സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഇടങ്ങള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിവാഹിതനായൊരു യുവാവ് സ്വന്തമായ് വീടു വച്ച് മാറിയപ്പോള്‍ കൈക്കൊണ്ട ചില തീരുമാനങ്ങളെക്കുറിച്ച് പറയുകയുണ്ടായി.

‘എന്റേത് പാരമ്പര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന കുടുംബമാണ്. എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേക നിഷ്ഠയാണ്. ഏഴു മണിയ്ക്ക് തന്നെ കുടുംബപ്രാര്‍ത്ഥന ചൊല്ലും. അതിനു മുമ്പേ അടുക്കളപ്പണികളെല്ലാം തീര്‍ന്നിരിക്കണം. ഇതൊക്കെ അപ്പന് നിര്‍ബന്ധമാണ്. അതെല്ലാം നല്ലതു തന്നെ. എന്നാല്‍ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകള്‍ ആരും പുരുഷന്മാരോടൊപ്പം ഭക്ഷണത്തിനിരിക്കില്ല. വീട്ടിലെ ആണുങ്ങളും കുഞ്ഞുമക്കളും കഴിച്ചതിനു ശേഷമേ അവര്‍ ഭക്ഷണം കഴിക്കാവൂ.

അച്ചനറിയുമോ, കല്യാണപ്പന്തലില്‍ ഒരുമിച്ചിരുന്ന് ഭക്ഷിച്ചശേഷം, വല്ലപ്പോഴും ബന്ധുക്കളുടെ വീട്ടില്‍ പോകുമ്പോഴോ പുറത്തു പോകുമ്പോഴോ മാത്രമാണ് ഞാനും എന്റെ ഭാര്യയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുള്ളത്. പുതിയ വീട് വച്ച് മാറിയപ്പോള്‍ ആദ്യം വരുത്തിയ മാറ്റം ഈ ഭക്ഷണരീതിയിലാണ്. ഞാനും ഭാര്യയും മക്കളുമെല്ലാം ഒരുമിച്ചിരുന്നാണ് ഭക്ഷിക്കുന്നത്. കൂടാതെ ഞങ്ങള്‍ രണ്ടു പേരും ജോലിക്കു പോകുന്നതിനാല്‍ കുടുംബപ്രാര്‍ത്ഥനയുടെ സമയം 8.30 ആക്കി. കൂടാതെ സ്ത്രീകള്‍ പുലര്‍ച്ചെ എണീക്കണം, കുളിച്ച് ഈറനോടെ മാത്രമേ അടുക്കളയില്‍ എത്താവൂ, പുരുഷന്മാര്‍ മുന്‍വശത്തുള്ളപ്പോള്‍ സത്രീകള്‍ക്ക് അവിടെ എത്തിനോക്കാന്‍ പോലും പറ്റില്ല… തുടങ്ങി എത്രയെത്ര പാരമ്പര്യ വാദങ്ങള്‍.”

പാരമ്പര്യങ്ങള്‍ കുറച്ചൊക്കെ നല്ലതാണ്. എന്നാല്‍ ചിലതെല്ലാം കാലത്തിനൊത്ത് മാറേണ്ടതുമാണ് എന്ന വലിയ പാഠമാണ് ഈ യുവാവ് പഠിപ്പിക്കുന്നത്. ക്രിസ്തുവിന്റെ കാലത്തുമുണ്ടായിരുന്നു പാരമ്പര്യത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍. അവയിലൊന്ന് ശരീരശുദ്ധിയുമായ് ബന്ധപ്പെട്ടതാണ്. “പൂര്‍വ്വീകരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തു നിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വ്വീകരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈ കൊണ്ടു ഭക്ഷിക്കുന്നത് എന്ത്? അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ ദൂരെയാണ്” (മര്‍ക്കോ. 7: 3 -6).

ചില നിഷ്ഠകള്‍ക്കും ആചാരങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കുന്നതിലൂടെ നമ്മള്‍ ദൈവത്തില്‍ നിന്നുപോലും അകലുവാന്‍ സാധ്യതയുണ്ടെന്ന സത്യം മറക്കാതിരിക്കാം. മുറുകെപ്പിടിക്കേണ്ടതിനെ മുറുകെപ്പിടിക്കാനും ഒഴിവാക്കേണ്ടതിനെ ഒഴിവാക്കാനുമുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥന.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.