ഈറന്‍മിഴികളില്‍ അമ്മയോര്‍മ്മകള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അമ്മയുടെ ആത്മശാന്തിക്കായി കുര്‍ബാന അര്‍പ്പിക്കണമെന്നതായിരുന്നു ആ യുവാവിന്റെ ആഗ്രഹം. വീട്ടുപേരും അമ്മയുടെ പേരും പറഞ്ഞ് ഗ്രിഗോറിയന്‍ കുര്‍ബാനയ്ക്ക് പണം നല്‍കുമ്പോള്‍ അവന്റെ മിഴികള്‍ നനഞ്ഞിരുന്നു.

“എന്തുപറ്റി ഇങ്ങനെ കരയാന്‍?” ഞാന്‍ ചോദിച്ചു.

“അമ്മയെക്കുറിച്ച് ഓര്‍ത്തുപോയി…”

മിഴികള്‍ തുടച്ചുകൊണ്ട് അവന്‍ തുടര്‍ന്നു: “കൊടിയ അപരാധമാണ് ഞാന്‍ ചെയ്തത്. ഞാനും അപ്പനും തമ്മില്‍ ഒരിക്കല്‍ വഴക്കിട്ടു. വഴക്കിനിടയില്‍ അപ്പനു നേരെ കരമുയര്‍ത്തിയപ്പോള്‍ അമ്മ കയര്‍ത്തു. ‘അപ്പനു നേരെയാണോടാ കൈ പൊക്കുന്നത്, ഇറങ്ങടാ ഈ കുടുംബത്തീന്ന്…’ എന്നു പറഞ്ഞ് അമ്മ തടസം നിന്നു. ദേഷ്യത്തോടെ അപ്പാള്‍ തന്നെ ഞാന്‍ വീടുവിട്ടിറങ്ങി. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ എന്നെ വിളിച്ച് മാപ്പു പറഞ്ഞെങ്കിലും എനിക്ക് അമ്മയോട് ക്ഷമിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അമ്മയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു. അന്ന് ഞാന്‍ മുംബെയിലാണ്. ഒരു വശം തളര്‍ന്ന് അമ്മ കിടപ്പിലായി. എന്നെ കാണണമെന്നായിരുന്നു അമ്മയുടെ ഏക ആഗ്രഹം. പക്ഷേ, അപ്പോഴും എന്റെ ഉള്ളിലെ വാശി മൂലം അമ്മയെ കാണാന്‍ എനിക്ക് മനസ് വന്നില്ല.

കൂട്ടുകാരില്‍ നിന്നോ മറ്റോ എന്റെ നമ്പര്‍ തപ്പിയെടുത്ത് അപ്പന്‍ എന്നെ വിളിച്ചു. ഞാന്‍ വീടെത്തിയപ്പോഴേക്കും അമ്മ നിത്യതയിലേക്ക് യാത്രയായിരുന്നു. എന്റെ മനസില്‍ എവിടെയോ ഒരു നീറ്റല്‍ അനുഭവപ്പെട്ടു. അമ്മയോര്‍മകള്‍ എന്റെ മനസ്സില്‍ ഓളം വെട്ടി. ഒറ്റയ്ക്കിരുന്ന് ഒരുപാട് കരഞ്ഞു. അമ്മയുടെ സാന്ത്വനസ്പര്‍ശം മേലാസകലം തഴുകി കടന്നുപോകുന്നതു പോലെ. ഒരു ധ്യാനത്തിനു പോകാനുള്ള തീരുമാനം മനസിലുറപ്പിച്ചു. ധ്യാനത്തിനു ശേഷമാണ് അമ്മയ്ക്കു വേണ്ടി കുര്‍ബാന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന ആഗ്രഹം ശക്തമായത്.”

അവനെ ആശ്വസിപ്പിച്ച് യാത്രയാക്കിയത് മനസിലിന്നും തെളിഞ്ഞുനില്‍ക്കുന്നു. ഇന്ന് ഈ സംഭവം ഓര്‍ക്കാന്‍ കാരണം, ധനവാന്റെയും ലാസറിന്റെയും ഉപമയാണ്. പടിവാതില്‍ക്കല്‍ കിടന്ന ലാസറിനെ അവഗണിച്ചത് തെറ്റാണെന്ന തിരിച്ചറിവ് ധനവാന് ലഭിച്ചപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു. തന്റെ നാവു തണുപ്പിക്കാന്‍ ലാസറിനെ അയയ്ക്കയക്കണമെന്ന അപേക്ഷയ്ക്ക് ദൈവത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “…ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്ന് നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല” (ലൂക്കാ 16:26).

ദൈവം തിരിച്ചറിവുകള്‍ നല്‍കുമ്പോള്‍ യഥാസമയം ഉള്‍ക്കൊള്ളാന്‍ കഴിയണം. വൈകിയെത്തുന്ന തിരിച്ചറിവുകള്‍ നമുക്ക് സമ്മാനിക്കുന്നത് ചെയ്യാതെ പോയ നന്മകളെക്കുറിച്ചുള്ള നൊമ്പരങ്ങള്‍ മാത്രമായിരിക്കും.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.