പകരക്കാരന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

2014-ലെ ഫുട്‌ബോള്‍ ലോക കപ്പ് ഫൈനല്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ജര്‍മ്മനിയും അര്‍ജന്റീനയും തമ്മിലുള്ള മത്സരം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോള്‍വല കുലുങ്ങാതിരുന്ന കളി. ലഭിച്ച അവസരങ്ങള്‍ ഇരുകൂട്ടരും പാഴാക്കി. കാണികളെല്ലാം ഒരു ഗോളിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങള്‍. എണ്‍പത്തിയെട്ടാം മിനിട്ടില്‍ ജര്‍മ്മന്‍ കോച്ച് യോവാക്കിം ലോ നടത്തിയ നിര്‍ണ്ണായക തീരുമാനം കളിയുടെ ഗതി തിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനായില്ല. ആ തീരുമാനം മറ്റൊന്നുമായിരുന്നില്ല, ജര്‍മ്മന്‍ ടീമിലെ മികച്ച സ്‌കോറര്‍ ആയിരുന്ന ക്ലോസിനെ പിന്‍വലിച്ച് പകരക്കാരനായി മരിയോ ഗ്യോട്ട്‌സേ എന്ന ഇരുപത്തിരണ്ടുകാരനെ കളത്തിലിറക്കുക.

മരിയോ ഗ്യോട്ട്‌സേയെ മൈതാനത്തേക്കിറക്കുന്നതിനു മുമ്പ് പരിശീലകന്‍ അവന്റെ കാതുകളില്‍ പറഞ്ഞു: “മെസ്സിയേക്കാള്‍ മികച്ച കളിക്കാരനാണ് നീ. ഇക്കാര്യം തെളിയിക്കാനുള്ള അവസരമാണിത്.” പ്രധാന കളിക്കാര്‍ ക്ഷീണിക്കുമ്പോഴോ, പ്രതീക്ഷിച്ച നിലവാരത്തില്‍ എത്താതിരിക്കുമ്പോഴോ, പരിക്കേല്‍ക്കുമ്പോഴോ ആണ് പകരക്കാരന്‍ കളത്തിലിറങ്ങുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ഏറ്റവും മികച്ച രീതിയില്‍ കളിക്കുക എന്നല്ലാതെ പകരക്കാരനു മുമ്പില്‍ മറ്റൊരു ഉപാധിയുമില്ലല്ലോ?

അധികസമയത്തേക്ക് നീങ്ങിയ ആ മത്സരത്തിലെ 112-ാം മിനിട്ടില്‍ അര്‍ജന്റീനയുടെ വല കുലുങ്ങി. നിറയൊഴിച്ചത് പകരക്കാരനായ് എത്തിയ മരിയോ തന്നെ! ആ ഗോളിന്റെ മികവില്‍ ജര്‍മ്മനി ലോകകപ്പ് സ്വന്തമാക്കി.

ഇന്നിത് എഴുതാന്‍ കാരണം ശിഷ്യഗണത്തോടു ചേര്‍ന്ന മത്തിയാസ് എന്ന പകരക്കാരനെക്കുറിച്ച് സൂചിപ്പിക്കാനാണ്. സ്വയം ജീവനൊടുക്കിയ ഒറ്റുകാരന്‍ യൂദാസിനു പകരമായി തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു മത്തിയാസ്. യൂദാസിന്റെ അപകീര്‍ത്തി മാറ്റി വിശ്വസ്തതയുടെ ആള്‍രൂപമാകുക എന്ന ദൗത്യം മനോഹരമായി നിവര്‍ത്തിച്ചവനാണ് മത്തിയാസ്. ജറുസലെമില്‍ വച്ച് കല്ലെറിയപ്പെട്ട് വാള്‍ത്തലയാല്‍ രക്തസാക്ഷിത്വം വരിച്ചു എന്നാണ് ചരിത്രം. “എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്തായി 11:30) എന്ന ക്രിസ്തുവചനത്തിന് ജീവിതം കൊണ്ട് സാക്ഷ്യം നല്‍കിയ വിശുദ്ധന്‍ നമുക്കും മാതൃകയാകട്ടെ.

ജീവിതത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ വിശ്വസ്തതയോടെ ഉപയോഗിച്ച് വിശുദ്ധിയിലേക്കുയരുവാന്‍ ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം നമുക്ക് യാചിക്കാം.

വി. മത്തിയാസ് ശ്ലീഹയുടെ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.