വീഴ്ച്ചയിൽ നിന്നും വീണ്ടും

ജിന്‍സി സന്തോഷ്‌

പ്രാർത്ഥനയിൽ മടുപ്പും വിരസതയും ഉണ്ടാവുക ആത്മീയജീവിതത്തിൽ തികച്ചും സ്വാഭാവികം. കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നതു പോലെയാകണം പ്രാർത്ഥനാജീവിതം  എന്ന് ആത്മീയപിതാക്കന്മാർ പഠിപ്പിക്കുന്നു. ചുവടുകൾ പിഴച്ച് എത്ര തവണ വീണാലും വീണ്ടും എഴുന്നേറ്റ് നടക്കണം.

നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവം നല്കുന്ന ദാനമാണ് പ്രാർത്ഥനാവരം. പ്രാർത്ഥനയിൽ വിശ്വാസം നിറയുന്നതാണ് ആത്മീയജീവിതത്തിൻ്റെ അടിത്തറ. പ്രാർത്ഥനയ്ക്കു വേണ്ടിയുള്ള സഹനങ്ങളെ അതിജീവിച്ചാൽ ജീവിതസഹനം എളുപ്പമാകും.

ശീതികരിച്ച നിത്യാരാധന ചാപ്പലിൽ മണിക്കൂറുകൾ സ്വച്ഛമായി ഇരുന്ന് ആരാധിക്കുന്നതിനേക്കാൾ അനുഗ്രഹം, അന്തരീക്ഷത്തിലെ ചൂടിലും ജീവിതവ്യഥകളുടെ നടുവിലും “ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു” എന്നുപറഞ്ഞ് ഹൃദയം കൊണ്ട് ആരാധിക്കുമ്പോൾ ലഭിക്കും.

പ്രാർത്ഥനകളിൽ ഭൗതികനിയോഗങ്ങൾ നിരത്താതെ, ഭൗതികമായി ഒന്നും പ്രത്യാശിക്കാതെ, സൃഷ്ടാവിനെ സ്നേഹിച്ച് ആരാധിക്കുക. രഹസ്യങ്ങൾ അറിയുന്ന അവിടുന്ന് തക്കസമയത്ത് പ്രതിഫലം തരും. “പ്രാർത്ഥനയിൽ മടുപ്പ് തോന്നരുത്” (പ്രഭാ. 7:10). പ്രാർത്ഥനയിൽ സമർപ്പിച്ച നിയോഗങ്ങൾ ലഭിക്കുമ്പോഴും സമൃദ്ധിയുടെ നടുവിലും ദൈവത്തിൽ ആശ്രയിക്കാൻ കഴിയുന്നത് വിശ്വാസത്തിന്റെ താഴ്ന്ന പടിയാണ്. പ്രാർത്ഥനയ്ക്ക് ഒരു ഉത്തരവും കിട്ടാത്തപ്പോഴും ദുരിതവേളകളിൽ ദൈവം മുഖം തിരിച്ചു നിൽക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമ്പോഴും മടുക്കാതെ പ്രാർത്ഥിക്കാനും ദൈവാശ്രയത്വത്തിൽ വളരാനും കഴിയുന്നതാണ്  യഥാർത്ഥ വിശ്വാസം.

ദാതാവിനെ മറന്ന് ദാനങ്ങൾക്കു പിറകേ പോകാതിരിക്കുവാൻ ശ്രദ്ധിക്കുക. “എന്റെ ജീവിതമാകുന്ന വഞ്ചിയിൽ ഈശോ പലപ്പോഴും ഉറങ്ങുകയായിരുന്നു. ഈശോയെ ഉണർത്താൻ ഞാൻ ശ്രമിച്ചു. അപ്പോഴൊന്നും ഈശോ ഉണർന്നില്ല. എങ്കിലും ഞാൻ മടുത്തില്ല. കാരണം ഈശോ വഞ്ചിയിലുണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു” (വി. കൊച്ചുത്രേസ്യ).

ജിൻസി സന്തോഷ് 

കടപ്പാട്: ഫാ. ജോസ് പൃത്തൃക്കയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.