മറക്കില്ല അച്ചാ ഒരിക്കലും…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പരിചയമുള്ള ഒരു വൈദികന്റെ മരണം വേദനിപ്പിക്കുന്നതായിരുന്നു; ഹൃദയാഘാതമായിരുന്നു. ഇസ്രായേല്‍ തീര്‍ത്ഥാടനത്തിനിടയിലാണ് സംഭവിച്ചത്. അച്ചന്‍ അവധിക്ക് വീട്ടില്‍ വരുമ്പോഴെല്ലാം ആശ്രമത്തില്‍ കുര്‍ബാനക്കു വരിക പതിവായിരുന്നു. പറഞ്ഞുവരുന്നത് മാനന്തവാടി രൂപതയിലെ ജോസഫ് തൊണ്ടിപറമ്പിൽ അച്ചനെക്കുറിച്ചാണ്.

രണ്ടു വര്‍ഷം മുമ്പ് നിത്യതയിലേക്ക് യാത്രയായ അച്ചനെക്കുറിച്ച് തലശേരി ആര്‍ച്ചുബിഷപ്പ് ബഹു. ജോര്‍ജ് ഞെരളക്കാട്ട് പങ്കുവച്ച അനുഭവക്കുറിപ്പ് എഴുതാം…

”അധികമാര്‍ക്കും അറിയാത്ത ഒരു സവിശേഷത ജോസഫച്ചനുണ്ടായിരുന്നു. ഏതെങ്കിലും വൈദികനോ, വ്യക്തിയോ, കുടുംബമോ, സാമ്പത്തികമായും മാനസികമായും വേദനിക്കുന്നെന്ന് അറിഞ്ഞാല്‍ അച്ചൻ അവിടെ ഓടിയെത്തും. കഴിയുന്ന വിധത്തിലൊക്കെ അവരെ സഹായിക്കും. ഇങ്ങനെ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അച്ചന്‍ ആശ്വാസമായിട്ടുണ്ട്, പലരെയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്, പലര്‍ക്കും ഭവനങ്ങള്‍ നിര്‍മ്മിച്ചു  നല്‍കിയിട്ടുമുണ്ട്.

എന്റെ വ്യക്തിപരമായ ജീവിതത്തില്‍ അച്ചനോട് നന്ദിയും കടപ്പാടുമുള്ള ഒരു സംഭവം ഓര്‍ക്കുന്നു. ഒരിക്കല്‍ തൂങ്കുഴിപിതാവ് എന്നോട് പറഞ്ഞു: ‘അച്ചനെ റോമില്‍ പഠിക്കാന്‍ വിടണമെന്ന് ജോസഫ് അച്ചന്‍ താത്പര്യപ്പെട്ടു.’ പിതാവിനോട് ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചത് ജോസഫച്ചന്‍ എന്നോട് പറഞ്ഞിട്ടുണ്ടായില്ല.

റോമിലെ പഠനം എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. മറ്റുള്ളവരെ വളര്‍ത്തുക, അംഗീകരിക്കുക എന്നത് തൊണ്ടിപറമ്പിലച്ചന്റെ വലിയൊരു സവിശേഷതയായിരുന്നു. അനേകര്‍ അച്ചനോട് കടപ്പെട്ടിരിക്കുന്നു.

നാം ചെയ്യുന്ന ചെറിയ നന്മകള്‍ക്കു പോലും വലിയ ഫലമുണ്ടാകുമെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ ജോസഫച്ചനെപ്പോലെ ഇരുകൈയറിയാതെ നന്മകള്‍ ചെയ്ത് മുന്നേറാന്‍ നമുക്ക് സാധിക്കൂ. അതു തന്നെയാണ് ക്രിസ്തുവും പറയുന്നത്: “ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്ത് വിതയ്ക്കുന്നതിനു സദൃശം. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെ തന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു” (മര്‍ക്കോ 4:26-27).

അതെ, നാം വിതയ്ക്കുന്ന വിത്തുകള്‍ നന്മയുടേതും തിന്മയുടേതുമാകും. നാം പോലും അറിയാതെ അവ മുളച്ച് വളര്‍ന്ന് ഫലം ചൂടും. എത്തരം വിത്തു വിതയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന കാര്യം മാത്രം മറക്കാതിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.