അവളുടെ പ്രിയപ്പെട്ട പാവക്കുട്ടി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരിക്കൽ ഭവനസന്ദര്‍ശനത്തിനായി ഇറങ്ങിയ വികാരിയച്ചന്‍ ഒരു വീട്ടിലെത്തിയപ്പോള്‍ അവിടുത്തെ സ്വീകരണമുറിയിലെ ചില്ലലമാരയില്‍ സൂക്ഷിച്ചിരുന്ന പാവകള്‍ ശ്രദ്ധിക്കാനിടയായി.

“ഇവിടെ ധാരാളം പാവകള്‍ ഉണ്ടല്ലോ?” അച്ചന്‍ വീട്ടുകാരോട് ചോദിച്ചു.

“ഞങ്ങളുടെ മകള്‍ക്ക് പാവക്കുട്ടികള്‍ വളരെ ഇഷ്ടമാണ്. അവള്‍ക്കു വേണ്ടി വാങ്ങിയതാണിവ” – വീട്ടുടമസ്ഥ മറുപടി നല്‍കി.

“മകള്‍ ഇവിടെയുണ്ടോ?” അച്ചന്‍ ചോദിച്ചു.

“സ്‌കൂളില്‍ നിന്ന് ഇപ്പോള്‍ ഇങ്ങെത്തും.” പറഞ്ഞു തീരുംമുമ്പേ അവള്‍ വീട്ടിലെത്തി.

അച്ചന്‍ അവളെ അരികിലേക്ക് വിളിച്ചു ചോദിച്ചു: “മോള്‍ക്ക് ധാരാളം പാവക്കുട്ടികള്‍ ഉണ്ടല്ലോ, അവയില്‍ ഏറ്റവും ഇഷ്ടം എത് പാവയോടാണ്?”

അവള്‍ തന്റെ മുറിയിലേക്കോടി ഒരു പാവയുമായി തിരിച്ചെത്തി. “എനിക്ക് ഈ പാവയെ ആണ് ഏറ്റവും ഇഷ്ടം. ഇതിന്റെ ഒരു കൈ ഒടിഞ്ഞതാണ്. ഞാന്‍ എടുത്തില്ലേല്‍ മറ്റാരും ഇതിനെ എടുക്കില്ല. അതുകൊണ്ട് ഞാനിതിനെ എന്റെ മുറിയില്‍ തന്നെയാണ് വച്ചിരിക്കുന്നത്.”

ആ കൊച്ചുകുട്ടിയുടെ ജ്ഞാനത്തിനു മുമ്പില്‍ അച്ചന്‍ വിസ്മയഭരിതനായി. നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്ന നല്ലിടയനെയാണ് അച്ചനപ്പോള്‍ ഓര്‍ത്തത്. കഴിവും മികവും ഉള്ളവരുടെ ലോകത്ത് കഴിവ് കുറഞ്ഞവരും മുറിവേറ്റവരും അവഗണിക്കപ്പെട്ടവരുമെല്ലാം ഉണ്ടല്ലോ? അവരെക്കൂടി ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് ക്രിസ്തുവിന്റെ ചൈതന്യത്തിലേക്ക് ഉയരാന്‍ കഴിയുക എന്ന പാഠം രണ്ടാം ക്ലാസുകാരി പഠിപ്പിക്കുകയായിരുന്നു.

തോമാസ് ശ്ലീഹായ്ക്ക് ദര്‍ശനം നല്‍കിയ ക്രിസ്തുവിനെ നമുക്കോര്‍ക്കാം. “അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല” (യോഹ. 20 :25) എന്ന വാക്കുകളില്‍ തോമായ്‌ക്കേറ്റ മുറിവിന്റെ ആഴം ക്രിസ്തു തിരിച്ചറിഞ്ഞു. മുറിവേറ്റ അവന് സൗഖ്യം നല്‍കാനായ് ക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെട്ടു!

നമ്മുടെ വ്യക്തിബന്ധങ്ങളില്‍ മുറിവേറ്റവരെ ചേര്‍ത്തുപിടിക്കാനും രോഗികളോടൊപ്പം ഉണര്‍ന്നിരിക്കാനും ആരോരുമില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനുമെല്ലാം കഴിയുമ്പോള്‍ മാത്രമേ ക്രിസ്തുവിന്റെ പ്രകാശം എങ്ങും പരക്കുകയുള്ളൂ എന്ന സത്യം നമുക്ക് തിരിച്ചറിയാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.