സുകൃതബാല്യം തിരിച്ചുവരുമോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു സുഹൃത്ത് അയച്ചുതന്ന വ്യത്യസ്തമായ ചിത്രം; എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന അവരുടെ രണ്ട് ആണ്‍മക്കള്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന ഒന്നായിരുന്നു. ‘ഇതൊരു അപൂര്‍വ്വചിത്രമാണല്ലോ?’ എന്ന് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു.

“അച്ചാ, ഈ ചിത്രം ഞാന്‍ ഇതുവരെയും മക്കളെ കാണിച്ചിട്ടില്ല. അവരറിയാതെ പകര്‍ത്തിയതാണ്. ഭാവിയില്‍ ഒരുപക്ഷേ ഇവര്‍ തമ്മില്‍ വഴക്കിട്ട്, മിണ്ടാതെ നടന്നാല്‍ ഈ ചിത്രം അന്ന് അവരെ കാണിക്കാമല്ലോ? അതവരുടെ ബാല്യകാലത്തെ നിഷ്‌കളങ്കത ഓര്‍മ്മപ്പെടുത്തും. ഒരു കട്ടിലില്‍ കെട്ടിപ്പിടിച്ചുറങ്ങിയവര്‍ അറിവു വച്ചപ്പോള്‍ അകലേണ്ടവരല്ല എന്ന പാഠം പറഞ്ഞുകൊടുക്കാന്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ ഉപകരിക്കും.”

ആ സുഹൃത്ത് മഹത്തായ സത്യമാണ് വിളിച്ചോതിയത്. കുഞ്ഞുനാളില്‍ പരസ്പരം കലഹിക്കാത്ത സഹോദരങ്ങളുണ്ടോ? എന്നാല്‍ വഴക്കിട്ട് ഉറങ്ങിയാലും ഉണരുന്നതോടെ അവസാനിക്കുന്ന കലഹങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ പലവിധ കാരണങ്ങളാല്‍ ബന്ധങ്ങളില്‍ നിന്നും നാം അകന്നകന്നു പോകുന്നു. അതിന്‍ ഫലമായി ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമെല്ലാം പരസ്പരം സംസാരിക്കാതെ കഴിയുവാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു.

അതുകൊണ്ടാണ് ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകുന്നതിനു മുമ്പ് ശിഷ്യര്‍ക്കു വേണ്ടി ക്രിസ്തു ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്: “അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (യോഹ. 17:21).

ഒന്നുറപ്പാണ്. ഇതെഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങള്‍ക്കും ഏറ്റവും അനിവാര്യമായ കൃപ അതു തന്നെയാണ്; ഒരുമയിലായിരിക്കാനുള്ള കൃപ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.