മുടി മുറിച്ച പെൺകുട്ടികൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കത്തോലിക്കാ സഭയിലെ യുവജനപ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏതാനും യുവതികളെ പരിചയപ്പെടാനിടയായി. അവരിൽ ആർക്കും തന്നെ നീണ്ട മുടിയില്ലായിരുന്നു. ആൺകുട്ടികളെപ്പോലെ കഴുത്തിനോട് ചേർത്ത് മുടി വെട്ടിയിരിക്കുന്നതു കണ്ടപ്പോൾ “എല്ലാവരുടെയും ഹെയർസ്റ്റൈൽ മോഡേൺ ആണല്ലോ?” എന്ന് ഒരു കൗതുകത്തിന് ചോദിച്ചു.

“അച്ചാ ഇതിനു പിന്നിൽ ഒരു കഥയുണ്ട്” – അവരിലൊരാൾ പറഞ്ഞു.

“ഞങ്ങളെല്ലാവരും ഒരിക്കൽ മുടി നീട്ടിവളർത്തിയവരായിരുന്നു. രണ്ടാഴ്ച മുമ്പാണ് ക്യാൻസർ രോഗികൾക്കു വേണ്ടി അവ ദാനം ചെയ്തത്. ഞങ്ങളുടെ പരിശ്രമം വഴി ധാരാളം യുവതികൾ ഇനിയും മുമ്പോട്ടു വരുന്നുണ്ട്. ഞങ്ങളാലാവുന്ന ചെറിയ നന്മ ചെയ്യുന്നു. അത്രമാത്രം.”

അവരെക്കുറിച്ചോർത്ത് എനിക്ക് അഭിമാനം തോന്നി. അഴകോടെ നീട്ടിവളർത്തിയ മുടി വെട്ടി രോഗികൾക്ക് ദാനം ചെയ്തപ്പോൾ അവർക്ക് ലഭിച്ച ആനന്ദം അവർണ്ണനീയമായിരുന്നു.

ക്രിസ്തുവിനു വേണ്ടി തലമുടി മുറിച്ചു മാറ്റിയ ക്ലാര പുണ്യവതിയെ ഓർക്കുന്നത് നല്ലതാണ്. വിവാഹനിശ്ചയം കഴിഞ്ഞിട്ടുപോലും ക്രിസ്തുവിനോടുള്ള പ്രണയം അവളിൽ തെളിഞ്ഞുനിന്നിരുന്നു. ക്രിസ്തുവിന്റെ അനുയായി ആകണമെന്ന ആഗ്രഹത്തോടെ വീട് ഉപേക്ഷിച്ച അവൾ വി. ഫ്രാൻസിസിനരികിൽ അഭയം പ്രാപിച്ചു. അവളെ സ്വീകരിച്ച ഫ്രാൻസിസ് ആദ്യം ചെയ്തത് അവളുടെ അഴകാർന്ന കാർകൂന്തൽ മുറിച്ചുമാറ്റുക എന്നതായിരുന്നു. പോർസ്യുങ്കളയിലെ ആശ്രമത്തിൽ അവളെ തേടിയെത്തിയ പിതാവ്, തന്റെ മകളുടെ ശിരസു കണ്ട് ആശ്ചര്യപ്പെട്ടു. ക്രിസ്തുവിനെയല്ലാതെ മറ്റൊരു മണവാളനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന അവളുടെ വാക്കുകൾക്കു മുമ്പിൽ അയാൾ നിശ്ചലനായി. ക്രിസ്തുവിനു വേണ്ടി അപമാനങ്ങൾ ഏറ്റുവാങ്ങാനും ബാഹ്യസൗന്ദര്യത്തെ നിസാരമായി പരിഗണിക്കാനും തയ്യാറായ ക്ലാര പുണ്യവതി നമുക്കൊരു വെല്ലുവിളിയാണ്.

“വൃക്ഷത്തെ അതിന്റെ ഫലങ്ങളില്നിന്നു നിങ്ങള് തിരിച്ചറിയും” (Ref: മത്തായി 7:20) എന്ന വചനം ക്ലാരയിൽ അന്വർത്ഥമാകുന്നു. മരമേതായാലും ഫലം  ചൂടണമെങ്കിൽ വെയിലേൽക്കാനും കുളിരണിയാനും മഴ കൊള്ളാനും തയ്യാറാകണം; ഒപ്പം മുറിയപ്പെടാനും! ക്രിസ്തുവിനുവേണ്ടി ഫലം ചൂടുന്നവരാകാൻ ദൈവം നമ്മെ സഹായിക്കട്ടെ!

വി. ക്ലാരയുടെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.