എന്നാണെങ്കിലും ഒരിക്കല്‍ മരിക്കും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരിക്കല്‍ തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ രോഗീസന്ദര്‍ശനത്തിനു ചെന്ന ക്രിസോസ്റ്റം തിരുമേനി അവിടുത്തെ ലിഫ്റ്റില്‍ വച്ച് ഒരാളെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കാന്‍സറായിരുന്നു. അയാളെ ആശ്വസിപ്പിച്ചുകൊണ്ട് തിരുമേനി പറഞ്ഞു: “ഞാനും ഒരു കാന്‍സര്‍ രോഗിയായിരുന്നു. എനിക്ക് രോഗം ഭേദമായി. കാന്‍സര്‍ രോഗം സുഖപ്പെടുമെന്ന് താങ്കളുടെ ഭാര്യയോടു പറയണം.”

ലിഫ്റ്റില്‍ വച്ച് തിരുമേനിയെ കണ്ടതും തിരുമേനി പറഞ്ഞ കാര്യങ്ങളും അയാള്‍ ഭാര്യയെ അറിയിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: “തിരുമേനിയോട് എന്റെയടുത്ത് വരാന്‍ പറയുമോ?”

ആ രോഗിയുടെ കിടക്കയ്ക്കരികില്‍ തിരുമേനിയെത്തി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു പറഞ്ഞു: “സഹോദരീ, കാന്‍സര്‍ വന്ന നിങ്ങളും കാന്‍സര്‍ വന്ന് സുഖപ്പെട്ട ഞാനും രോഗിയല്ലാത്ത നിങ്ങളുടെ ഭര്‍ത്താവുമൊക്കെ എന്നാണെങ്കിലും ഒരിക്കല്‍ മരിക്കും. ആ സമയം എപ്പോഴാണെന്നറിയില്ല. മരണത്തിന് തയ്യാറെടുത്തിരിക്കുന്ന ഒരാള്‍ക്ക് യാതൊന്നിനെയും പേടിക്കേണ്ട ആവശ്യമില്ല. രോഗം നമ്മുടെ നിയന്ത്രണമേറ്റെടുക്കാന്‍ ഒരിക്കലും അനുവദിക്കരുത്.”

തിരുമേനിയുടെ വാക്കുകള്‍ ആ സ്ത്രീക്ക് ആശ്വാസവും പ്രത്യാശയും നല്‍കി. ദൈവത്തിന്റെ അനന്തമായ കരുതലിനെക്കുറിച്ച് തന്റെ ആത്മകഥയുടെ അവസാനപേജില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്: “എനിക്കേറ്റവും നല്ലതെന്താണെന്ന് ദൈവത്തിനറിയാം. ഞാനും ദൈവവും തമ്മില്‍ എന്നും സംസാരിക്കാറുണ്ട്. ദൈവം ഫലിതപ്രിയനാണ്. പ്രാര്‍ത്ഥനയില്‍ പോലും ദൈവം ഫലിതം പങ്കുവയ്ക്കാറുണ്ട്. അവിടുന്ന് എന്നോട് ചോദിക്കുന്നു: ‘ക്രിസോസ്റ്റം, ഞാന്‍ നിനക്ക് ഒരായുസ്സു കൂടി തന്നാല്‍ നിന്റെ ജീവിതത്തില്‍ പുതുതായി എന്തെല്ലാം ക്രമീകരണങ്ങള്‍ ചെയ്യും?’

എന്റെ മറുപടി: ‘പിതാവേ, അവിടുന്ന് എന്റെ ജീവിതത്തില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ നന്നായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങയുടെ വലിയ സ്‌നേഹവും കരുതലും എന്നെ അങ്ങയോടുള്ള കടപ്പാടിന്റെയും അതിരില്ലാത്ത അനുഗ്രഹത്തിന്റെയും അവകാശിയാക്കി മാറ്റുന്നു.’

അതെ, ദൈവത്തിന്റെ സ്‌നേഹവും കരുതലും അനുഭവിച്ച ഒരാള്‍ക്ക് എത്ര വലിയ പ്രതിസന്ധികള്‍ക്കു നടുവിലും ദൈവികപദ്ധതിക്കു മുമ്പില്‍ ശിരസു നമിക്കാനേ കഴിയൂ. അങ്ങനെയുള്ളവര്‍ മരിച്ചാലും ജീവിക്കും. ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവന് ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍ നിന്നു ജീവനിലേയ്‌ക്കു കടന്നിരിക്കുന്നു’ (യോഹ. 5:24).

നൂറ്റാണ്ടിന്റെ ശബ്ദമായിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം…

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.