അപ്പമായവന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

2020 മാര്‍ച്ച് 24. അന്നാണ് 21 ദിവസം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം മുഴുവന്‍ നിശ്ചലമായിരുന്നു ആ ദിനങ്ങളില്‍. ആ സമയത്താണ് അപരിചിതമായ നമ്പറില്‍ നിന്നും ഒരു പുരോഹിതന് ഫോണ്‍ ലഭിക്കുന്നത്.

“അച്ചനാണോ?”

“അതെ, അച്ചനാണ്.”

“അച്ചാ, ഒരു കാര്യം പറയാനാണ് വിളിച്ചത്.”

“പറഞ്ഞോളൂ…”

“ഞങ്ങളുടെ പപ്പ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. ഈ ദിവസങ്ങളില്‍ പണിക്ക് പോകാന്‍ പറ്റാത്തതിനാല്‍ ഞങ്ങള്‍ പട്ടിണിയിലാണ്. പുറത്തിറങ്ങിയാല്‍ പോലിസ് പിടിക്കും. വിശന്നിട്ടു വയ്യ, ഞങ്ങള്‍ക്കല്പം ഭക്ഷണം എത്തിച്ചു തരുമോ?”

ആ കുട്ടികളുടെ സ്വരം പതിച്ചത് ആ പുരോഹിതന്റെ കാതുകളിലല്ല, ഹൃദയത്തിലായിരുന്നു. ആ കുട്ടികളുടെ വിലാസം അദ്ദേഹം ചോദിച്ചറിഞ്ഞു. വിശപ്പു മാറുവോളം കഴിക്കാനുള്ള അന്നവുമായ് അവരുടെ ചാരെയെത്തി. അവിടെയെത്തിയപ്പോഴാണ് ഇങ്ങനെയുള്ള കുടുംബങ്ങള്‍ ഇനിയുമുണ്ടെന്ന് തിരിച്ചറിയുന്നത്. അവരുടെ മിഴിനീര്‍ തുടയ്ക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ പോലീസിന്റെ അനുമതിയോടെ അനേകരിലേക്ക് അന്നമായ് അദ്ദേഹം കടന്നുചെന്നു.

പറഞ്ഞു വരുന്നത് വെറുമൊരു പുരോഹിതനെ കുറിച്ചല്ല. നിത്യതയിലേക്ക് യാത്രയായ പുരോഹിതശ്രേഷ്ഠന്‍ ബിഷപ് ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് തിരുമേനിയെക്കുറിച്ചാണ്.

“എന്റെ സഹോദരങ്ങള്‍ വിശന്നിരിക്കുമ്പോള്‍ എനിക്ക് ഭക്ഷണം ഇറങ്ങില്ല. മക്കളുടെ വിശപ്പു മാറ്റാതെ അപ്പന് കഴിക്കാനാകില്ല. വിശക്കുന്നവന്റെ വയറു നിറയുമ്പോള്‍ അവരിലൂടെ യേശുക്രിസ്തുവിനെ കാണാനാകും” എന്ന് അദ്ദേഹം പറയുമായിരുന്നു (കടപ്പാട്: ദീപിക).

അപരനിലേക്ക് അന്നമായും മരുന്നായും അവശ്യവസ്തുക്കളുമായെല്ലാം കടന്നുചെല്ലണമെങ്കില്‍ ക്രിസ്തുവിനെപ്പോലെ ഒരു മനസു വേണം. അങ്ങനെയൊന്നില്ലാത്തവരുടെ കാഴ്ച സ്വന്തം കുടുംബത്തിലേക്കും സ്വകാര്യ ആവശ്യങ്ങളിലേക്കും മാത്രമായി ഒതുങ്ങിനില്‍ക്കും. “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം” (മര്‍ക്കോ. 2:17) എന്ന ക്രിസ്തുവചനങ്ങള്‍ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ മാത്രമേ നമ്മുടെ കരുണാര്‍ദ്രമായ ഇടപെടലിനു വേണ്ടി കാത്തിരിക്കുന്ന അനേകരെ കാണാനാകൂ.

മറ്റുള്ളവരെ സഹായിക്കാന്‍ പണത്തേക്കാള്‍ ഉപരി പങ്കുവയ്ക്കാനൊരു മനസു കൂടി വേണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച ജേക്കബ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം!

വി. അഗസ്റ്റിന്റെയും വി. എവുപ്രാസിയാമ്മയുടെയും തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.