ചന്തയില്‍ നിന്നാണോ പളളിയില്‍ നിന്നാണോ കൊറോണ വരുന്നത്?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഈ കഴിഞ്ഞ ദിവസം എന്റെ പഴയൊരു സഹപാഠി വിളിച്ചു. വിശേഷങ്ങള്‍ പലതും പങ്കുവച്ച കൂട്ടത്തില്‍ ഞാൻ അവളോട് ചോദിച്ചു: “മകന്റെ കാര്യം എന്തായി? ഈ വര്‍ഷം കഴിയുമ്പോള്‍ സെമിനാരിയില്‍ ചേരാനുള്ളതാ…”

“അതിനെനിക്ക് യാതൊരു തടസവുമില്ല. അവന് ആഗ്രഹമുണ്ടെങ്കില്‍ അച്ചന്‍ ധൈര്യമായ് കൊണ്ടുപൊയ്‌ക്കൊള്ളൂ.”

“എട്ടാം ക്ലാസു മുതല്‍ അവന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതാണ്. അമ്മയെന്ന നിലയില്‍ അവനെ ഇതിന് പ്രോത്സാഹിപ്പിക്കുന്നുണ്ടോ?” എന്റെ ചോദ്യത്തിന് അവള്‍ വ്യക്തമായ മറുപടി തരാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു: “മക്കള്‍ക്കുള്ള ആഗ്രഹത്തെ ജ്വലിപ്പിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണെന്ന് മറക്കരുത്.”

ഇത്രയുമായപ്പോള്‍ അവള്‍ പറഞ്ഞു: “എട്ടാം ക്ലാസിലെ ആഗ്രഹം ഇപ്പോള്‍ അവനുണ്ടോ എന്ന് സംശയമാണ്. കൊറോണ വന്നതില്‍ പിന്നെ പള്ളിയില്‍ പോക്ക് തീരെ കുറവാണ്.”

“അള്‍ത്താര ബാലനായ അവന് പള്ളിയില്‍ പോകാന്‍ അവസരമുണ്ടല്ലോ? ഇപ്പോഴാണെങ്കില്‍ നാല്പതു പേര്‍ക്ക് പള്ളിയില്‍ പോകാന്‍ അനുവാദവുമുണ്ട്. എന്നിട്ടും എന്തേ അവന്‍ പളളിയില്‍ പോകാത്തത്?”

അല്പം ഖേദത്തോടെയായിരുന്നു അവളുടെ മറുപടി. “അവസരങ്ങളൊക്കെയുണ്ടച്ചാ. എന്നാല്‍ അവന്റെ അമ്മാമ്മയാണ് ഇപ്പോള്‍ പള്ളിയില്‍ പോകാന്‍ സമ്മതിക്കാത്തത്. അവര്‍ക്ക് പ്രായമേറെയായി. അതുകൊണ്ട് പള്ളിയില്‍ പോയി കൊറോണ കൊണ്ടുവരരുതെന്നാണ് പറയുന്നത്. ഞാനെന്തു ചെയ്യാനാ? അമ്മായിയമ്മയുമായ് വഴക്കിടാന്‍ എനിക്കു വയ്യ. കൂടാതെ ഭര്‍ത്താവാണെങ്കില്‍ വിദേശത്താണുതാനും.”

“അവനെ നിങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ ചന്തയില്‍ വിടാറുണ്ടോ?” ഞാന്‍ ചോദിച്ചു.

“വിടാറുണ്ട്.”

ചന്തയില്‍ നിന്നാണോ, പള്ളിയില്‍ നിന്നാണോ കൊറോണ കിട്ടാന്‍ സാധ്യതയെന്ന് ചിന്തിക്കുന്നത് നല്ലതാണെന്നും പറഞ്ഞ് ഞാൻ ആ വിഷയത്തിന് വിരാമമിട്ടു.

കൊറോണ വന്നതില്‍ പിന്നെ കുട്ടികള്‍ക്ക് കലാലയവും ദൈവാലയവും നഷ്ടമായിട്ടുണ്ട്. കലാലയങ്ങള്‍ തുറക്കാത്തതിനാല്‍ അതിനുള്ള അവസരങ്ങള്‍ കുറവാണ്. എന്നാല്‍ ദൈവാലയങ്ങള്‍ തുറന്നപ്പോള്‍ അവരെ പള്ളിയില്‍ വിടാതിരിക്കുന്ന കാര്യത്തില്‍ മാത്രമുള്ള അമിത ജാഗ്രത അത്ര നല്ലതാണെന്നു തോന്നുന്നില്ല. കല്യാണങ്ങള്‍ക്കും വീടു കയറി താമസത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമൊക്കെ മക്കളെ പറഞ്ഞുവിടാമെങ്കില്‍ അവരെ ദൈവാലയത്തിലേക്കും പറഞ്ഞുവിടണം. ഷോപ്പിങ്ങ് മാളുകളെക്കാളും പൊതു ഇടങ്ങളെക്കാളുമെല്ലാം എത്രയോ സുരക്ഷിതമാണ് നമ്മുടെ ദൈവാലയങ്ങള്‍!

പണ്ടൊരിക്കല്‍ തന്റെ അടുക്കല്‍ വരുന്നതില്‍ നിന്ന് ശിശുക്കളെ വിലക്കിയ ശിഷ്യരോട് ക്രിസ്തു കയര്‍ത്തത് ഓര്‍മ്മയുണ്ടല്ലോ? “യേശു കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്” (മര്‍ക്കോ. 10:14).

മഹാമാരിയുടെ നടുവില്‍ ദൈവത്തിലേക്ക് തിരിയാന്‍ മക്കളെ പഠിപ്പിക്കേണ്ടവരും പ്രോത്സാഹിപ്പിക്കേണ്ടവരുമായ നമ്മള്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒട്ടും നല്ലതെല്ലെന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.