അമ്മവീട്ടിലേക്ക്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വി. മദർ തെരേസയുടെ ജീവിതത്തിലെ ഒരു സംഭവം. ഒരിക്കൽ കുറച്ചുപേർ ചേർന്ന് ഒരു തെരുവുബാലനെ മദറിനെ ഏൽപിച്ചു. മദർ അവന്റെ മുടി വെട്ടി, കുളിപ്പിച്ച്, ഭക്ഷണം നൽകി മറ്റു കുട്ടികളുടെ കൂടെ വിശ്രമിക്കാനയച്ചു. എന്നാൽ പിറ്റേ ദിവസം അവൻ അവരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയി. എന്നാൽ നാട്ടുകാർ അവനെ കണ്ടെത്തി പിന്നെയും മദറിനെ തന്നെ ഏൽപിച്ചു. പക്ഷേ അവൻ അന്നും ഒളിച്ചോടി. പിന്നെയും അവനെ തിരഞ്ഞുപിടിച്ച് അവർ മദറിന്റെ അടുക്കൽ കൊണ്ടുവന്നു.

ഇത്തവണ മദർ അവരോട് പറഞ്ഞു: “ഇനി ഇവൻ ഓടിപ്പോകുമ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കണം. കൂടെക്കൂടെ ഓടിപ്പോകാൻ നമ്മളറിയാത്ത എന്തോ ഒരു കാരണം അവനുണ്ട്.”

അടുത്ത ദിവസം അവനറിയാതെ അവർ അവനെ പിന്തുടർന്നു. തെരുവോരത്ത് അടുപ്പു കൂട്ടി, ചുളളിക്കമ്പുകൾ പെറുക്കി ഭക്ഷണമുണ്ടാക്കുന്ന ഒരു സ്ത്രീയുടെ അരികിലേക്കാണ് അവൻ ഓടിയെത്തുന്നത്.

“നീ എന്തിനാണ് ഇങ്ങോട്ട് ഓടിപ്പോരുന്നത്?” അവനെ അനുധാവനം ചെയ്തവർ ചോദിച്ചു.

“നിനക്ക് ഞങ്ങൾ താമസവും ഭക്ഷണവും തന്നതല്ലേ?”

അവൻ തെല്ലും പതറാതെ പറഞ്ഞു. “നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷേ ഇവിടെയാണ് എന്റെ അമ്മയുള്ളത്. അമ്മ താമസിക്കുന്ന ഈ സ്ഥലമാണ് എന്റെ വീട്. അമ്മയെ തനിച്ചാക്കി വേറെ സ്ഥലത്ത് താമസിക്കാൻ എനിക്ക് കഴിയില്ല.”

അവന്റെ മറുപടിയിൽ അവർ അതിശയിച്ചു. മാനസികനില തെറ്റിയ ആ സ്ത്രീയെയും കൂട്ടിയാണ് പിന്നീടവർ മദർ തെരേസയുടെ വസതിയിലേക്ക് യാത്ര തിരിച്ചത്. ‘അമ്മ വസിക്കുന്നിടമാണ് എന്റെ വീട്’ എന്ന തിരിച്ചറിവാണ് ആ തെരുവുബാലനെ വ്യത്യസ്തനാക്കുന്നത്.

ഇങ്ങനെയുള്ള തിരിച്ചറിവുകൾക്ക്  ഇക്കാലയളവിൽ മങ്ങലേൽക്കുന്നുണ്ടോ? മക്കളെക്കുറിച്ച് ദുഃഖിക്കാത്ത, അവർക്കു വേണ്ടി പ്രാർത്ഥിക്കാത്ത, കാണാതെ പോകുമ്പോൾ അവരെ അന്വേഷിച്ചിറങ്ങാത്ത ഒരു അമ്മയും ഉണ്ടാകില്ല. അങ്ങനെയൊരമ്മയെ സുവിശേഷത്തിലും നമുക്ക് കാണാനാകും – പരിശുദ്ധ കന്യകാമറിയം. കാണാതെ പോയ ആ മകനുവേണ്ടി അമ്മ നടത്തുന്ന തിരച്ചിലുകൾ നമുക്കറിയാവുന്നതല്ലേ? (Ref: ലൂക്കാ 2:41-52).

അമ്മയുള്ള ഇടങ്ങൾ തേടി യാത്ര തിരിക്കാൻ മക്കൾ മടിക്കുന്ന ഇക്കാലയളവിൽ നമ്മെ തേടിയിറങ്ങുന്ന ഒരമ്മയുണ്ടെന്നത് എത്ര ഊഷ്മളമായ ചിന്തയാണ്? ദൈവത്തിൽ നിന്നും കൂടുംബത്തിൽ നിന്നും അകലാതിരിക്കാൻ ആ അമ്മയുടെ വിമലഹൃദയത്തിന് നമുക്ക് നമ്മെ ഭരമേൽപിക്കാം.

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.