കല്‍ക്കരിക്കട്ടയെ വൈഡൂര്യമാക്കാം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മദ്യപാനിയായ ഒരാള്‍ എന്നെ കാണാന്‍ വന്നു. ഒരു ദിവസം ആയിരം രൂപയ്ക്ക് അദ്ദേഹം പണിയെടുക്കുമെങ്കിലും ഒന്നും നീക്കിയിരിപ്പില്ല. ഭാര്യയുടെ അഭിപ്രായത്തില്‍ വീട്ടിലേക്ക് കാര്യമായി ഒന്നും നല്‍കുന്നുമില്ല. അദ്ധ്വാനിക്കുന്നതെല്ലാം കുടിച്ചു തീര്‍ക്കും.

“കണ്ണ് ചുവന്നിരിപ്പുണ്ടല്ലോ, ഇന്നും മദ്യപിച്ചോ?” ഞാന്‍ ചോദിച്ചു.

“ഇല്ല, ഇന്നലെ കുറച്ച്…” അയാളുടെ ജാള്യതയോടെയുള്ള മറുപടി.

“എന്തായിരുന്നു ഇന്നലെ മദ്യപിക്കാന്‍ കാരണം?”

“പണി കഴിഞ്ഞപ്പോള്‍ വല്ലാത്ത തലവേദന. ക്ഷീണം മാറാനായി കഴിച്ചതാണ്.”

“എന്നിട്ട് മാറിയോ?” അയാള്‍ ഒന്നും മിണ്ടിയില്ല.

“തലവേദന മാറാനായി ഇങ്ങനെയൊരു മരുന്നുണ്ടെന്ന കാര്യം ഡോക്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടാകില്ല.” എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ ചിരിച്ചു.

“എന്തു ചെയ്യാനാണച്ചാ, നിർത്തണമെന്ന് ആഗ്രഹമുണ്ട്. ഓരോ തവണ മദ്യപിച്ചു കഴിയുമ്പോഴും ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യും. എന്നാല്‍ പിറ്റേന്ന് അതേ സമയമാകുമ്പോഴേക്കും അറിയാതെ കുടിച്ചുപോകും.”

“നിങ്ങള്‍ക്ക് ഈ ദുശീലം മാറ്റണമെന്ന് ആഗ്രഹമുണ്ടോ?”

“ഉണ്ട്. അതിനുവേണ്ടി അച്ചന്‍ പറയുന്നതെന്തും ഞാന്‍ ചെയ്യാം.”

“കട്ടിപ്പാറയില്‍ ഒരു ചികിത്സാകേന്ദ്രമുണ്ട്. പോകാമോ?”

“പോകാം.” സന്തോഷത്തോടെ അദ്ദേഹം മറുപടി നല്‍കി.

അങ്ങനെയൊരു മറുപടി ആദ്യമായാണ് ഞാൻ ഒരാളില്‍ നിന്ന് കേള്‍ക്കുന്നത്.

അദേഹത്തിന്റെ മുമ്പിലിരുന്നു തന്നെ ആതുരാലയത്തിലെ സിസ്റ്ററിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി, ഇദ്ദേഹം വരുന്ന കാര്യം അറിയിച്ചു. ഒത്തിരി പ്രതീക്ഷയോടെ അദ്ദേഹം ആശ്രമത്തിന്റെ പടിയിറങ്ങിയപ്പോള്‍ മനസു നിറയെ പ്രാര്‍ത്ഥനകളായിരുന്നു.

ഞാനും നിങ്ങളുമെല്ലാം ബലഹീനരാണ്. ചില ബലഹീനതകള്‍ സ്വകാര്യമാണ്. മറ്റ് ചിലത് കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്നതും. പല കാര്യങ്ങളും ഇനി ആവര്‍ത്തിക്കില്ലെന്ന് നമ്മളും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും നമ്മള്‍ വീണുപോകുന്നു. ഇതില്‍ നിന്ന് വലിയൊരു പാഠം നമ്മള്‍ പഠിക്കേണ്ടതുണ്ട്. എല്ലാ ബലഹീനതകളും നമ്മള്‍ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയും എന്ന ചിന്ത വ്യര്‍ത്ഥമാണ്. ചില അവസരങ്ങളില്‍ ഡോക്ടറുടെയോ, സുഹൃത്തുക്കളുടെയോ, മറ്റ് വ്യക്തികളുടെയോ ഒക്കെ സഹായം നമുക്ക് ആവശ്യമായി വരും. ഒപ്പം ദൈവാനുഗ്രഹവും.

എന്നാല്‍ നമ്മുടെ ഹൃദയകാഠിന്യം മൂലം ഈ സഹായങ്ങളൊന്നും നമ്മള്‍ സ്വീകരിക്കില്ല. തത്ഫലമായി പാപക്കുഴിയില്‍ തന്നെ നമ്മള്‍ ആവര്‍ത്തിച്ചു വീണുകൊണ്ടിരിക്കും. നമ്മുടെ ഈ മനോഭാവത്തെ നോക്കിയാണ് ക്രിസ്തു ഇങ്ങനെ പറഞ്ഞത്: “അവര്‍ കണ്ണു കൊണ്ടു കണ്ട്, കാത് കൊണ്ടു കേട്ട്, ഹൃദയം കൊണ്ടു മനസ്സിലാക്കി മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു”(മത്തായി 13:15).

ബലഹീനതകള്‍ എന്തു തന്നെയായാലും അവ നമ്മുടെ പ്രയത്‌നം കൊണ്ടു മാറ്റാം എന്ന അഹങ്കാരചിന്തകള്‍ മാറ്റി, സഹായിക്കുന്ന ഇടങ്ങളിലേക്കും വ്യക്തികളിലേക്കും ദൈവത്തിലേക്കും നമ്മുടെ ഹൃദയമുയര്‍ത്താം. അപ്പോള്‍ നമ്മുടെ ജീവിതങ്ങളും വെണ്മയുള്ളതാകും.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.