ഒഴികഴിവുകള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

തന്റെ ജീവിതപങ്കാളിയെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഒരു വീട്ടമ്മയുടെ പരിഭവം ഇങ്ങനെയായിരുന്നു: “ദൈവം എനിക്ക് നല്‍കിയിരിക്കുന്നത് സ്‌നേഹവും കരുതലുമുള്ള ഭര്‍ത്താവിനെയാണ്. അങ്ങനെ തന്നെയാണ് രണ്ട് മക്കളും. എന്നാല്‍ ഞാനും അവരും തമ്മില്‍ അകലുന്നത് ഒരൊറ്റ കാര്യത്തിനു വേണ്ടി മാത്രമാണ്. കുടുംബപ്രാര്‍ത്ഥനയുടെ കാര്യവും പള്ളിയില്‍ പോകുന്ന കാര്യവും അവരോട് പറയരുത്. അതവര്‍ക്ക് ഇഷ്ടമല്ല. രാത്രി പന്ത്രണ്ടു വരെയോ നേരം വെളുക്കുന്നതു വരെയോ ടി.വി. യില്‍ ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കണ്ടിരിക്കാന്‍ യാതൊരു കുഴപ്പവുമില്ല. എന്നാല്‍ പളളിയില്‍ പോകണമെന്ന് പറയുമ്പോള്‍ മുഖം ചുളിയും. അതുപോലെ തന്നെയാണ് പ്രാര്‍ത്ഥനയുടെ കാര്യവും. ദൈവവിചാരമില്ലാതെയുള്ള അവരുടെ ജീവിതം കാണുമ്പോള്‍ വല്ലാത്ത ഭയവും ആധിയുമുണ്ട്.”

ഇത് ഒരമ്മയുടെ മാത്രം നൊമ്പരമല്ല, പല അമ്മമാരുടെയും വിലാപം ഇതു തന്നെയായിരിക്കുമെന്നാണ് കരുതുന്നത്. എന്തെല്ലാം ഒഴികഴിവുകള്‍ പറഞ്ഞാണ് ആദ്ധ്യാത്മിക കാര്യങ്ങള്‍ നമ്മള്‍ നീട്ടിവയ്ക്കുന്നതും അവഗണിക്കുന്നതും.

അങ്ങനെയൊരു സംഭവം സുവിശേഷത്തിലും വിവരിക്കുന്നുണ്ട്. ഒരുവന്‍ സദ്യയൊരുക്കി വളരെപ്പേരെ അവിടേക്ക് ക്ഷണിച്ചു. “എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി. ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചു ജോടി കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചു നോക്കുവാന്‍ പോകുന്നു; എനിക്ക് ഒഴിവുതരണം എന്ന് അപേക്ഷിക്കുന്നു. മൂന്നാമതൊരുവന്‍ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല” (ലൂക്കാ 14:18-20).

ക്ഷണിക്കപ്പെട്ടവര്‍ വരാതിരുന്നമ്പോള്‍ തെരുവീഥികളില്‍ നിന്നും ഇടവഴികളില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഭവനം നിറയ്ക്കുകയാണ് യജമാനന്‍ ചെയ്യുന്നത്. കര്‍ത്താവ് അനുഗ്രഹങ്ങള്‍ നല്‍കുമ്പോള്‍ തിരസ്‌ക്കരിക്കരുത്. വിശുദ്ധ കുര്‍ബാനയും വചന വായനയും പ്രാര്‍ത്ഥനയുമെല്ലാം ദൈവാനുഗ്രഹത്തിന്റെ ഉറവിടങ്ങളാണ്. ആരോഗ്യവും ആയുസും എത്രനാള്‍ ഉണ്ടെന്ന് നമുക്കാര്‍ക്കും അറിയില്ലല്ലോ? എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവായ ദൈവത്തെ മറന്ന് ജീവിക്കാതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.