മതിലുകൾ ഇല്ലാതാകട്ടെ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മധ്യകേരളത്തിലെ ഒരു ഇടവകയിൽ നടന്നതാണിത്. അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം. മാദ്ധ്യസ്ഥം വഹിക്കാൻ അവർ വികാരിയച്ചനെ വിളിച്ചു. അവരിൽ ഒരാൾ പറഞ്ഞു: “ഞങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്ന വഴിയാണിത്. എന്റെ അയൽവാസി ഇവിടെ മതിൽ കെട്ടാൻ ഒരുങ്ങുന്നു. മതിൽ കെട്ടിപ്പൊക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ നടക്കാൻ ഒരു ഇടം ഒഴിവാക്കി കെട്ടണമെന്നേ പറഞ്ഞുള്ളൂ.”

ഇത് കേട്ട മറ്റേയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഞങ്ങൾ ഞങ്ങളുടെ സ്ഥലത്താണ് മതിൽ കെട്ടുന്നത്. അവന് വഴിക്ക് സ്ഥലം വേണമെങ്കിൽ പണം നൽകി വാങ്ങിക്കോട്ടെ. അല്ലാതെ കാലാകാലത്തോളം മറ്റുള്ളവന്റെ പറമ്പിലൂടെ നടക്കാമെന്നു വച്ചാൽ അതെവിടുത്തെ ന്യായമാണ്?”

ഇരുകൂട്ടരെയും ശ്രവിച്ച വികാരിയച്ചൻ ആദ്യത്തെ ആളോട് ചോദിച്ചു: “ഇദ്ദേഹം വഴിക്കുള്ള സ്ഥലം വിൽക്കാൻ തയ്യാറാണല്ലോ? എവിടെ നിന്നെങ്കിലും പണം സംഘടിപ്പിച്ച് നിങ്ങളത് വാങ്ങുന്നതല്ലേ ഉചിതം?”

“അച്ചാ, നാട്ടിലുള്ള വിലയുടെ ഇരട്ടിവിലയാണ് ഇദ്ദേഹം പറയുന്നത്. ഞങ്ങൾക്കെങ്ങനെ അത് വാങ്ങാൻ കഴിയും? വില കൂട്ടി പറഞ്ഞ് സ്ഥലം ഞങ്ങൾ വാങ്ങാതിരിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.”

സ്ഥലത്തിന്റെ വില അന്വേഷിച്ചപ്പോൾ അത് വളരെ കൂടുതലാണെന്ന് അച്ചൻ മനസിലാക്കി. വില കുറച്ച് നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. തർക്കം പരിഹരിക്കാനാകാതെ അച്ചൻ മടങ്ങി. അയൽക്കാരന്റെ വഴിമുടക്കിക്കൊണ്ട് ആ സ്ഥലത്ത് മതിൽ ഉയർന്നു. അതുവരെ അതുവഴി നടന്നിരുന്ന വീട്ടുകാർക്ക് കുറേയേറെ ചുറ്റിത്തിരിഞ്ഞു മാത്രമേ അവരുടെ വീട്ടിലെത്താൻ പിന്നീട് കഴിയുമായിരുന്നുള്ളൂ. അതിശയകരമെന്നു പറയട്ടെ ഏതാനും മാസങ്ങൾ കഴിഞ്ഞുണ്ടായ പ്രളയത്തിൽ ആ മതിൽ പുഴയെടുത്തു! മതിൽ കെട്ടിയ വീട്ടുടമസ്ഥനെയും വീട്ടുകാരെയും രക്ഷിക്കാൻ വന്നത് അവർ വേദനിപ്പിച്ച ആ അയൽവാസിയായിരുന്നു എന്നതും ഒരു അത്ഭുതമാണ്. പിന്നീട് ഇതുവരെ അവിടെ മതില്‍ ഉയർന്നിട്ടില്ലത്രെ!

ഇഹലോകത്തിലെ സുഖത്തിനു വേണ്ടി കെട്ടിപ്പൊക്കുന്നവയൊനും ശാശ്വതമല്ലെന്ന ചിന്ത ഇനിയും നമ്മിൽ വേരൂന്നണം. ഒരിഞ്ചു മണ്ണിന്റെ പേരിൽ, വഴിയുടെ പേരിൽ, സ്വത്തിന്റെയും സ്വർണ്ണത്തിന്റെയും പേരിലെല്ലാം കലഹങ്ങള്‍ എത്ര നടക്കുന്നു നമുക്കിടയിൽ? എന്നിട്ടും കെട്ടിപ്പടുക്കുന്നതൊന്നും രക്ഷയ്ക്കുതകില്ലെന്ന സത്യം മറന്ന് പരസ്പരം കലഹിക്കാൻ നാം മത്സരിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് തങ്ങളുടെ ദൈവാലയത്തിന്റെ കൽപ്പണികളെക്കുറിച്ചും കരവേലകളെക്കുറിച്ചും അഹങ്കരിച്ചവരോട് ക്രിസ്തു പറഞ്ഞ മറുപടി ശ്രദ്ധേയമാകുന്നത്: “നിങ്ങള് ഈ കാണുന്നവ കല്ലിന്മേല് കല്ലു ശേഷിക്കാതെ തകര്ക്കപ്പെടുന്ന സമയം വരുന്നു” (ലൂക്കാ 21:6).

അതെ, ഭൗതികമായവയെല്ലാം നശിക്കേണ്ടതാണ്. അവയിൽ അധികം ശ്രദ്ധയൂന്നാതെ അനശ്വരമായവയിലേക്ക് മിഴികളുയർത്താൻ കഴിയണം. നിത്യതയെക്കുറിച്ചുള്ള ചിന്തകൾ മനനം ചെയ്ത് നന്മയുടെ വക്താക്കളാകാൻ നമുക്ക് കഴിയട്ടെ.

ഏവർക്കും ഓണാശംസകൾ!
ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.