സമയസൂചികള്‍ മാറ്റി വരയ്ക്കപ്പെട്ട കാലം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എന്റെ സുഹൃത്ത് പങ്കുവച്ച കാര്യം.

“അച്ചാ, ഞാനും എന്റെ ഭാര്യയും തമ്മില്‍ വഴക്കിടുന്നത് പ്രാര്‍ത്ഥനയെ ചൊല്ലിയാണ്. ഏഴരയ്ക്ക് പ്രാര്‍ത്ഥന ചൊല്ലണമെന്ന് എത്ര തവണ പറഞ്ഞാലും അവള്‍ അടുക്കളയിലെ പണികള്‍ തീര്‍ത്തിട്ടുണ്ടാകില്ല. ചില ദിവസങ്ങളിലെ കാര്യമാണെങ്കില്‍ മനസിലാക്കാം. സ്ഥിരം ഇങ്ങനെയായാല്‍ എന്തു ചെയ്യും. ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍ ആറു മണിയാകും. അത്യാവശ്യം ചില പണികള്‍ക്ക് ഞാന്‍ അവളെ സഹായിക്കാറുമുണ്ട്. ബാക്കിയുള്ള പണികള്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ചെയ്യാമെന്നു വച്ചാല്‍ അവള്‍ക്കത് ഇഷ്ടമല്ല. മിക്കവാറും ഒമ്പതു മണിയാകും പ്രാര്‍ത്ഥിക്കാന്‍ മുട്ടുകുത്തുമ്പോള്‍. അപ്പോഴേയ്ക്കും ഓരോരുത്തര്‍ ഉറക്കം തൂങ്ങി തുടങ്ങിയിട്ടുണ്ടാകും.”

അതേക്കുറിച്ച് അയാളുടെ ഭാര്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “ചേട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. പ്രാര്‍ത്ഥന വൈകാന്‍ പ്രധാന കാരണം എന്റെ അലസതയാണ്. പണികളെല്ലാം കഴിഞ്ഞ് കുളിച്ചതിനു ശേഷം പ്രാര്‍ത്ഥിക്കാനാണ് എനിക്കിഷ്ടം. അപ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും. എന്തായാലും എന്റെ അലസത മാറ്റാന്‍ പരമാവധി പരിശ്രമിക്കാം.”

ഞാന്‍ ഈ സൂചിപ്പിച്ചത് ഒരു കുടുംബത്തിലെ മാത്രം കാര്യമല്ല. പല കുടുംബങ്ങളിലും ഇന്ന് കുടുംബപ്രാര്‍ത്ഥനയുണ്ടോ എന്ന് സംശയമാണ്. പണ്ടൊക്കെ സന്ധ്യയാകുമ്പോള്‍ മിക്കവാറും എല്ലാ ക്രിസ്ത്യന്‍ വീടുകളില്‍ നിന്നും പ്രാര്‍ത്ഥനയുടെ സ്വരം ഉയരുമായിരുന്നു. ഇന്ന് സ്ഥിതി മാറി. കറക്ട് ആ സമയത്താണ് ഓണ്‍ലൈന്‍ ക്ലാസുകളും ടി.വി.യിലെ അന്തിച്ചര്‍ച്ചകളും കൊഴുക്കുന്നത്. മാതാപിതാക്കള്‍ വീട്ടില്‍ വന്നാലേ മൊബൈല്‍ ഫോണുകള്‍ ലഭിക്കൂ എന്ന കാരണം പറഞ്ഞ് സന്ധ്യയ്ക്കു ശേഷമുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ അദ്ധ്യയനവര്‍ഷത്തില്‍ വര്‍ദ്ധിച്ചുവെന്നതും അപകടകരമായ മുന്നറിയിപ്പാണ്. ‘ക്ലാസ്സ് കാരണം പ്രാര്‍ത്ഥന നഷ്ടമാകുന്നു’ എന്ന പരാതികള്‍ പരിഗണിക്കപ്പെടുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

എന്റെ മറ്റൊരു സ്‌നേഹിതന്‍ പറഞ്ഞതും ഇത്തരമൊരു അനുഭവമാണ്. അദേഹത്തിന് മൂന്നു മക്കള്‍. മക്കളുടെ ക്ലാസുകളും ട്യൂഷനും പി.ടി.എ. മീറ്റിംഗുമെല്ലാം ഗൂഗിളിലൂടെ നടക്കുന്നത് സന്ധ്യാസമയത്താണ്. അതായത് പ്രാര്‍ത്ഥനയുടെ സമയം മുഴുവന്‍ കുട്ടികള്‍ മൊബൈലിനു മുന്നില്‍. പിന്നെങ്ങനെ പ്രാര്‍ത്ഥന നടക്കും? കൊറോണ എന്ന് മാറുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തതിനാല്‍ ആത്മീയകാര്യങ്ങള്‍ ഇപ്പോഴും വ്യക്തതയില്ലാതെ പോകുകയാണ്.

നമ്മുടെ ഭക്ഷണശൈലിയും സമയവുമൊക്കെ മാറിയില്ലേ? രാത്രി പത്തിന്നും പതിനൊന്നിനുമൊക്കെ അത്താഴം കഴിക്കുന്ന എത്രയോ കുടുംബങ്ങളാണ് നമുക്കു ചുറ്റും. ഇങ്ങനെ അത്താഴം കഴിഞ്ഞപാടെ ഉറങ്ങാന്‍ പോകുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പലരും തിരിച്ചറിയുന്നുമില്ല. അനേകം മക്കള്‍ ഉണരുന്നത് ഏഴു മണിക്കും എട്ടു മണിക്കും ശേഷമാണ്. ‘വേറെ ഒന്നും ചെയ്യാനില്ലല്ലോ’ എന്നാണ് പലരും പറയുന്ന കാരണങ്ങള്‍. വൈകി ഭക്ഷിച്ച്, വൈകി ഉറങ്ങി, വൈകി ഉണര്‍ന്ന്… നമ്മുടെ ജീവിതത്തിന്റെ താളം തെറ്റുന്നില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്. പ്രഭാതത്തിലെ പ്രാര്‍ത്ഥനയും ശുദ്ധവായുവും വ്യായാമവുമെല്ലാം ശരീരത്തിനും മനസിനും നല്ലതാണെന്ന് വിശ്വസിച്ച തലമുറ അന്യം വന്നു പോകുന്നുവോ?

ഇവിടെയാണ് മര്‍ത്തായുടെയും മറിയത്തിന്റെയും ജീവിതം വിചിന്തനമാക്കേണ്ടത്. എടുത്താല്‍ തീരാത്ത പണിയുമായി നടക്കുന്ന മര്‍ത്ത, തന്റെ തിരക്കുകള്‍ക്കിടയില്‍ മറിയത്തെപ്പോലെ ശാന്തമാകാനും ജീവിതം കുറച്ചുകൂടെ ക്രമബദ്ധമാക്കാനും മറന്നു പോയി. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു”(ലൂക്കാ 10: 41-42).

ജീവിതം കുറച്ചുകൂടെ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ആയുസിന്റെ നല്ല ഭാഗങ്ങള്‍ പലതും നഷ്ടമാകുമെന്ന് തിരിച്ചറിയാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

Leave a Reply to Anonymous Cancel reply