം തുടരുന്നു. (വീഡിയോ കാണാം: https://youtu.be/8zchuHmycjs).

“ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്” (ലൂക്കാ 17:21) എന്ന വചനത്തിന്റെ പൂര്‍ത്തീകരണമാണ് ആന്റോയെപ്പോലുള്ളവരുടെ ജീവിതം. നമ്മെ മുറിവേല്‍പ്പിച്ചവരെയും നമ്മള്‍ മൂലം മുറിവേറ്റവരെയും ഒന്നോര്‍ത്തെടുക്കാം. ക്ഷമിക്കാനും സ്‌നേഹിക്കാനും ശ്രമിക്കാം. നമ്മിലൂടെയും ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിതമാക്കപ്പെടട്ടെ!

ഫാ. ജെന്‍സസണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.