നിന്ദനങ്ങള്‍ ദൈവം അനുവദിക്കുന്നുവോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു യുവാവിന്റെ കഥ. ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ നാള്‍ മുതല്‍ അവന്‍ അള്‍ത്താര ബാലനായതാണ്. അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് അവൻ ആ ശുശ്രൂഷ ചെയ്തുവന്നതും. എന്നാല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്തോ ഒരു കാര്യത്തിന് അവന്‍ കപ്യാരുമായ് വഴക്കിട്ടു. അന്നുമുതല്‍ അവന്‍ അള്‍ത്താര ശുശ്രൂഷിയാകുന്നതില്‍ നിന്നും സ്വയം പിന്‍വാങ്ങി. പിന്നീട് പള്ളിയിലും പോകാതായി. അനിയന്ത്രിതമായ കോപവും മനസ് നിറയെ വെറുപ്പും പ്രാര്‍ത്ഥിക്കാനും പഠിക്കാനും കഴിയാത്ത മാനസികസംഘര്‍ഷവുമായാണ് അവന്‍ എന്നെ കാണാന്‍ വന്നത്.

ഞാന്‍ ചോദിച്ചു: “കുമ്പസാരിച്ചിട്ട് എത്ര നാളായി?”

“കുറേ നാളായി. കൃത്യമായി ഓര്‍ക്കുന്നില്ല” അവന്റെ മറുപടി കേട്ട് ഞാന്‍ തുടര്‍ന്നു: “ഇപ്പോഴും കപ്യാരോട് ദേഷ്യമുണ്ടോ?”

“ഉണ്ട്.”

“കപ്യാരോടുള്ള ദേഷ്യം മനസില്‍ കൊണ്ടു നടന്നിട്ട് എന്ത് നേട്ടമുണ്ടായി?” അവന്‍ മറുപടിയൊന്നും പറഞ്ഞില്ല.

ഞാന്‍ പറഞ്ഞു: “അന്ന് തീര്‍ക്കേണ്ട വഴക്ക് മനസില്‍ കൊണ്ടുനടന്നത് തെറ്റാണ്. അത് മൂലം നിനക്ക് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. അള്‍ത്താരയില്‍ നിന്നും പളളിയില്‍ നിന്നും ദൈവത്തില്‍ നിന്നുമെല്ലാം നീ അകന്നു. അതിന്റെ ഫലമാണ് പഠിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയാത്തത്.”

തെറ്റ് തിരിച്ചറിഞ്ഞ അവന്‍ പറഞ്ഞു: “ഞാന്‍ എത്രയും പെട്ടന്ന് കപ്യാരുമായി രമ്യതപ്പെടും. അന്ന് ഏറ്റ അപമാനം ദൈവം അനുവദിച്ചതാണെന്ന് കരുതും. അച്ചന്‍ പ്രാര്‍ത്ഥിക്കണം.”

സന്തോഷത്തോടെയാണ് അവന്‍ മടങ്ങിയത്. രണ്ടാഴ്ച്ചയ്ക്കു ശേഷം അവന്‍ വീണ്ടും വന്നിരുന്നു. അവന്‍ പറഞ്ഞു: “ഞാനിപ്പോള്‍ പള്ളിയില്‍ പോകുന്നുണ്ട്. നഷ്ടപ്പെട്ടു പോയ ആത്മീയാനന്ദം എനിക്ക് തിരികെ ലഭിച്ചു. ദൈവകൃപയില്‍ തുടരാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.”

നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം. വികാരിയച്ചന്‍ ശരിയല്ല, കമ്മറ്റിക്കാര്‍ നല്ലവരല്ല എന്നിങ്ങനെയുള്ള ന്യായങ്ങള്‍ പറഞ്ഞ് ദൈവാലയത്തില്‍ നിന്നും ചിലപ്പോഴെല്ലാം നമ്മളും അകന്നിട്ടില്ലേ? അധികാരത്തില്‍ ഇരിക്കുന്ന ചില വ്യക്തികളില്‍ നിന്നും കുടുംബക്കാരില്‍ നിന്നുമെല്ലാം ഏറ്റ മുറിവുകളും നമ്മെ ദൈവത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമെല്ലാം അകറ്റിയിട്ടില്ലേ?

നൂറു ശതമാനവും ന്യായം നമ്മുടെ പക്ഷത്താകുമ്പോഴും വന്നുചേരുന്ന ചില നിന്ദാപമാനങ്ങളും തെറ്റിദ്ധാരണകളും ക്രിസ്തീയ അരൂപിയില്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മിലുള്ള ദൈവകൃപ നഷ്ടപ്പെടുമെന്ന സത്യം മറക്കരുത്.

ക്രിസ്തുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാം: “മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായി കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്” (ലൂക്കാ 6:22-23).

അതെ, ചില അപമാനങ്ങളും കുത്തുവാക്കുകളും നിന്ദനങ്ങളുമെല്ലാം നമുക്ക് സംഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. അവയെ ദൈവികമായ് കാണുമ്പോള്‍ മാത്രമേ കൃപയുടെ നീര്‍ച്ചാലുകള്‍ നമ്മിലേക്ക് ഒഴുകിയെത്തൂ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.