വഴി തെറ്റിക്കുന്നവര്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണിത്. കന്യാസ്ത്രീകളാകാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് ഏതാനും യുവതികള്‍ ഒരു കോണ്‍വെന്റില്‍ ചെന്നു. അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നാതിരുന്ന സിസ്റ്റേഴ്‌സ് വികാരിയച്ചന്റെ കത്തുമായി വന്നാല്‍ ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് പറഞ്ഞത്. നിര്‍ദ്ദേശിച്ച ദിവസം തന്നെ അവര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തി. അവരെ കോണ്‍വന്റില്‍ ചേര്‍ക്കാനുള്ള നടപടികളുടെ ഭാഗമായി അവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സിസ്റ്റേഴ്‌സ് തീരുമാനിച്ചു. സിസ്റ്റേഴ്‌സിനെ വീടുകളിലേക്ക് കൊണ്ടുപോകാനായി അവരിലൊരാള്‍ വരികയും ചെയ്തു. എന്നാല്‍ യാത്രാമധ്യേ ഒരു വിജനസ്ഥലത്തെത്തിയപ്പോള്‍ സിസ്റ്റേഴ്‌സിനെ അവള്‍ വഴിയില്‍ ഇറക്കിവിട്ട് എങ്ങോട്ടോ പോയി. ദൈവാനുഗ്രഹത്താലാണ് അപകടമൊന്നും കൂടാതെ ആ കന്യാസ്ത്രികള്‍ രക്ഷപ്പെട്ടത്. ആ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്.

എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയാത്ത കാലഘട്ടത്തിലാണ് നമ്മള്‍. ഏതെല്ലാം രീതിയിലാണ് മനുഷ്യന്‍ ഇന്ന് കബളിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ “ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” (മര്‍ക്കോ. 13:5) എന്ന ക്രിസ്തുമൊഴികള്‍ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. സ്‌നേഹം നടിച്ചു വരുന്നവര്‍, കരുണ്യം യാചിച്ചു വരുന്നവര്‍, സൗഹൃദം തേടി വരുന്നവര്‍… ഇങ്ങനെ ആരിലൂടെ വേണമെങ്കിലും നമുക്ക് വഴി തെറ്റാം. അതിനാല്‍ നേര്‍വഴി തെളിക്കുന്ന പരിശുദ്ധാത്മവരത്തിനായ് പ്രാര്‍ത്ഥിക്കാം.

വി. മാക്‌സ്മില്യന്‍ കോള്‍ബെയുടെ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.