പടിവാതില്‍ക്കല്‍ അവനുണ്ട്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇടവക പള്ളിയിലെ തിരുനാള്‍ കുര്‍ബാന. വചനപ്രഘോഷണ സമയത്ത് പരിശുദ്ധാത്മ പ്രചോദനത്താലാണ് ഞാൻ അങ്ങനെ പറഞ്ഞത്: “കഴിഞ്ഞ വര്‍ഷം തിരുനാളിന് ഉണ്ടായിരുന്നവരില്‍ പലരും ഇന്ന് ഈ വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നില്ല. പല കാരണങ്ങളാല്‍ വരാന്‍ കഴിയാത്തവരും മരണപ്പെട്ടവരും അലസത പിടിച്ച് വീട്ടിലിരിക്കുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇന്ന് നമ്മെ ഒരുമിച്ചുകൂട്ടിയ ദൈവത്തിന് നമുക്ക് നന്ദി പറയാം. അടുത്ത വര്‍ഷത്തെ തിരുനാളിനും നമ്മില്‍ ആരെല്ലാം ഉണ്ടാകുമെന്ന് പറയാനാകില്ലല്ലോ.”

കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എന്നെ കാത്ത് ഒരാള്‍ വാതില്‍ക്കല്‍ നില്‍പുണ്ടായിരുന്നു; എന്റെ സഹപാഠി വാസുപുരത്തുകാരന്‍ സാനി. ‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’ എന്നുപറഞ്ഞ് പുഞ്ചിരിയോടെ അവന്‍ അടുത്തുവന്നു: “അടുത്ത വര്‍ഷം നമ്മില്‍ ആരെല്ലാം ഉണ്ടാകുമെന്നറിയില്ല എന്ന അച്ചന്റെ വാക്കുകള്‍ എന്റെ ഹൃദയത്തെ തൊട്ടു. അത് എന്നെക്കുറിച്ച് പറഞ്ഞതുപോലെ. പളളിയിലിരുന്ന് എന്റെ ആയുസിനെ ഓര്‍ത്ത് കര്‍ത്താവിന് ഞാന്‍ നന്ദി പറഞ്ഞു. അച്ചനറിയാല്ലോ, എനിക്ക് ക്യാന്‍സറാണ്. ഇനിയെത്ര നാള്‍ എന്ന് കര്‍ത്താവിന് മാത്രമേ അറിയൂ.”

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ഓടിവന്നു. മകളോട് സാനി പറഞ്ഞു: “മോളേ, ഈ അച്ചനും ഞാനും ഒരുമിച്ചു പഠിച്ചവരാ.”

പെട്ടന്ന് ഭക്തിയോടെ കരങ്ങള്‍ കൂപ്പി അവള്‍ സ്തുതി ചൊല്ലി. സാനിയുടെ തോളില്‍ തട്ടി ഞാന്‍ പറഞ്ഞു: “കുഴപ്പമൊന്നുമുണ്ടാകില്ലെടാ, ഞാന്‍ പ്രാര്‍ത്ഥിക്കാം. നീ ധൈര്യമായിരിക്ക്.”

ഏതാനും മാസങ്ങള്‍ക്കു ശേഷം ഇടവകയിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഞാൻ അവന്റെ ചിത്രം കണ്ടു. ചിത്രത്തിനടയില്‍ മരണവാര്‍ത്തയും! ഒരു നിമിഷം ഞാന്‍ മിഴികള്‍ പൂട്ടി. ‘അടുത്ത വര്‍ഷം ഞാനുണ്ടാകില്ല’ എന്ന വാക്കുകള്‍ ഞാനോര്‍ത്തു. മൗനമായി അവനു വേണ്ടി പ്രാര്‍ത്ഥിച്ചു.

“മനുഷ്യജീവിതം പുല്‍ക്കൊടിക്ക് തുല്യമാണ്. വയലിലെ പൂ പോലെ അത് വിരിയുന്നു. എന്നാല്‍, കാറ്റടിക്കുമ്പോള്‍ അത് കൊഴിഞ്ഞുപോകുന്നു; അത് നിന്നിരുന്ന ഇടം പോലും അതിനെ ഓര്‍ക്കുന്നില്ല” (സങ്കീ. 103:15-16) എന്ന വചനം ഓര്‍ക്കുന്നത് ഉചിതമാണ്.

ജീവിതനേട്ടങ്ങളെക്കുറിച്ച് അഹങ്കരിച്ചവരും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാതെ ആവുന്നത്ര സമ്പത്ത് സ്വന്തമാക്കിയവരും ഇഹത്തിലെ സന്തോഷമാണ് സര്‍വ്വസ്വവും എന്ന് കരുതിയവരില്‍ പലരും അപ്രതീക്ഷിതമായ സമയത്ത് നമ്മില്‍ നിന്നും വേര്‍പെട്ടു പോയി. ആയുസ് എത്രയോ പരിമിതമാണ്. ഇനിയും ജീവിക്കുമെന്ന് നമ്മള്‍ കരുതുമ്പോഴും ‘എത്ര നാള്‍’ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

നവദമ്പതികളിലെ വരന്റെ മരണവാര്‍ത്ത ഈ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നത് നാം മറക്കുമോ? ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു മയില്‍ പറന്നുവന്ന് ദേഹത്തിടിച്ച് സംഭവിച്ച അപകടമാണ് മരണകാരണം. “അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്” (മത്തായി 24:44) എന്ന ക്രിസ്തുവിന്റെ വാക്കുകളെ കുറച്ചുകൂടെ ഗൗരവത്തിലെടുത്ത് നന്മ ചെയ്യാനും നല്ലത് ചിന്തിക്കാനും ശ്രമിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.