ടോയ്‌ലറ്റ് സാഹിത്യത്തിനു പിന്നില്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

നമ്മളില്‍ പലരും ട്രെയിന്‍ യാത്ര നടത്തിയിട്ടുള്ളവരല്ലേ? ഒരുപാട് ഓര്‍മ്മകള്‍ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് നമുക്കുണ്ടാകും. അതില്‍ എന്നെ സ്പര്‍ശിച്ച ഒന്നുരണ്ട് ചിന്തകള്‍ കുറിക്കട്ടെ:

ജനലിനരികിലിരുന്ന് പുറംകാഴ്ചകള്‍ കണ്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്. കേരളം കഴിയുന്നതേ എത്ര പെട്ടന്നാണ് പ്രകൃതിയില്‍ മാറ്റം വരുന്നത്. ഓരോ സ്റ്റേഷനിലും മാറിമാറി വരുന്ന യാത്രക്കാര്‍, കച്ചവടക്കാര്‍, യാചകര്‍… അങ്ങനെയങ്ങനെ വ്യത്യസ്തങ്ങളായ കാഴ്ചകള്‍. മനസിനെ നൊമ്പരപ്പെടുത്തിയ കാഴ്ചകളിലൊന്ന് റെയില്‍വേ സ്റ്റേഷനുകളുടെ ഓരം ചേര്‍ന്നുള്ള ചേരികളില്‍, മനുഷ്യര്‍ താമസിക്കുന്ന രംഗമാണ്. അങ്ങനെയും മനുഷ്യര്‍ കഴിയുന്നു എന്നറിയുമ്പോഴാണ് നമ്മുടെ പരാതികളും പരിഭവങ്ങളും അത്ര വലുതല്ല എന്ന് തോന്നിയത്.

ഏറ്റവും അറപ്പുളവാക്കിയത് ട്രെയിനിലെ ടോയ്‌ലറ്റുകളാണ്. മനുഷ്യന് എത്രമാത്രം ജഡികനാകാന്‍ കഴിയും എന്നതിന്റെ തെളിവാണ് ടോയ്‌ലറ്റ് ഭിത്തികളില്‍ വരച്ചിട്ടിരിക്കുന്ന അശ്ലീല ചിത്രങ്ങള്‍. ഞാന്‍ യാത്ര ചെയ്തിരുന്ന ബോഗിയിലെ ടോയ്‌ലറ്റില്‍ മാത്രമായിരിക്കും അങ്ങനെ വരച്ചിട്ടിരിക്കുന്നത് എന്നാണ് ഞാനാദ്യം കരുതിയത്. എന്നാല്‍ പിന്നീടുള്ള പല യാത്രകളിലും ടോയ്ലറ്റില്‍ വരച്ചിട്ടിരിക്കുന്ന അശ്ലീലങ്ങള്‍ ധാരാളം കാണാനിടയായി. ഒരുവന്റെ ചിന്താഗതികള്‍ വൈകൃതമാകുമ്പോഴാണ് അവന്റെ പ്രവൃത്തികളും മോശമാകുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഫെയ്ക്ക് ഐഡികളുപയോഗിച്ച് സ്ത്രീകളെയും ചില മതസമൂഹത്തിലെ നേതൃത്വത്തേയും പരിഹസിക്കുന്നവരുടെ മനോഭാവങ്ങളും ഇതില്‍ നിന്നും വ്യത്യസ്തമല്ല. അതുകൊണ്ടാണ് മനസും ചിന്താഗതികളും മാറേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ക്രിസ്തുവും സൂചിപ്പിക്കുന്നത്. ദൈവരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ വീണ്ടും ജനിക്കണമെന്നാണ് ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നത്. മാത്രമല്ല, മാംസത്തില്‍ നിന്നു ജനിക്കുന്നതു മാംസവും; ആത്മാവില്‍ നിന്നു ജനിക്കുന്നത് ആത്മാവുമാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു (Ref: യോഹ. 3:6).

ചിന്തയിലും മനസിലും തിന്മയുടെ മാറാലകള്‍ കൂടു കൂട്ടിയിട്ടുണ്ടെങ്കില്‍ ഒന്നടിച്ചു തെളിക്കാന്‍ സമയമായെന്ന് സാരം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.