അക്ഷരങ്ങളിൽ ഒതുക്കാനാവാത്ത കരുണയുടെ പ്രവാഹമാണ് ദിവ്യകാരുണ്യം

ജിന്‍സി സന്തോഷ്‌

യൂദാസ് ഒറ്റിക്കൊടുക്കുമെന്നും പത്രോസ് തള്ളിപ്പറയുമെന്നും പിറ്റേന്ന് താൻ ദാരുണമായ പീഡകൾ ഏറ്റു കുരിശുമരണം വരിക്കുമെന്നും മൂന്നാം ദിനം ഉയിർത്തെഴുന്നേല്‍ക്കുമെന്നും പത്രോസ് തന്റെ സഭയുടെ നായകനാകുകയും തനിക്കു വേണ്ടി തലകീഴായി കുരിശിൽ തൂങ്ങിമരിക്കുമെന്നും ഒക്കെയുള്ള അനേകം തിരിച്ചറിവുകളുടെ മദ്ധ്യേ ദൈവപിതാവിന് നന്ദിയും കൃതജ്ഞതാസ്തോത്രവും അർപ്പിച്ചുകൊണ്ട് അന്ന് ആ മാളികമുറിയിൽ വച്ച് യേശു വിശുദ്ധ കുർബാന സ്ഥാപിച്ചു.

ഭൂമിയിലായിരുന്ന കാലമത്രയും അവൻ പറഞ്ഞതിലധികവും അപ്പനെക്കുറിച്ചായിരുന്നു. തന്റെ പരസ്യജീവിതകാലത്ത് ആദ്യമായും അവസാനമായും അവന്റെ അധരത്തിൽ നിന്നുതിർന്നതും ‘അപ്പാ’ എന്നു തന്നെയായിരുന്നു. അപ്പനെക്കുറിച്ച് പറഞ്ഞവൻ അപ്പമായ് മാറിയ അത്ഭുതമാണ് ദിവ്യകാരുണ്യം. അന്ന് ശിഷ്യർക്ക് വാഴ്ത്തി വിഭജിച്ച് നൽകിയ തന്റെ ശരീര-രക്തങ്ങൾ ഭൂമിയിലെ അവസാനത്തെ മനുഷ്യനും സ്വീകരിച്ചു ഭക്ഷിക്കും വരെ ലോകമെമ്പാടുമുള്ള അൾത്താരകളിൽ അനുദിനം മുറിയപ്പെടുന്ന ദിവ്യകാരുണ്യം. അൾത്താരയിൽ നിന്നും ഓരോ വട്ടവും ഇറങ്ങിവരുമ്പോൾ അവൻ ലോകത്തോട് പറയുന്നത് ഇനിയും അവൻ ക്ഷമിച്ചു മടുത്തിട്ടില്ലെന്നും സ്നേഹിച്ചു തളർന്നിട്ടില്ലെന്നും തന്നെയാണ്.

സമയമില്ലാതെ പരക്കം പായുന്ന എന്റെ അബദ്ധത്തിലുള്ള ഒരു വിളി പോലും കേട്ട് ഇറങ്ങിവരാൻ വെമ്പൽ കൊണ്ട്, ഊതിയാൽ പറക്കുന്ന വെറും ഒരു ഗോതമ്പപ്പത്തിലേക്ക് തന്നെ മുഴുവനായും ആവാഹിച്ച്, എനിക്ക് ഭക്ഷണയോഗ്യമാം വിധം അശുദ്ധമായ എന്റെ കരങ്ങളിലൂടെ, അറപ്പില്ലാതെ എന്റെ നാവിന്റെ നനവിലലിയാൻ, സദാ എന്നോടൊപ്പമായിരിക്കാൻ ഹൃദയം തുടിച്ച് സക്രരികളിൽ അവന്റെ നിറസാന്നിധ്യം. ഓരോ പ്രഭാതത്തിലും തന്നെത്തന്നെ എനിക്ക് വിരുന്നൊരുക്കി അവൻ കാത്തിരിക്കുന്നു എന്ന തിരിച്ചറിവിൽ അതിരാവിലെ അനാരോഗ്യത്തിലും കിടക്കയ്ക്ക് തീപിടിച്ചാലെന്ന പോലെ ബലിപീoത്തിലേക്കണയാൻ അവിടുത്തെ സ്നേഹം എന്നെ നിർബന്ധിക്കുന്നു.

വിശുദ്ധ ബലിയർപ്പണത്തിൽ മാനുഷിക ബലഹീനതകളിൽ മനസ്സിന് ഉണർവും ആത്മാവിൽ ജ്വലനവും അനുഭപ്പെട്ടില്ലങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ഗത്സെമനിയിലെ വിശുദ്ധ മണിക്കൂറിൽ അവനോടൊപ്പം ഉണർന്നിരിക്കാനുള്ള കൃപയും അവന്റെ സ്നേഹസമ്മാനം തന്നെ. “കർത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു” (സങ്കീ. 18:1)

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.