ശ്രദ്ധ പതറാതിരിക്കാന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഞങ്ങളുടെ തിരുപ്പട്ടത്തിന്റെ ദിനങ്ങള്‍ അടുത്തുവരുന്ന നേരം. അന്നൊരിക്കല്‍ ലാസലെറ്റ് സഭയുടെ മേലധികാരിയായിരുന്ന മാത്യു മഞ്ഞളിയച്ചന്‍ പറഞ്ഞു: ‘ഈ ദിനങ്ങളില്‍ നിങ്ങളുടെ മനസു മുഴുവനും തിരുപ്പട്ടത്തെക്കുറിച്ചുള്ള ചിന്തകളായിരിക്കും. അതുകൊണ്ട് സ്വന്തമായുള്ള ബൈക്ക് യാത്രകള്‍ പരമാവധി ഒഴിവാക്കുക. ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യുന്നതാണ് ഉചിതം. മനസ് കലുഷിതമായിരിക്കുമ്പോള്‍ ശ്രദ്ധ പതറാന്‍ സാധ്യതയുണ്ട്. അമിതവിശ്വാസം കാണിച്ച് അപകടങ്ങള്‍ വരുത്തിവയ്ക്കരുത്.’ തിരുപ്പട്ടത്തിനുശേഷം നിയമനം തന്നപ്പോഴും ചെല്ലുന്ന സ്ഥലത്ത് ജാഗ്രതയുള്ളവരായി പെരുമാറണമെന്നും വിവേകവും വിശുദ്ധിയുമെല്ലാം കാത്തുപാലിക്കണമെന്നും അച്ചന്‍ പറഞ്ഞത് മറക്കാനാവുന്നില്ല.

എല്ലാ മേലധികാരികളും യഥാസമയം തങ്ങളുടെ അധീനതയിലുള്ളവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാറുണ്ട്. ശിഷ്യരെ ദൈവരാജ്യശുശ്രൂഷക്ക് അയയ്ക്കുമ്പോള്‍ ക്രിസ്തു പറയുന്ന വാക്കുകളും അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണം. “ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍” (മത്തായി 10:16).

തന്നിഷ്ടം വര്‍ദ്ധിക്കുന്നിടത്താണ് ദൈവേഷ്ടം അവഗണിക്കപ്പടുന്നത്. മേലധികാരികളുടെയും മാതാപിതാക്കളുടെയും ഗുരുഭൂതരുടെയുമെല്ലാം വാക്കുകള്‍ക്ക് ചെവി കൊടുക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും കുറയും.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.