കച്ചവടക്കാരന്‍ കബളിപ്പിക്കുമോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ടൗണില്‍ പുതിയ മീന്‍ കട തുടങ്ങിയപ്പോള്‍ പ്രൊക്യുറേറ്റര്‍ അച്ചന് സന്തോഷമായി. അധിക ദൂരം പോകാതെ നല്ല മത്സ്യം ലഭിക്കുമല്ലോ? കടക്കാരുമായി അദ്ദേഹം പരിചയപ്പെട്ടു. അച്ചന്‍ പതിവായി കടയില്‍ നിന്നും മീന്‍ വാങ്ങും എന്നറിഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി.

എന്നാല്‍ ആദ്യ ദിവസം തന്നെ അച്ചന്‍ കബളിപ്പിക്കപ്പെട്ടു. ഫ്രഷ് മീന്‍ ആണെന്നും പറഞ്ഞ് കൊണ്ടുവന്ന മത്സ്യം കേടു വന്നതായിരുന്നു. അച്ചന് അരിശവും സങ്കടവും വന്നു. കുറച്ച് മീന്‍കറിയുമായി അച്ചന്‍ കടയിലെത്തി. കടക്കാരോട് അത് രുചിച്ചുനോക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് ബോധ്യപ്പെട്ട അവര്‍ അച്ചനോട് ക്ഷമാപണം നടത്തിയെങ്കിലും പിന്നീട് ആ കടയില്‍ നിന്ന് മത്സ്യം വാങ്ങിക്കുന്നത് അച്ചന്‍ ഒഴിവാക്കി.

‘മുഖത്തു നോക്കി കള്ളത്തരം പറയുന്നവന്റെ കടയില്‍ നിന്ന് നമുക്ക് സാധനങ്ങള്‍ വേണ്ട. കള്ളത്തരം കൊണ്ട് എല്ലാ കാലവും മറ്റുള്ളവരെ കബളിപ്പിക്കാനാകില്ലെന്ന് അവര്‍ തിരിച്ചറിയട്ടെ’ – ഇതായിരുന്നു അച്ചന്റെ നിലപാട്.

നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടുള്ള കാലമാണിത്. ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും എന്നുവേണ്ട എന്തിലും ഏതിലും മായവും കള്ളത്തരവും ഏറിവരുന്നു. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകളാണ് വിപണിയില്‍. ഇവിടെയാണ് നിറയെ ഇലകളുമായി, മറ്റുള്ളവരെ കബളിപ്പിച്ച് വഴിയോരത്ത് നിലകൊണ്ട അത്തിവൃക്ഷത്തിന്റെ കഥയ്ക്ക് പ്രാധാന്യമേറുന്നത്. “ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ” (മത്തായി 21:19) എന്നു പറഞ്ഞാണ് ക്രിസ്തു അതിനെ ശപിക്കുന്നത്.

എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും കാപട്യത്തിന്റെ മുഖം മൂടി ഒരുനാള്‍ വലിച്ചെറിയപ്പെടുമെന്ന അവബോധം ഇനിയെങ്കിലും നമ്മെ വഴി  നടത്തട്ടെ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.