അമ്മമനസ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

യു.കെ. കുമാരന്‍ എഴുതിയ ഓരോ വിളിയും കാത്ത് എന്ന കഥ വളരെ പ്രശസ്തമാണ്. അച്ഛന്‍ മരിച്ച വീട്ടില്‍ തനിച്ചാകുന്ന അമ്മയാണ് ഇതിവൃത്തം.

അച്ഛനില്ലാത്ത വീട്ടില്‍ അമ്മയെങ്ങനെ ജീവിക്കും എന്നതായിരുന്നു മകന്റെ വ്യഥ. ഇക്കാലമത്രയും അച്ഛന്റെ ഓരോ വിളിക്കു പിന്നാലെയും അമ്മ ഓടുകയായിരുന്നു. മുറിക്കകത്തു വച്ചോ, പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ വച്ചോ ആയിരിക്കും അച്ഛന്റെ വിളി കേള്‍ക്കുക. വിളിച്ചാലും ഇല്ലെങ്കിലും ഒരു അനക്കം കേട്ടാല്‍ അമ്മ അവിടെ ഓടിയെത്തും. അത്ര സഹികെട്ടാല്‍ മാത്രമേ അമ്മ ദേഷ്യപ്പെടൂ. അമ്മയുടെ ശബ്ദമുയര്‍ന്നാല്‍ പിന്നെ അച്ഛന്‍ ശാന്തമാകും. അച്ഛന്റെ വേര്‍പാടില്‍ അമ്മയ്ക്ക് നഷ്ടമായത് സ്‌നേഹപൂര്‍വ്വം കലഹിക്കാനുള്ള ഒരാളാണ്.

ഈ കഥയില്‍ അമ്മയെ തനിച്ചാക്കി നഗരത്തില്‍ ജോലിക്കു പോകാന്‍ തയ്യാറാകുന്ന മകനോട് അമ്മ പറയുന്ന വാക്കുകള്‍ ആരുടെയും ഹൃദയമലിയിക്കും: “എന്നെ ഓര്‍ത്ത് ദുഃഖിക്കേണ്ട; നീ പൊയ്‌ക്കോ. വൈകിയാല്‍ ബസ് പോകും.” ഒറ്റപ്പെടുന്നതിനെക്കുറിച്ചോ, രോഗാവസ്ഥയെക്കുറിച്ചോ ഒന്നുമല്ല അമ്മയുടെ ചിന്ത. ആ മനസ് മുഴുവനും മകനെക്കുറിച്ചുള്ള ആകുലതകള്‍ മാത്രമാണ്.

കഥയിലെ അമ്മ മാത്രമല്ല നമ്മുടെയെല്ലാം അമ്മമാരും അങ്ങനെ തന്നെയല്ലേ? മക്കളെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചുമെല്ലാം അവര്‍ക്കുള്ളത്രയും കരുതല്‍ മറ്റാര്‍ക്കാണുള്ളത്? സുവിശേഷത്തിലും കാണാം വിധവയായൊരു അമ്മയെ. മുപ്പതാം വയസില്‍ വീടു വിട്ടിറങ്ങിയ മകന്റെ പിന്നാലെ നിഴല്‍ പോലെ അവളുമുണ്ടായിരുന്നു. ഒരു ശല്യമായല്ല; കരുത്തും കരുതലുമായി.

ഒരിക്കല്‍ മകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ അവനെ ശല്യം ചെയ്യാതെ കാത്തിരിക്കുന്നുണ്ടവള്‍. ശിഷ്യരാണ് അവനോട് ‘നിന്റെ അമ്മയും സഹോദരങ്ങളും നിനക്കായ് കാത്തിരിക്കുന്നു’ എന്ന് അറിയിക്കുന്നത്. എന്നാല്‍ ‘ആരാണ് എന്റെ അമ്മ, ആരാണ് എന്റെ സഹോദരങ്ങള്‍’ എന്നായിരുന്നു അവന്റെ മറുചോദ്യം. അതിന്റെ അര്‍ത്ഥം ശിഷ്യര്‍ക്കു പോലും അപ്പോള്‍ മനസിലായിട്ടുണ്ടാകില്ല. “സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (മത്തായി 12:50) എന്നാണ് തന്റെ അമ്മയെ സാക്ഷിയാക്കി അവന്‍ പറഞ്ഞത്.

സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റിയ പുതിയ നിയമത്തിലെ ആദ്യത്തെ സ്ത്രീ പരിശുദ്ധ മറിയമല്ലാതെ മറ്റാരാണ്? ആരോടും പരാതി പറയാതെ, കയര്‍ക്കാതെ ഓരോ കാല്‍വയ്പിലും ദൈവഹിതത്തിനായ് കാതോര്‍ത്ത പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് കൂട്ടുപിടിക്കാം. മറിയത്തെപ്പോലെ ജീവിതനൊമ്പരങ്ങളിലും ഒറ്റപ്പെടലുകളിലും ദൈവഹിതത്തിന്റെ പൊരുളറിയാന്‍ കഴിഞ്ഞാല്‍ നമ്മളാരും ഒരിക്കലും തനിച്ചാകില്ല. ഒരു വിളിപ്പാടകലെ ദൈവമുണ്ടെന്ന ബോധ്യം അപ്പോള്‍ നമ്മില്‍ ആഴപ്പെടും.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.