വൈകി വന്ന വസന്തം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. നന്ദി പറയുവാനായ് അവര്‍ ആശ്രമദൈവാലയത്തില്‍ വന്നു. അവരുടെ വാക്കുകളില്‍ സന്തോഷം നിറഞ്ഞുനിന്നിരുന്നു.

“അച്ചന് ഓര്‍മ്മയുണ്ടോ, നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളിവിടെ പ്രാര്‍ത്ഥിക്കാന്‍ വന്നത്?”

‘ഓര്‍മ്മയുണ്ട്. അന്ന് നിങ്ങള്‍ നിരാശയിലും ദുഃഖത്തിലുമായിരുന്നല്ലോ?”

“ഞങ്ങളുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു. ഇരട്ടക്കുഞ്ഞുങ്ങളെയാണ് ദൈവം ഞങ്ങൾക്കു നല്‍കി അനുഗ്രഹിച്ചത്.”

“ഇവരെ രണ്ടു പേരെയും എങ്ങിനെയാണ് നോക്കുന്നത്?”

“ഒന്നും പറയണ്ട, എത്ര രാത്രികള്‍ ഞങ്ങള്‍ ഉറങ്ങാതിരുന്നിട്ടുണ്ടെന്നറിയുമോ? ഒരാള്‍ ഉറങ്ങുമ്പോഴായിരിക്കും മറ്റേയാള്‍ ഉണരുന്നത്. അയാളെ എങ്ങനെയെങ്കിലും ഉറക്കുമ്പോഴേക്കും ഉറങ്ങിയ ആള്‍ എഴുന്നേറ്റിട്ടുണ്ടാകും. സത്യത്തില്‍ ഒരു സ്ത്രീ അമ്മയാകുമ്പോള്‍ മാത്രമേ മക്കളെ വളര്‍ത്താന്‍ സ്വന്തം അമ്മ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് മനസിലാവൂ.”

ആ സ്ത്രീ പറഞ്ഞ വാക്കുകള്‍ എത്രയോ അര്‍ത്ഥവത്താണ്. നമ്മുടെ അമ്മയും അപ്പനുമെല്ലാം നമ്മെ വളര്‍ത്താനായി എത്ര രാത്രികള്‍ പകലാക്കിയവരാണ്. കുഞ്ഞിന്റെ ചെറിയ അനക്കം പോലും അവര്‍ തിരിച്ചറിയുന്നത് ഉറക്കത്തിലും ഉണര്‍വ് സൂക്ഷിക്കുന്നതിനാലാണ്. ആ ഉണര്‍വ് ജീവിതകാലം മുഴുവനും അവര്‍ക്കുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ഏതു പാതിരാത്രിയിലും അമ്മേ… അപ്പാ… എന്നു വിളിച്ചാല്‍, വിളിച്ചത് മകനാണോ മകളാണോ എന്ന് അവര്‍ തിരിച്ചറിയുന്നതും ചാടിയെഴുന്നേല്‍ക്കുന്നതും.

നമ്മുടെ ആദ്ധ്യാത്മികജീവിതത്തിലും ഇങ്ങനെയൊരു ഉണര്‍വാണ് നമുക്കാവശ്യം. അതേക്കുറിച്ച് ക്രിസ്തു പറയുന്നത് ശ്രദ്ധിക്കൂ: “യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അര മുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തു ചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്” (ലൂക്കാ 12:37-40).

സഭയിലും സമൂഹത്തിലും ഉണര്‍വ്വോടെ ഇരിക്കേണ്ടതിന്റെ അനിവാര്യത ഏറിവരുന്ന ഈ കാലയളവില്‍ സാത്താന്റെ തന്ത്രങ്ങള്‍ക്കെതിരെ ഉണര്‍വ്വുള്ളവരാകാന്‍ നമുക്ക് പരിശ്രമിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.