കാഴ്ചയ്ക്കപ്പുറം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇത് എന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ അനുഭവമാണ്. സ്‌നേഹിതനും ഭാര്യക്കും വിദേശത്താണ് ജോലി. അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ അവർ എന്നെ കാണാന്‍ വന്നിരുന്നു. ഭര്‍ത്താവാണ് ആദ്യം സംസാരിച്ചത്.

“അച്ചന്‍ എന്റെ ഭാര്യയോട് സംസാരിക്കണം. ഇപ്പോഴത്തെ ജോലി മതിയാക്കി നാട്ടില്‍ വരണമെന്നാണ് അവളുടെ ആഗ്രഹം. കോവിഡിന്റെ അതിപ്രസരം നിലനില്‍ക്കുമ്പോള്‍ നാട്ടില്‍ വന്നിട്ട് എന്ത് ജോലി കിട്ടാനാണ്?”

ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചു. അവള്‍ പറഞ്ഞു: “അച്ചാ, എനിക്ക് ജോലി നിര്‍ത്തണമെന്ന് ഒട്ടും താത്പര്യമില്ല. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും എനിക്കറിയാം. എന്റെ ബോസിന്റെ സമീപനം അത്ര നല്ലതല്ല. അയാളുടെ നോട്ടവും സംസാരവുമെല്ലാം അശ്ലീലം നിറഞ്ഞതാണ്. ഇപ്പോള്‍ ജോലിസംബന്ധമായ പല കാര്യത്തിനും വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തേണ്ടതായി വരുന്നു. അപ്പോഴൊക്കെ അയാളുടെ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഞാൻ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, നിന്റെ ബോസ് ഒരു രോഗിയാണ്. നീ അതനുസരിച്ച് അകലം പാലിച്ചു നിന്നാല്‍ മതിയെന്നാണ്.”

കണ്ണീരോടെ അവള്‍ തുടര്‍ന്നു: “ഞാനിപ്പോള്‍ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍ ഒഴിവായിട്ടുണ്ട്. ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിനാല്‍ അതിന്റെ ഗുണം കണ്ടുതുടങ്ങിയിട്ടുണ്ട്. അച്ചന്‍ പ്രാര്‍ത്ഥിക്കണം.”

അവരിരുവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. തിരിച്ചു ചെന്നിട്ടും മാനസികസംഘര്‍ഷം കൂടുകയാണെങ്കില്‍ കുറച്ചു നാള്‍ ലീവ് എടുക്കുന്നതായിരിക്കും നല്ലതെന്നും ഞാന്‍ സൂചിപ്പിച്ചു.

അനുദിനം എത്രയോ വ്യക്തികളുമായി നമ്മള്‍ ഇടപെടുന്നു. നമ്മുടെ സാമീപ്യവും സംസാരവും നോട്ടവും സ്പര്‍ശവുമെല്ലാം പവിത്രമാണോ എന്ന് ഒന്ന് ചിന്തിച്ചുനോക്കണേ. കണ്ണുകളെയും കാതുകളെയും കരങ്ങളെയുമെല്ലാം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ അതിന്റെ പരിണിതഫലം തിക്തമായിരിക്കും. എന്നാല്‍ വിശുദ്ധിയുള്ള സമീപനവും സ്പര്‍ശവുമെല്ലാം സൗഖ്യത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുമെന്ന് വചനം പഠിപ്പിക്കുന്നു. അമ്മയില്‍ നിന്നും വിശുദ്ധിയുടെ പാഠങ്ങള്‍ അഭ്യസിച്ചതുകൊണ്ടാണ് മരിയ ഗൊരെത്തിക്ക് കുഞ്ഞുനാളില്‍ തന്നെ തിന്മക്കെതിരെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അശുദ്ധി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാണ് അലക്‌സാണ്ടര്‍ അവളെ തെറ്റിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ വിശുദ്ധിക്കു മുന്നില്‍ അശുദ്ധി പരാജയപ്പെടുന്നു. പാപത്തിന് മരിയ വഴങ്ങില്ലെന്നു കണ്ടപ്പോള്‍ അവന്‍ കോപക്രാന്തനായി മാറുകയും അവസാനം അവളുടെ ഘാതകനായി മാറുകയും ചെയ്യുന്നു.

12 വര്‍ഷം രക്തസ്രാവത്താല്‍ വേദന അനുഭവിച്ച ആ സ്ത്രീയുടെ കഥ നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ? (Ref: മത്തായി 9:18-26). യഹൂദ പാരമ്പര്യമനുസരിച്ച് രക്തസ്രാവമുള്ളവള്‍ ഇരിക്കുന്നിടം, വസിക്കുന്നിടം, സ്പര്‍ശിക്കുന്നിടം എല്ലാം അശുദ്ധമാകും. എങ്കിലും വിശ്വാസത്തോടെ ക്രിസ്തുവിനെ സ്പര്‍ശിച്ചാല്‍ താന്‍ സുഖമാക്കപ്പെടുമെന്ന് അവള്‍ വിശ്വസിച്ചു. പക്ഷേ തന്റെ സ്പര്‍ശം കൊണ്ട് ക്രിസ്തു അശുദ്ധമാക്കപ്പെടുമോ എന്ന ഭീതിയിലാണ് അവൾ അവന്റെ വസ്ത്രവിളുമ്പില്‍ തൊട്ടതും സൗഖ്യം സ്വന്തമാക്കിയതും.

തന്റെ സ്പര്‍ശം കൊണ്ട് ക്രിസ്തു അശുദ്ധമാക്കപ്പെടരുത് എന്ന ആ സ്ത്രീയുടെ ചിന്ത എത്ര പാവനമാണ്? നമ്മുടെ നോട്ടവും സ്പര്‍ശവുമെല്ലാം പവിത്രമാകുമ്പോള്‍ നാം പോലും അറിയാതെ നമ്മിലും നമ്മിലൂടെയും ദൈവികചൈതന്യം നിറയുമെന്ന് വിശ്വസിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.