ഭക്ഷണം കാത്തിരിക്കുന്ന വാനരന്മാര്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന ലാസലെറ്റ് മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ വാഹനം പതിയെ ചുരം കയറുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് ഡാമും മലനിരകളും കോടമഞ്ഞിനിടയിലൂടെ ഭൂമിയെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന സൂര്യകിരണങ്ങളുമെല്ലാം മനോഹരമായ കാഴ്ചകളായിരുന്നു. പെട്ടന്നാണ് ഒരു കൂട്ടം വാനരന്മാര്‍ പാതയോരത്തിരുന്ന് മാമ്പഴം കഴിക്കുന്ന കാഴ്ച ശ്രദ്ധയില്‍പെട്ടത്. വഴിയിലെങ്ങും ഒരു മാവു പോലും ഇല്ലാതിരിക്കെ കുരങ്ങന്മാര്‍ക്ക്
എങ്ങനെ മാമ്പഴം കിട്ടി എന്ന ചിന്തയായിരുന്നു മനസില്‍.

ആ സംശയത്തിന് വിരാമം കുറിച്ചുകൊണ്ട് ഞങ്ങള്‍ക്കു മുമ്പില്‍ ഒരു പിക്കപ്പ് വാന്‍ ദൃശ്യമായി. മാമ്പഴങ്ങള്‍ നിറച്ച ആ വാഹനത്തില്‍ നിന്നും അതിന്റെ ഡ്രൈവര്‍
വഴിയോരത്തിരിക്കുന്ന വാനരന്മാര്‍ക്ക് മാമ്പഴം നല്‍കുന്ന മനോഹരമായ കാഴ്ച ഞങ്ങളുടെ മനസുകളെ കുളിരണിയിപ്പിച്ചു. മുകളിലേക്കുള്ള യാത്രാമധ്യേ പാതയോരത്തെല്ലാം ആരുടെയോ വരവിനായി കാത്തിരിക്കുന്ന വാനരക്കൂട്ടങ്ങള്‍ ദൃശ്യമായിരുന്നു. അവ കാത്തിരിക്കുന്നത് ഭക്ഷണവുമായി വരുന്ന ആ നല്ല മനുഷ്യനെയാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

ഒരു വ്യക്തിയുടെ പുണ്യമോ ഗവണ്‍മെന്റിന്റെ ക്രമീകരണമോ എന്തു തന്നെയായാലും നന്മ നിറഞ്ഞ പ്രവൃത്തി കണ്ടതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു മനം നിറയെ. “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്നു നന്മ  പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്മയില്‍ നിന്നു തിന്മ പുറപ്പെടുവിക്കുന്നു”
(ലൂക്കാ 6:45) എന്ന ക്രിസ്തുവചനം ഇവിടെ അന്വര്‍ത്ഥമാകുന്നു.

നന്മകളുടെ അനന്തസാധ്യതയുള്ളവരാണ് ഓരോ വ്യക്തിയും. ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം അവ പ്രകടമാകുമ്പോള്‍ മാത്രമേ നമ്മിലെ നന്മമരങ്ങള്‍ ഫലം ചൂടൂ എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.