വലിയ വീടുകള്‍ സ്വപ്നം കാണുന്നവരോട്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ചെറിയ വീട്ടില്‍ താമസിക്കുന്ന അപ്പനും മകനും ബന്ധുവിന്റെ വീടുവെഞ്ചിരിപ്പിന് പോയതാണ്. വലിയ വീടും അവിടുത്തെ സൗകര്യങ്ങളുമെല്ലാം ആ മകന്‍ ആശ്ചര്യത്തോടെ നോക്കിനിന്നു. അവിടുത്തെ വില കൂടിയ സോഫയിലും കസേരകളിലും അവന്‍ മാറിമാറി നോക്കി. പതിയെ ഒരിടത്ത് ഇരുന്നു, പഞ്ഞിക്കെട്ടിന് മുകളില്‍ ഇരിക്കുന്നതു പോലെ…. ഭിത്തിയിലുറപ്പിച്ചിരിക്കുന്ന വലിയ ടി.വി സിനിമാ തിയേറ്ററിന്റെ പ്രതീതിയാണുണ്ടാക്കിയത്. വലിയ ചില്ലുകൂട്ടില്‍ ഓടിക്കളിക്കുന്ന മീനുകളെ അവന്‍ അത്ഭുതത്തോടെ നോക്കിനിന്നു. ഭക്ഷണം കഴിച്ച് അവിടെ നിന്നും ഇറങ്ങാറായപ്പോള്‍ മകന്‍ അപ്പനോട് പറഞ്ഞു: “എനിക്ക് ഈ വീട് നന്നായി ഇഷ്ടപ്പെട്ടു. എത്ര വലുതാണിത്? എന്തെല്ലാം സൗകര്യങ്ങളുണ്ടിവിടെ? ഒന്നുരണ്ടു ദിവസം ഞാനിവിടെ നില്‍ക്കട്ടെ?” ആ വീട്ടില്‍ തങ്ങാന്‍ അനുവദിക്കാതെ അപ്പൻ അവനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

യാത്രാമദ്ധ്യേ അയാള്‍ മകനോട് പറഞ്ഞു: “നമ്മുടെ ചെറിയ വീട്ടിലെ സന്തോഷവും സംതൃപ്തിയും മറ്റുള്ളവരുടെ വലിയ വീട്ടില്‍ നിന്നും നമുക്ക് ലഭിക്കില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ കഴിയണം. നീ പഠിച്ച് വലിയവനാകുക. നല്ല ജോലി കിട്ടിക്കഴിയുമ്പോള്‍ നമുക്കും ഇതുപോലെ വലിയ വീടു വയ്ക്കാം. വലിയ വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നേറാന്‍ നിനക്ക് സഹായകരമാകും.” അപ്പന്റെ ആ  വാക്കുകള്‍, പഠിക്കണമെന്നും ഉയരങ്ങളിലെത്തണമെന്ന ചിന്തയാണ് അവനില്‍ വളര്‍ത്തിയത്.

പ്രതീക്ഷകളാണ് മനുഷ്യനെ വിജയത്തിലേക്ക് നയിക്കുന്നത്. താത്ക്കാലിക സുഖങ്ങളില്‍ അഭിരമിച്ച് ജീവിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയണം. ഇതേ സത്യം തന്നെയാണ് താബോറിലെ രൂപാന്തരീകരണ വേളയില്‍ ക്രിസ്തു പഠിപ്പിക്കുന്നത്. “നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു
സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്” (മത്തായി 17:4) എന്ന് പറഞ്ഞ പത്രോസിനോട് മറുപടിയൊന്നും പറയാതെ താബോറിന്റെ പ്രഭയില്‍ നിന്ന് താഴ്വരയുടെ ചതുപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ക്രിസ്തു.

ചെറിയ സുഖങ്ങള്‍ക്കു പിന്നാലെയുള്ള യാത്ര വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് തടസമാകും. അതുപോലെ കൂടുതല്‍ സമ്പാദിക്കാനുള്ള ആഗ്രഹമേറുമ്പോള്‍
സഹിക്കാനുള്ള ശക്തി കുറയുമെന്ന യാഥാര്‍ത്ഥ്യവും ഓര്‍മ്മയുണ്ടാകട്ടെ.

ക്രിസ്തുവിന്റെ രൂപാന്തരീകരണ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.