ആദ്യം ശുദ്ധീകരിക്കേണ്ടത്…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരിടത്തു നടന്ന ക്ലാസ്‌മേറ്റുകളുടെ ഒത്തുചേരലിനെക്കുറിച്ച് പറയാം. അവരെല്ലാവരും മധ്യവയസ്‌കരാണ്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം പരസ്പരം കണ്ടുമുട്ടിയതിന്റെ ആനന്ദമായിരുന്നു എല്ലാവരിലും. പഴയകാല ഓര്‍മ്മകളില്‍, രാഷട്രീയവും പ്രണയവും അദ്ധ്യാപകരുമെല്ലാം ചര്‍ച്ചാവിഷയമായി. ഓരോരുത്തരും അവരുടെ ജീവിതപങ്കാളി, മക്കള്‍, ജോലി എന്നിവയെക്കുറിച്ചെല്ലാം പങ്കുവച്ചു. ഇതിനിടയില്‍ ഒരാള്‍ വീട്ടിലേക്കു പോകാന്‍ തിടുക്കം കൂട്ടി. ‘അല്പം കൂടി കഴിഞ്ഞ് പോയാല്‍ പോരേ?’ എന്ന് മറ്റുള്ളവര്‍ ചോദിച്ചു.

“ഇല്ല, എനിക്ക് പോകണം. വീട്ടില്‍ ഭാര്യ തനിച്ചാണ്. വേലക്കാരിയുണ്ടെങ്കിലും ഞാന്‍ സമയത്തെത്തണം. അവള്‍ക്കാണെങ്കില്‍ മറവിരോഗമുള്ളതാണ്. രോഗം വന്നതില്‍ പിന്നെ അധികസമയം ഞാന്‍ വീട്ടില്‍ നിന്ന് മാറിനില്‍ക്കാറില്ല.”

അതു കേട്ടപ്പോള്‍ കൂട്ടത്തിലൊരാള്‍ ചോദിച്ചു: “അതിന്, മറവിരോഗം ബാധിച്ച ഭാര്യ നിന്നെ തിരിച്ചറിയില്ലല്ലോ? അതുകൊണ്ട് നീ വീട്ടിലില്ലെങ്കിലും വേലക്കാരി മാനേജ് ചെയ്യില്ലേ?”

ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം മറുപടി നല്‍കി: “സുഹൃത്തേ, താങ്കള്‍ പറഞ്ഞത് ശരിയാണ്. ചിലപ്പോഴെല്ലാം എന്റെ ഭാര്യയ്ക്ക് ഞാനാരാണെന്ന് തിരിച്ചറിയില്ല. പക്ഷേ, മറവിരോഗം അവള്‍ക്കല്ലേ; എനിക്കല്ലല്ലോ? അവള്‍ എന്റെ ഭാര്യയാണെന്നുള്ള തിരിച്ചറിവാണ് എന്നെ വീട്ടിലേയ്ക്ക് ആകര്‍ഷിക്കുന്നത്.”

ഹൃദയം പവിത്രമാകുമ്പോഴെ ചിന്താഗതികളും ശുദ്ധമാകൂ എന്ന് വിളിച്ചോതുന്ന മനോഹരമായ വാക്കുകള്‍.

ഹൃദയശുദ്ധിയെക്കുറിച്ച് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: “വായില്‍ നിന്നു വരുന്നത് ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്. അത് മനുഷ്യനെ അശുദ്ധനാക്കുന്നു. ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്” (മത്തായി 15:18-19).

അതെ, ഹൃദയം നിര്‍മ്മലമായാലേ ചിന്തകളും പ്രവൃത്തികളും പവിത്രമാകൂ. അതിനുള്ള കൃപയ്ക്കായ് ഇന്നേ ദിവസം പ്രാര്‍ത്ഥിക്കാം. ‘നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ… നോരായൊരു നല്‍ മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ…’

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.