പ്രത്യാശപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കട്ടെ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിവാഹം കഴിഞ്ഞ് പതിമൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ പ്രാര്‍ത്ഥിക്കാനായി വന്നു. അവരുമായ് സംസാരിക്കുന്നതിനിടയില്‍ ആ സ്ത്രീ വിതുമ്പിപ്പോയി. “കാണാത്ത ഡോക്ടര്‍മാരില്ല. ചികിത്സക്ക് പോകാത്ത ഇടങ്ങളുമില്ല. ചെയ്ത ടെസ്റ്റുകളിലൊന്നും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും യാതൊരു കുഴപ്പവുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ദൈവം ഞങ്ങള്‍ക്ക് മാത്രം മക്കളെ തരാത്തത്?”

അവരുടെ ചോദ്യം ഹൃദയം തകര്‍ക്കുന്നതായിരുന്നു. കരയുന്നതിനിടയില്‍ അവള്‍ പിന്നെയും പറഞ്ഞു “ഇനിയും കാത്തിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അടുത്ത മാസം IVF ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിനും വേണം പണം. സാമ്പത്തികമായി ഒന്നുമില്ലച്ചാ, ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.”

അല്പസമയം ഞാന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. എനിക്ക് ലഭിച്ച പ്രചോദനമനുസരിച്ച് ഞാനിങ്ങനെ പറഞ്ഞു: “നിങ്ങള്‍ക്ക് ദൈവം കുഞ്ഞുങ്ങളെ നല്‍കും. വിരോധമില്ലെങ്കില്‍ ഞാന്‍ പറയുന്ന ഡോക്ടറുടെ അടുത്തു പോകാമോ”

“അതിനെന്താ, അച്ചന്‍ പറയുന്ന ഏത് സ്ഥലത്തു വേണമെങ്കിലും ഞങ്ങള്‍ പോകാം.”

“അധിക ദൂരമൊന്നും പോകേണ്ട. നിങ്ങളുടെ അടുത്തുള്ള നടവയല്‍ സെന്റ് ആന്‍സ് ആശുപത്രിയില്‍ പുതുതായി ഒരു ആയുര്‍വേദ ഡോക്ടര്‍ വന്നിട്ടുണ്ട്; സിസ്റ്റര്‍ സിന്ധു. നിങ്ങള്‍ അവിടെ പോകൂ….ഞാന്‍ പ്രാര്‍ത്ഥിക്കാം.”

ഇവര്‍ വരുന്ന കാര്യം ഞാന്‍ സിസ്റ്ററെ വിളിച്ചുപറഞ്ഞു. ഒന്നര മാസം കഴിഞ്ഞപ്പോള്‍ ആ ദമ്പതികള്‍ വീണ്ടും പ്രാര്‍ത്ഥിക്കാന്‍ വന്നു. ആ സ്ത്രീ അപ്പോഴും കരയുകയായിരുന്നു. “അച്ചാ ഞാന്‍ ഗര്‍ഭവതിയാണ്!” ഒരു പായ്ക്കറ്റ് ലഡു എനിക്ക് നല്‍കികൊണ്ട് അവര്‍ പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എന്റെ മിഴികളും നിറഞ്ഞു.

“എന്തുകൊണ്ടാണ് ദൈവം ഇത്ര കാലതാമസം വരുത്തിയെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസിലായി. എത്രമാത്രം കാത്തിരിക്കുന്നുവോ അത്രയേറെ സന്തോഷം നമ്മില്‍ നിറയും. കര്‍ത്താവിനോട് നന്ദി മാത്രമേയുള്ളൂ. അച്ചന്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കണം.”

“ദൈവം തരുന്ന മക്കളെയെല്ലാം സ്വീകരിക്കണം” എന്നു പറഞ്ഞ് ഞാനവരെ യാത്രയാക്കി. അന്ന് ഒരു കാര്യം ഞാനെന്നോടു പറഞ്ഞു: “നമ്മുടെ ദൈവം ഒരു സാധാരണ ദൈവമല്ല. എപ്പോള്‍, എങ്ങനെ ഇടപെടുമെന്ന് ഒരിക്കലും പറയാനാകില്ല.”

ഇത് വായിക്കുന്നവരില്‍ പലരും ഒരു പ്രത്യേക അനുഗ്രഹത്തിനു വേണ്ടി നാളേറെയായി കാത്തിരിക്കുന്നവരാകാം. പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാന്‍ നിങ്ങള്‍ക്കിപ്പോഴും സാധിക്കുന്നുണ്ടോ? ദൈവവിശ്വാസമില്ലാത്ത ന്യായധിപന്റെ സമക്ഷം നീതിക്കു വേണ്ടി നിരന്തരം കേഴുന്ന ഒരു വിധവയുടെ ഉപമ ക്രിസ്തു പറയുന്നുണ്ട്. അവളുടെ ശല്യം സഹിക്കവയ്യാതെ ആ ന്യായാധിപന്‍ അവള്‍ക്ക് നീതി നടത്തിക്കൊടുക്കുന്നു. ഉപമയുടെ ഒടുവില്‍ ക്രിസ്തു പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ: “അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ?” (ലൂക്കാ 18:7).

ചോദിച്ചിട്ടും ലഭിക്കാതിരിക്കുമ്പോഴും മുട്ടിയിട്ടും തുറക്കാതിരിക്കുമ്പോഴും ഭഗ്‌നാശരും നിരാശരുമാകാകെ പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയട്ടെ! തനിക്കിഷ്ടപ്പെട്ട സമയത്ത് ദൈവം നമ്മുടെ നിലവിളി കേള്‍ക്കുമെന്ന് നമുക്ക് വിശ്വസിക്കാം, കാത്തിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.